17 May 2024

മെറ്റയ്ക്ക് എതിരെ അന്വേഷണവുമായി യൂറോപ്യൻ യൂണിയൻ

അന്വേഷണം പ്രതികൂലമായാല്‍ മെറ്റയുടെ ആഗോള വിറ്റുവരവിന്റെ ആറ് ശതമാനം വരെ പിഴയൊടുക്കേണ്ട സാഹചര്യം ഉണ്ടാകും. കണ്ടെത്തലുകള്‍ ഗുരുതരമാണെങ്കില്‍ നിരോധനം പോലും നേരിടേണ്ടിവന്നേക്കും.

മെറ്റയ്ക്ക് നോട്ടീസ് നൽകി യൂറോപ്യൻ യൂണിയൻ. തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച് യൂണിയന്റെ നോട്ടീസ്. ജൂണില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. മെറ്റയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് വിഭാഗമായ യൂറോപ്യന്‍ കമ്മീഷന്റെ ഇടപെടല്‍.

യൂറോപ്യന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ പൊതുജനാഭിപ്രായം രൂപീകരിക്കാനും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും റഷ്യന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് നോട്ടീസ്. തിരഞ്ഞെടുപ്പ് പരസ്യങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ മെറ്റ നിരീക്ഷണം അപര്യാപ്തമാണെന്ന സംശയം ഉയര്‍ത്തിക്കാട്ടിയാണ് കമ്മീഷന്‍ ഇടപെടല്‍.

ജൂണ്‍ 6 മുതല്‍ 9 വരെ നടക്കാനിരിക്കുന്ന യൂറോപ്യന്‍ തിരഞ്ഞെടുപ്പുകള്‍ നിരീക്ഷിക്കാന്‍ മെറ്റയ്ക്ക് ഒരു ‘ഫലപ്രദമായ’ സംവിധാനമില്ല. ഓണ്‍ലൈനിലെ വിവരങ്ങള്‍ നിരീക്ഷിക്കുന്ന ഡിജിറ്റല്‍ ടൂളായ ക്രൗഡ് ടാങ്കിള്‍ പിന്‍വലിച്ചതുള്‍പ്പെടെ ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

ക്രൗഡ് ടാങ്കിള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഉയരുന്ന പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ സ്വീകരിച്ച നടപടികള്‍ അഞ്ച് ദിവസത്തിനകം വിശദീകരിക്കണമെന്നും യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ‘പ്ലാറ്റ്‌ഫോമിലെ അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള ഒരു സുസ്ഥിരമായ സാങ്കേതിക വിദ്യ’ ഉണ്ടെന്നും മെറ്റ അവകാശപ്പെട്ടു.

യൂറോപ്യന്‍ യൂണിയന്റെ പുതിയ ഡിജിറ്റല്‍ സേവന നിയമപ്രകാരമാണ് മെറ്റയ്ക്കെതിരായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈനിലെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ തടയുന്നതിനും ഉപയോക്താക്കളെുടെ സ്വകാര്യതയുള്‍പ്പെടെ സംരക്ഷിക്കാനും ടെക് കമ്പനികളെ നിര്‍ബന്ധിക്കുന്നതാണ് ഈ നിയമം. ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനുമായി ഏകദേശം 45 കോടിയിലധികം ഉപയോക്താക്കള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുണ്ടെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ അന്വേഷണം പ്രതികൂലമായാല്‍ മെറ്റയുടെ ആഗോള വിറ്റുവരവിന്റെ ആറ് ശതമാനം വരെ പിഴയൊടുക്കേണ്ട സാഹചര്യം ഉണ്ടാകും. കണ്ടെത്തലുകള്‍ ഗുരുതരമാണെങ്കില്‍ നിരോധനം പോലും നേരിടേണ്ടിവന്നേക്കും. മെറ്റയ്ക്ക് പുറമെ ആമസോണ്‍, സ്നാപ്ചാറ്റ്, ടിക്ടോക്ക്, യൂട്യൂബ് എന്നിവയും യൂറോപ്യന്‍ യൂണിയന്റെ പുതിയ ഡിജിറ്റല്‍ നിയമത്തിന് കീഴില്‍ വരുന്നവയാണ്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News