| എമ്മെസ് ഷൈജു
26ആമത് ഐഎഫ്എഫ് കെയുടെ തീം ഫിലിം മേക്കിംഗാണ്. സിനിമാ നിർമാണത്തിൻ്റെ ആന്തരിക ലോകത്തെ പ്രമേയമാക്കിയുള്ള കുറെ സിനിമകൾ ഇത്തവണയുണ്ട്. ഓരോ സിനിമയും ഓരോ പുതിയ ലോകങ്ങളാണ് പ്രേക്ഷകന് മുന്നിൽ തുറന്നിട്ട് പോകുന്നത്. ആത്മ ബോധങ്ങളുടെ, പുതിയ അനുഭവങ്ങളുടെ, തിരുത്തലുകളുടെ, ആനന്ദത്തിൻ്റെ, കൗതുകങ്ങളുടെ, ആസ്വാദനത്തിൻ്റെ, രാഷ്ട്രീയത്തിൻ്റെ, അതിജീവനത്തിൻ്റെ, തീക്ഷ്ണവും വന്യവുമായ കാമനകളുടെ, അങ്ങനെ ഒരുപാട് കാഴ്ചകളും അനുഭവങ്ങളും.
ചില സിനിമകൾ അവസാനിച്ച് പോയാലും നമ്മുടെ ഉള്ളിൽ അതവസാനിക്കില്ല. അവ വീണ്ടും പെയ്ത് കൊണ്ടേയിരിക്കും. മഴയത്ത് നനഞ്ഞിറങ്ങുന്നത് പോലെയാണ് ചില സിനിമകൾ കണ്ടിറങ്ങുന്നത്. പിന്നെയും അവ നമ്മെ നനച്ച് കൊണ്ടിരിക്കും. ഇറാഖി – ഇറ്റാലിയൻ ഫിലിം മേക്കറായ ഹൈദർ റഷീദിയുടെ ‘യൂറോപ്പ’ അങ്ങനെയൊരു സിനിമയാണ്. നമ്മളനുഭവിക്കാത്ത ഒരു ജീവിതത്തെ നമ്മുടെ ആത്മാവിലേക്ക് ചേർത്ത് കെട്ടി അതിനെ നമ്മുടെ കൂടി അനുഭവമാക്കി നൽകുന്ന അപാരമായ മേക്കിംഗ്. ക്യാമറയും കാഴ്ചയും കൊണ്ട് തീർക്കുന്ന അതി സുന്ദരമായ ഒരു ആവിഷ്കാരം. 66 മിനിറ്റ് സിനിമയിൽ ആകെയുള്ള സംഭാഷണങ്ങൾ എല്ലാം കൂടി ചേർത്താൽ കഷ്ടി ഒരഞ്ച് മിനിറ്റ് കണ്ടേക്കും. അത്ര മാത്രം.
ഒറ്റ വാചകത്തിൽ പറഞാൽ, തുർക്കിയിലൂടെ യൂറോപ്യൻ രാജ്യമായ ബൾഗേറിയയുടെ അതിർത്തി കടന്ന് ജീവിതം സുരക്ഷിതമാക്കാൻ ശ്രമിക്കുന്ന കമാൽ എന്ന ഒരു ഇറാഖി അഭയാർത്ഥിയുടെ അനുഭവമാണ് സിനിമയുടെ പ്രമേയം. കൂട്ടത്തിൽ നിന്ന് തെറ്റി വനത്തിൽ അകപ്പെട്ട് പോകുന്ന പതിനെട്ടോ പത്തൊമ്പതോ വയസ് മാത്രം പ്രായം തോന്നിക്കുന്ന ഒരഭയാർത്ഥിയുടെ പിന്നിൽ നിന്നുള്ള കാഴ്ചകളുമായി ചലിച്ച് തുടങ്ങുന്ന കാമറ അവനെ നമ്മളാക്കി മാറ്റുകയല്ല, പ്രേക്ഷകനെ അവനാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ജീവിതത്തിൻ്റെ പ്രതീക്ഷയും സുരക്ഷിതത്വവും നഷ്ടപ്പെട്ട് പോയ ഇറാഖി ജനതയുടെ പുതിയ തലമുറയുടെ പ്രതീകമാണ് കമാൽ എന്ന യുവാവ്. തുർക്കി വഴി യൂറോപ്പിൽ ഒളിച്ച് കടന്ന് സ്വസ്ഥമായി ജീവിക്കുക എന്ന പദ്ധതിയിൽ ചില ഇടനിലക്കാർ വഴി അതിർത്തിയിലെത്തുന്ന സംഘത്തെ ബൾഗേറിയൻ പട്ടളക്കാർ വെടി വെച്ച് തുരത്താൻ നോക്കുന്നു. പട്ടാളക്കാരുടെ കാഴ്ചയിൽ, കൊന്ന് കളഞ്ഞിട്ടായാലും അതിർത്തിയിൽ കയറ്റാതെ ഓടിച്ച് വിടേണ്ട ശല്യക്കാരും വെറുക്കപ്പെട്ടവരുമാണ് ഇറാഖി അഭയാർത്ഥികൾ.
ഓരോ അഭയാർത്ഥിക്കും നേരെ പായിക്കാനുള്ള വെടിയുണ്ടകൾ തയാറാക്കി നിൽക്കുന്ന ബൾഗേറിയൻ പട്ടാളക്കാരിൽ നിന്നും നൂലിഴ വ്യത്യാസത്തിനാണ് കമാൽ പലപ്പോഴും രക്ഷപ്പെടുന്നത് വെറുമൊരു നിമിഷാർദ്ധത്തിൻ്റെ ദൂരത്തിലും ഒരു വെടിയൊച്ചയുടെ സീൽക്കാരത്തിലും മരണം തൻ്റെ മുന്നിലും പിന്നിലുമായി ചിറകൊതുക്കി പതിയിരിക്കുന്നുവെന്നറിയുന്ന കമാലിൻ്റെ മനസ്സിൻ്റെ പിടപ്പുകളെ മുഴുവൻ ഒരിഴ പോലുമടരാത്ത സൂക്ഷ്മതയോടെ കാമറ ഒപ്പിയെടുത്ത് നമുക്ക് മുന്നിൽ തരുന്നു. എല്ലാം നേടി ലോകത്തിൻ്റെ നെറുകയിലെത്തിയ മനുഷ്യൻ ഒരിക്കൽ കൂടി ഒരു കാട് ജീവിതത്തിലേക്ക് മടങ്ങിപ്പോയാൽ അതെങ്ങനെയായിരിക്കും എന്ന് കൂടി കമാലിലൂടെ നമുക്ക് കാണാൻ സാധിക്കും.
മനുഷ്യൻ്റെ ആദിമ ആവാസം കാടായിരുന്നുവെങ്കിൽ എല്ലാം നഷ്ടപ്പെടുന്ന മനുഷ്യൻ്റെ ഒടുവിലത്തെ അഭയവും കാട് തന്നെയാണ്. അതിജീവനത്തിനായി കാട് മനുഷ്യനെ പ്രാപ്തമാക്കുകയാണ്. ഒപ്പം സഞ്ചരിച്ചിരുന്നവർ മരിച്ച് വീഴുന്ന കാഴ്ചകളും കണ്ട് ബോധത്തിനും അബോധത്തിനുമിടയിലെ വിഹ്വലമായ ഒരു ഓട്ടമാണ് കമാൽ ഓടുന്നത്. അവൻ്റെ ഏറ്റവും വലിയ ബാധ്യത ഇറാഖി എന്ന ഐഡൻറ്റിയാണ് എന്നറിയാമായിരുന്നിട്ടും അവൻ്റെ അപകടകരമായ അസ്തിത്വത്തെ അവൻ ഒന്ന് കൂടി ചേർത്ത് പിടിക്കാനാണ് ശ്രമിക്കുന്നത്. ഇലകൾ കൂട്ടി തീ കത്തിച്ച് വനത്തിനുള്ളിൽ തണുപ്പകറ്റാൻ ശ്രമിക്കുന്ന കമാൽ തൻ്റെ പാസ്പോർട്ട് എടുക്കുമ്പോൾ അത് ആ തീയിയിലിട്ട് കത്തിച്ച് കളയാനാണെന്ന് നമുക്ക് തോന്നും.
പക്ഷേ അതിലെ നനവുകൾ ഉണക്കി വീണ്ടും അവൻ മടക്കി അത് തന്നിലേക്ക് തന്നെ ചേർത്ത് വെക്കുകയാണ്. സിനിമയിൽ ഡയലോഗുകൾ ഇല്ലെങ്കിലും ഓരോ സീനും, ഓരോ ഷോട്ടും പ്രേക്ഷൻ്റെയുള്ളിൽ സംഭാഷണങ്ങളുടെ ഒരു കടലിരമ്പം തന്നെ തീർക്കുന്നുണ്ട്. മരണമാണ് തൊട്ട് മുന്നിൽ എന്ന് കരുതേണ്ടി വരുമ്പോഴും കത്തിതീർന്ന മരക്കഷണത്തിൻ്റെ കരികൊണ്ട് പാറയിൽ സ്വന്തം പേരെഴുതി വെക്കാൻ കമാൽ ശ്രമിക്കുന്നു. ഇങ്ങനെയൊരു അഭയാർത്ഥി ഇവിടെ വന്നിരുന്നു എന്ന് ലോകത്തോട് വിളിച്ച് പറയാനുള്ള ത്വരയാണ് ആ എഴുത്തിൻ്റെ ചോദന.
അവൻ അനുഭവിച്ച തീക്ഷണമായ മുഴുവൻ യാതനകളും കൂടിയാണ് ആ എഴുത്തിൽ അവൻ ബാക്കിയാക്കുന്നത്. ഒരു പക്ഷെ മറ്റാരും വായിക്കാനില്ലാത്ത ഒരിടത്ത് നടത്തുന്ന ആ അടയാളപ്പെടുത്തൽ അസ്തിത്വ ബോധത്തിൻ്റെ സ്വാഭാവികമായ ഒരു തിരതല്ലലാണ്.
‘ജേക്കപോ കാരമെല്ല’യുടെ കാമറയില്ലായിരുന്നുവെങ്കിൽ ഈ ചിത്രം മറ്റൊന്നായി മാറിപ്പോകുമായിരുന്നു. അദ്ദേഹം തീർത്ത ദൃശ്യവിരുന്ന് അത്രമേൽ ഈ സിനിമയുടെ ആത്മാവായി മാറിയിട്ടുണ്ട്. രാഷ്ട്രീയ അസ്ഥിരതകളും അധിനിവേശങ്ങളും കൊണ്ട് ലോകത്തെ ലക്ഷോപലക്ഷം മനുഷ്യർ പച്ചയായി അനുഭവിച്ച, ഇന്നും അനുഭവിച്ച് കൊണ്ടിരിക്കുന്ന അഭയാർത്ഥി ജീവിതത്തിൻ്റെ കാഴ്ചകൾ മാത്രമല്ല ഈ സിനിമ പറയാൻ ശ്രമിക്കുന്ന രാഷ്ട്രീയം. വംശീയത നടത്തുന്ന നിഷ്ഠൂരമായ ചെറുത്ത് നിൽപ്പ്കളെ കൂടി ഇത് പ്രമേയവൽകരിക്കുന്നുണ്ട്. ഇറാഖിൽ നിന്നുള്ള ഓസ്കാർ നോമിനേഷൻ കൂടിയാണ് യൂറോപ്പ.























