അമൃത എക്സ്പ്രസ്സിനു പിന്നാലെ എറണാകുളം – പാലക്കാട് മെമു ട്രെയിനും ഇനി തമിഴ്‌നാട്ടിലേക്ക് സർവ്വീസ് നടത്തുന്നു. നിലവിൽ പൊള്ളാച്ചി വരെ നീട്ടാനാണ് തീരുമാനമെങ്കിലും, ഈ സർവ്വീസ് ഭാവിയിൽ പഴനി വരെ ദീർഘിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനായുള്ള നിർദ്ദേശം റെയിൽവേ അധികൃതർ സമർപ്പിച്ചിട്ടുണ്ടെന്നും താമസിയാതെ തന്നെ ഈ റൂട്ടിൽ ട്രെയിൻ ഓട്ടം തുടങ്ങുമെന്നുമാണ് സൂചന. പാലക്കാട് – പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു വരുന്നത് യാത്രക്കാർക്ക് ആശ്വാസകരമാണ്.
56831/56832 എന്നീ നമ്പറുകളിലായാണ് ഈ മെമു സർവ്വീസ് നടത്തുക. രാവിലെ പാലക്കാട്ടുനിന്ന് എറണാകുളത്തെത്തി തിരികെ പാലക്കാട്ടെത്തിയ ശേഷമായിരിക്കും വണ്ടി പൊള്ളാച്ചിയിലേക്ക് പുറപ്പെടുക. വൈകുന്നേരം 5.45-ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.10-ന് പൊള്ളാച്ചിയിലെത്തും. തിരികെ പിറ്റേദിവസം രാവിലെ 5.15-ന് പുറപ്പെട്ട് 7 മണിയോടെ പാലക്കാട് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ സർവ്വീസ് ലഭ്യമാകുക.
എട്ട് ബോഗികളുള്ള ഈ മെമുവിന് പാലക്കാട് ടൗൺ, പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷീപുരം, ആനമലൈ റോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ പതിവുപോലെ പാലക്കാട് തന്നെയാവും നടക്കുക. എറണാകുളത്തുനിന്ന് എത്തുന്ന യാത്രക്കാർക്കും പാലക്കാട് ഡിവിഷന് കീഴിലുള്ള മറ്റ് സ്റ്റേഷനുകളിലെ യാത്രക്കാർക്കും തമിഴ്‌നാട്ടിലേക്കുള്ള യാത്ര ഈ മെമു സർവ്വീസ് വഴി കൂടുതൽ എളുപ്പമാകും.





















