3 February 2025

ഇഡി 16 വിദേശ രാജ്യങ്ങളിലെ 16,000 കോടിയുടെ ആസ്‌തികള്‍ കണ്ടുകെട്ടി

ലളിത് മോദി, നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി എന്നിവരുള്‍പ്പെടെ പ്രമുഖ വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന 30-ലധികം കേസുകളിലാണ് നടപടി

വിദേശ രാജ്യങ്ങളിലെ അനധികൃത സ്വത്തുക്കൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 16 രാജ്യങ്ങളിലെ 16,000 കോടി രൂപയുടെ ആസ്‌തികള്‍ ഇഡി കണ്ടുകെട്ടി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൻ്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ലളിത് മോദി, നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി എന്നിവരുള്‍പ്പെടെ പ്രമുഖ വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന 30-ലധികം കേസുകളിലാണ് നടപടി. ഈ അനധികൃത സ്വത്തുവകകള്‍ കണ്ടുകെട്ടുകയോ മരവിപ്പിക്കുകയോ ചെയ്‌തിരിക്കുകയാണ് ഇഡി.

യുഎസ്, യുകെ, യുഎഇ, ജപ്പാന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ശ്രീലങ്ക, ചൈന, ഹോങ്കോംഗ്, മൗറീഷ്യസ്, ബെര്‍മുഡ, ആര്‍ക്കിപെലാഗിക് കോമോറോസ്, യുകെയുടെ അധികാര പരിധിയില്‍ വരുന്ന ദ്വീപായ ഐല്‍ ഓഫ് മാന്‍ എന്നീ രാജ്യങ്ങളിലെ സ്വത്തുക്കളാണ് അധികൃതര്‍ കണ്ടുകെട്ടിയത്.

‘‘കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനം (Proceeds of Crime) ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കള്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് കൂടി വ്യാപിപ്പിച്ചിട്ടുള്ള കേസുകളില്‍ അവ കണ്ടുകെട്ടാനോ മരവിപ്പിക്കാനോ ഉള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ഇഡിക്ക് അധികാരമുണ്ട്. ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ ഒമ്പതാം അധ്യായത്തില്‍ ഈ രാജ്യങ്ങളില്‍ നിന്ന് സഹായം തേടുന്നതിനുള്ള അനുമതിയും നല്‍കുന്നുണ്ട്,’’ ഒരു മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്‌തു. പ്രസ്‌തുത വിദേശ രാജ്യത്തെ കോടതിയിലേക്ക് ഇന്ത്യയിലെ കോടതികള്‍ വഴി ഒരു ലെറ്റര്‍ റോഗേറ്ററി(അഭ്യര്‍ത്ഥ കത്ത്) അയക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റെര്‍ലിംഗ് ബയോടെക് ലിമിറ്റഡ് ബാങ്ക് വായ്‌പ തട്ടിപ്പുമായി ബന്ധപ്പെട്ട യുഎസ്, യുകെ, കോമോറോസ് എന്നിവടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന 9778 കോടി രൂപയുടെ(ജംഗമ ആസ്‌തികള്‍ 2,538 കോടി രൂപ) മൂല്യമുള്ള സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയ സ്വത്തുക്കളുടെ പട്ടികയില്‍ ഒന്നാമതുള്ളത്. യുഎസ്, യുകെ, യുഎഇ, നൈജീരിയ, മൗറീഷ്യസ്, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, പനാമ, ബാര്‍ബഡോസ് തുടങ്ങിയ രാജ്യങ്ങളിൽ ഏകദേശം 250 ഷെല്‍ കമ്പനികളും 100ലധികം ഓഫ്‌ഷോര്‍ ഷെല്‍ കമ്പനികളും ഉപയോഗിച്ച് ഫണ്ട് വഴിതിരിച്ച് വിടാനും കള്ളപ്പണം വെളുപ്പിക്കാനും പ്രതികള്‍ ഉപയോഗിച്ചിട്ടുണ്ട്.

ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പേറേഷന്‍ ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍) കേസില്‍ ഓസ്‌ട്രേലിയ, യുഎസ്, യുഎഇ എന്നിവടങ്ങളില്‍ നിന്നായി ഏകദേശം 1246 കോടി രൂപയുടെ സ്വത്തുകളാണ് ഇഡി കണ്ടുകെട്ടിയത്. 34615 കോടി രൂപയുടെ തട്ടിപ്പ് ഉള്‍പ്പെടുന്നതാണ് ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് കേസ്. സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസാണിത്. ഡിഎച്ച്എഫ്എല്ലിൻ്റെ മുന്‍ സിഎംഡി കപില്‍ വാധവാന്‍, ഡയറക്ടര്‍ ധീരജ് വാധവാനും ഈ കേസില്‍ പ്രതികളാണ്.

13,578 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ യുഎസ്, യുകെ, യുഎഇ, ഹോങ്കോംഗ്, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവടങ്ങളില്‍ നിന്നാണ് 915 കോടിയിലധികം രൂപയുടെ (ജംഗമ ആസ്‌തികള്‍: 530.50 കോടി രൂപ) ആസ്‌തികളും ഇഡി കണ്ടുകെട്ടി. വ്യവസായി ആയിരുന്ന നീരവ് മോദിയാണ് ഈ കേസിലെ പ്രതി. വ്യാജ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് ഉപയോഗിച്ച് നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ബാങ്കുകളെ വഞ്ചിച്ചുവെന്നാണ് കേസ്. മെഹുല്‍ ചോക്‌സിയുടെ യുഎസ്, യുഎഇ, ജപ്പാന്‍ എ്ന്നിവടങ്ങളിലുള്ള ആസ്‌തികളും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (യുപിസിസിഎല്‍) പ്രൊവിഡന്റ് ഫണ്ട് അഴിമതി കേസുമായി ബന്ധപ്പെട്ട് യുകെയില്‍ നിന്നുള്ള 578 കോടി രൂപയുടെ ജംഗമ ആസ്‌തികളും ഇഡി കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ ജെറ്റ് എയര്‍വേസ് (ഇന്ത്യ) ലിമിറ്റഡിൻ്റെ ബാങ്ക് വായ്‌പാ കേസില്‍ അതിൻ്റെ സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലുള്‍പ്പെട്ട കേസില്‍ 503 കോടി രൂപ വിലമതിക്കുന്ന ലണ്ടനിലെയും ദുബായിലെയും ആസ്‌തികളും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നു.

പിഎസിഎല്‍ ലിമിറ്റഡ് കേസില്‍ നിയമ വിരുദ്ധമായ നിക്ഷേപ പദ്ധതികള്‍ വഴിയായി പ്രതി 18 വര്‍ഷത്തിനിടെ 49,000 കോടി രൂപ സമാഹരിച്ചതായി കണ്ടെത്തി. ഏകദേശം 5.8 കോടി നിക്ഷേപകരില്‍ നിന്നാണ് ഇത്രയധികം തുക സമാഹരിച്ചത്. ഈ തുക ഷെല്‍ കമ്പനികളിലേക്ക് മാറ്റുകയും പിന്‍വലിക്കുകയും ദുബായ് ആസ്ഥാനമായുള്ള കമ്പനികളിലേക്ക് ഹവാല ഇടപാട് വഴി തിരിച്ച് വിടുകയും ചെയ്‌തു. ഈ കേസില്‍ 462 കോടി രൂപയുടെ സ്വത്തുക്കള്‍ (436 കോടി) ഇഡി കണ്ടുകെട്ടി.

ഡോക്കിപേ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡും ലിങ്ക്യുന്‍ ടെക്‌നോളജി ലിമിറ്റഡും ചേര്‍ന്ന് നടത്തിയ ‘ഓണ്‍ലൈന്‍ ഗെയിമിംഗ് തട്ടിപ്പ്’ കേസില്‍ സിംഗപ്പൂരിലും ഹോങ്കോങ്ങിലും ഏകദേശം 445.24 കോടി വിലമതിക്കുന്ന ജംഗമ ആസ്‌തികള്‍ ഇ‍ഡി മരവിപ്പിച്ചു. ചൈനീസ് ഉടമസ്ഥതയിലുള്ള ഈ കമ്പനികള്‍ അന്താരാഷ്ട്ര ഹവാല ഇടപാടിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടതായും ആരോപിക്കപ്പെടുന്നു.

3871.71 കോടി വിലമതിക്കുന്ന ആര്‍ഇഐ അഗ്രോ ബാങ്ക് തട്ടിപ്പ് കേസില്‍ യുഎഇയിലും ഐല്‍ ഓഫ് മാനിലും ഏകദേശം 231 കോടി വിലമതിക്കുന്ന ജംഗമ ആസ്‌തികള്‍ കണ്ടുകെട്ടി. ശ്രീലങ്കയിലെ കൊളംബോയില്‍ നിന്ന് 224.08 കോടിയുടെ ആസ്‌തികളും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നു. മോസര്‍ ബെയര്‍ ഇന്ത്യ ലിമിറ്റഡുമായി ബന്ധപ്പെട്ട രണ്ട് ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലും യുഎഇയിലുമായി 364 കോടിയിലധികം (322 കോടി രൂപയുടെ ജംഗമ വസ്‌തുക്കളും) രൂപയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.

അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട് കേസുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സര്‍ലന്‍ഡിലും ഫ്രാന്‍സിലുമായി യഥാക്രമം 22.17 കോടി രൂപയും 7.23 കോടി രൂപയും വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്.

Share

More Stories

ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ സിപിഎമ്മിൻ്റെ സ്വാധീനം കുറയ്ക്കാൻ മുസ്ലീം മതമൗലിക വാദികൾ ശ്രമിക്കുന്നു: കരട് രാഷ്ട്രീയ പ്രമേയം

0
ന്യൂഡൽഹി: രാഷ്ട്രീയ ആധിപത്യത്തിനായി കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന കേരളത്തിൽ സിപിഎമ്മിന് നാണക്കേടായി രാജ്യത്തുടനീളമുള്ള മുസ്ലീങ്ങൾക്കിടയിൽ കോൺഗ്രസിന് പിന്തുണ നേടാൻ കഴിഞ്ഞുവെന്ന് സിപിഎമ്മിൻ്റെ കരട് രാഷ്ട്രീയ പ്രമേയം. മുസ്‌ലിം മതമൗലികവാദ സംഘടനകളായ ജമാഅത്തെ...

സിറിയയിലെ മാൻബിജ് നഗരത്തിൽ വൻ ബോംബ് സ്ഫോടനം; 15 പേർ മരിച്ചു, പരിക്കേറ്റ് നിരവധിപേർ

0
രാജ്യത്തിൻ്റെ സുരക്ഷാ സാഹചര്യത്തിനും തീവ്രവാദവുമായി പൊരുതുന്ന സർക്കാരിനും മറ്റൊരു ഗുരുതരമായ മുന്നറിയിപ്പായി സിറിയയുടെ വടക്കൻ പ്രദേശങ്ങളിൽ ഭീകരമായ ബോംബ് സ്ഫോടനം. മാൻബിജ് നഗരത്തിൻ്റെ പ്രാന്തപ്രദേശത്താണ് സ്‌ഫോടനം ഉണ്ടായത്. കർഷകത്തൊഴിലാളികൾ സഞ്ചരിച്ച ഒരു കാറിൽ...

‘നീല കണ്ണുകളുള്ള ഈ നായിക’; 40 വർഷം മുമ്പ് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം

0
മഹാ കുംഭത്തിലെ നീല കണ്ണുകള്ള മൊണാ ബോസ്ലെ എന്ന മൊണാലിസയെ കുറിച്ച് എല്ലായിടത്തും സംസാരമായി. എന്നാൽ ബോളിവുഡ് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്വന്തം നീല കണ്ണുകളുള്ള മൊണാലിസയെ കണ്ടെത്തി. 80കളിലെ പ്രശസ്‌ത നടി മന്ദാകിനി....

ഗ്രാമി അവാർഡിനായി സംഗീതത്തിലെ വലിയ താരങ്ങൾ ഒത്തുകൂടി; ചരിത്ര നേട്ടവുമായി ബിയോൺസെ

0
ലോസ് ഏഞ്ചൽസിൽ 2025-ലെ ഗ്രാമി അവാർഡുകൾക്ക് വേണ്ടിയുള്ള സംഗീത ലോകത്തിലെ ഏറ്റവും വലിയ രാത്രി. ചുവന്ന പരവതാനിയിൽ അവിസ്‌മരണീയമായ കാഴ്‌ചകളുടെ വലിയ നോമിനികളിൽ ബിയോൺസ്, സബ്രീന കാർപെൻ്റർ, കെൻഡ്രിക് ലാമർ എന്നിവരും ഉൾപ്പെടുന്നു....

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പ്രതികാര തീരുവ; കാനഡയും മെക്‌സിക്കോയും ഉത്തരവിട്ടു

0
മെക്‌സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് കനത്ത തീരുവ ചുമത്താനുള്ള ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഇതിന് മറുപടിയായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും മെക്‌സിക്കൻ...

ഇന്ത്യൻ രൂപക്ക് മൂല്യം ഇടിയുന്നു; ഡോളറിന് 87.02 ആയി

0
ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 87.02 ആയി ഡോളറിനെതിരെ റെക്കോര്‍ഡ് ഇടിവ് സംഭവിച്ചു. പ്രധാന വ്യാപാര പങ്കാളികള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിലുണ്ടായ വ്യാപാര സമ്മര്‍ദത്തിൻ്റെ...

Featured

More News