| ശരണ്യ എം ചാരു കരിവെള്ളൂർ
ആരോഗ്യ മന്ത്രിയെ വിമർശിച്ചു എന്നത് കൊണ്ട് മാത്രമാണ് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലെ സൂപ്രണ്ടന്റും ജനങ്ങളുടെ പ്രിയപ്പെട്ടവനുമായ ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റിയത് എന്ന തരത്തിലുള്ള ആരോപണം ഒരുപാട് പേർ ഉന്നയിക്കുന്നത് കേൾക്കുമ്പോൾ ശെരിക്കും വേദന തോനുന്നുണ്ട്. ഡോക്ടർ കഫീൽ ഖാനോട് പ്രഭുദാസിനെ താരതമ്യപ്പെടുത്തുന്ന പോസ്റ്റുകൾ വാളിൽ നിറയുന്നത് കാണുമ്പോൾ അതിനേക്കാൾ നിരാശ തോന്നുന്നുണ്ട്.
സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പലതരം പ്രതിഷേധം നടക്കുന്നത് ശ്രദ്ധിച്ചു. പ്രതിഷേധിക്കാനും, എതിർക്കാനും, അനുകൂലിക്കാനും എല്ലാ മനുഷ്യനും അവകാശമുണ്ട് എന്നത് കൊണ്ട് തന്നെ അതൊരു തെറ്റായി കാണേണ്ടതില്ല. കാണുന്നുമില്ല. അപ്പോഴും എല്ലാ വിഷയങ്ങളും ഒരു ചെവിയിൽ കൂടെ കേട്ട് മറു ചെവിയിൽ കൂടെ വിട്ട് പോകാൻ സാധ്യമല്ലല്ലോ.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് ഇപ്പോൾ സർക്കാർ സ്ഥലം മാറ്റിയ സൂപ്രണ്ടിന് 25 വർഷത്തോളത്തെ സർവ്വീസ് അട്ടപ്പാടിയിൽ മാത്രം ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സർക്കാർ സർവ്വീസിൽ പ്രവർത്തിച്ചു കൊണ്ട് സർക്കാരിനെതിരായി ആരോപണം ഉന്നയിക്കാൻ നിലവിലുള്ള ഭരണഘടന പ്രകാരം വകുപ്പില്ല എന്ന് അദ്ദേഹത്തിന് ഈ സമയത്തിനുള്ളിൽ ബോധ്യമുണ്ടായിരിക്കുമല്ലോ. മറ്റൊന്ന് അദ്ദേഹത്തിന്റെ സർവ്വീസ് കാലം മൊത്തം അയാളെ അട്ടപ്പാടിയിൽ തന്നെ ഡോക്ടറായി നിലനിർത്താം എന്ന ഒരു കരാറും അദ്ദേഹവും സർക്കാരും തമ്മിൽ ഇല്ല എന്നും ഓർക്കണം.
സ്വാഭാവികമായും അദ്ദേഹത്തെ സ്ഥലം മാറ്റാനും, പകരം മറ്റൊരാളെ നിയമിക്കാനും സർക്കാർ തീരുമാനിച്ചാൽ അതിൽ എന്ത് തെറ്റാണ് പറയാനുള്ളത്? ഇനി, സർക്കാർ ഉദ്യോഗസ്ഥർക്ക് അവർക്ക് നേരെയുള്ള സർക്കാരിന്റെ നടപടികളിലോ, പ്രവർത്തനങ്ങളിലോ, സമീപനങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ അത് അറിയിക്കുന്നതിന് കൃത്യമായ സംവിധാനങ്ങൾ ഇവിടെ ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
എത്ര മിടുമിടുക്കനായ സർക്കാർ ജീവനക്കാരൻ ആണെങ്കിലും സർക്കാർ സർവ്വീസിൽ ജോലി ചെയ്യുമ്പോൾ ജീവനക്കാർക്കുള്ള പെരുമാറ്റച്ചട്ടം കൃത്യമായി പിന്തുടരുക എന്നത് എല്ലാവർക്കും എന്നപോലെ അദ്ദേഹത്തിനും ബാധകമാണ്. സർവ്വീസ് കൂടുതൽ ഉള്ളതോ, ജനസമ്മതൻ ആണെന്നതോ ഈ പറഞ്ഞ പെരുമാറ്റ ചട്ടത്തെ വെല്ലുവിളിക്കാനുള്ള യോഗ്യതകൾ അല്ല, ആണോ?
സ്ഥലം മാറ്റപ്പെട്ട ഡോക്റ്ററുടെ ഭാര്യ ആദിവാസി വിഭാഗത്തിൽ പെട്ട സ്ത്രീയാണെന്നതാണ് കേട്ടതിൽ ഏറ്റവും ഭീകരമായ തോന്നിയ വാദം. ശെരിയാണ്, ഡോക്ടറുടെ ഭാര്യ ആദിവാസി വിഭാഗത്തിൽ പെട്ട സ്ത്രീ തന്നെയാണ്. മകൾ ഉന്നത വിദ്യാഭ്യാസം ലഭിച്ചു കൊണ്ടിരിക്കുന്ന കുട്ടിയുമാണ്, അത് കൊണ്ട് അദ്ദേഹത്തിന് അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എന്തും ചെയ്യാം എന്നാണോ? ഭാര്യയുടെ ജാതി / മത / വർഗ / വർണ വ്യത്യാസം നോക്കിയല്ല ഒരു സർക്കാർ സ്ഥാപനം പെരുമാറ്റച്ചട്ടം ഉണ്ടാക്കിയിരിക്കുന്നത് എന്ന് തിരിച്ചറിയാത്തവരാണോ നമ്മൾ?
അട്ടപ്പാടിയിലെ പട്ടികവർഗ വിഭാഗങ്ങളുടെ ഇടയിൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ട്. അരിവാൾ രോഗം, ശൈശവ ഗർഭധാരണം, വിളർച്ച പോലെയുള്ള രോഗങ്ങൾ തുടങ്ങിയവ ഇവയിൽ ചിലത് മാത്രമാണ്. പോഷകാഹാരക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവ മറ്റൊരു പ്രധാന പ്രശ്നമാണ്. സർക്കാർ കോടികൾ ചെലവാക്കിയിട്ടും അടിസ്ഥാന പ്രശ്നങ്ങൾ പോലും ഇപ്പോഴും അതേ പടി തുടരുന്നുണ്ട് എങ്കിൽ പദ്ധതികൾ നടപ്പിലാക്കുന്നതിലോ ജനങ്ങളിൽ എത്തിക്കുന്നതിലോ കാര്യമായ അപാകതകൾ ഉണ്ടെന്ന് വേണം അനുമാനിക്കാൻ.
സർക്കാർ തീരുമാനങ്ങൾ താഴെത്തട്ടിൽ നടപ്പാക്കേണ്ട ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ച്ച ഇതിൽ നിന്ന് തന്നെ വ്യക്തമാണല്ലോ. ആരോഗ്യ വകുപ്പിലെ ഇപ്പോൾ സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥൻ ആശുപത്രി സൂപ്രണ്ടന്റ് പദവിയ്ക്ക് ഒപ്പം തന്നെ, ആദിവാസി ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന നോഡൽ ഓഫീസർ പദവി കൂടി കൈകാര്യം ചെയ്യുന്നുണ്ട് എന്ന കാര്യം ഇവിടെ ആണ് പ്രസക്തമാകുന്നത്.
ഗർഭിണിയായ ഒരു യുവതി മരിച്ചതറിഞ്ഞ് ആരോഗ്യ മന്ത്രി “ധൃതി പിടിച്ച് അട്ടപ്പാടിയിലെത്തിയത് പ്രതിപക്ഷ നേതാവ് വരുന്നതിന് മുൻപ് അവിടെ എത്താൻ വേണ്ടി “യായിരുന്നു എന്നാണ് സ്ഥലം മാറ്റപ്പെട്ട ഡോക്റ്റരുടെ പ്രധാന ആക്ഷേപം. അങ്ങനെയാണെങ്കിൽ തന്നെ, ആരോഗ്യ മന്ത്രിക്ക് അട്ടപ്പാടിയിൽ ഊരു വിലക്കൊന്നും ഇല്ലാതിടത്തോളം കാലം ഈ പറയുന്ന ഡോക്റ്ററുടെ മുൻകൂർ അനുമതി വാങ്ങി അങ്ങോട്ട് പോകേണ്ട ആവശ്യമുണ്ടോ? മറ്റ് ആശുപത്രികളിൽ മിന്നൽ പരിശോധന നടത്തുമ്പോൾ ഇല്ലാത്ത എന്ത് പ്രശ്നമാണ് അട്ടപ്പാടിയിൽ പോകുമ്പോൾ മാത്രം ഉണ്ടാകുന്നത്?
ഈ മരണങ്ങളൊക്കെ നടക്കുമ്പോൾ ഡോക്ടർ പ്രഭുദാസ് എന്ന ഡോക്ടർ തന്നെയായിരുന്നില്ലേ അവിടെ ഉണ്ടായിരുന്ന പ്രധാന ഉദ്യോഗസ്ഥൻ? അങ്ങനെ എങ്കിൽ ‘ഞാനില്ലെങ്കിൽ പ്രളയമാണെന്ന’ ധാരണ അദ്ദേഹം തിരുത്തേണ്ടിയിരിക്കുന്നു. സർക്കാർ സർവ്വീസിൽ ഇരുന്നു കൊണ്ട് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും മാധ്യമങ്ങളോട് തോന്നിയത് പറയാനും കഴിയില്ല. കലക്റ്ററുടെ അനുമതിയോടെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഇൻഫർമേഷൻ വകുപ്പു മുഖേന വാർത്താ സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാം. അതിന് മാത്രമേ നിയമമുള്ളൂ.
അതല്ലാതെ ഒരോ ഓഫീസിലേയും മിടുക്കന്മാരെല്ലാം ചേർന്ന് ദിവസവും പത്രക്കാരെക്കണ്ട് തോന്നിയതെല്ലാം പറയാൻ തുടങ്ങിയാൽ ഈ സിസ്റ്റം എട്ട് നിലയിൽ നിന്ന് താഴെ വീഴാൻ മൂന്നേ മൂന്ന് ദിവസം മതിയാകും. അതില്ലാതിരിക്കാൻ ബന്ധപ്പെട്ട ആളുകൾ ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വളരെ സ്വാഭാവികമായ ഒരു പ്രക്രിയമാത്രമാണത്. അതല്ല ഡോക്ടർ പ്രഭുദാസിന്റെ അഭിപ്രായത്തിൽ അദ്ദേഹമൊഴികെയുള്ള മുഴുവൻ പേരും അഴിമതിക്കാരും, തന്നെയറിയിക്കാതെ അട്ടപ്പാടിയിലെത്തിയ മന്ത്രി ചെയ്തത് ധിക്കാരവുമാണെന്നൊക്കെ ആണ് അഭിപ്രായമെങ്കിൽ സർക്കാർ സർവ്വീസിൽ നിന്ന് രാജിവച്ച് സ്വന്തമായി സൗജന്യ ക്ലിനിക് നടത്താൻ നിങ്ങൾ മുന്നോട്ട് വരണം.
അതൊരു നല്ല പരിപാടി ആയിരിക്കും. ഇവിടെ സർക്കാരിനെതിരെ ഡോക്ടർ പരസ്യമായി നടത്തിയ പരാമർശം പരിശോധിച്ചാൽ സസ്പെൻഷൻ നൽകാവുന്ന വകുപ്പുകൾ ആണ് കേരള സബോർഡിനേറ്റ് സർവ്വീസ് റൂൾസ് പ്രകാരം കാണാൻ സാധിക്കുക. നിലവിൽ കിട്ടിയ സ്ഥലമാറ്റം ഇതിനുമെത്രയോ താഴെയാണെന്നേ ഞാൻ പറയൂ.
ഇനി വ്യക്തിപരമായ ചില അനുഭവങ്ങൾ കൂടി ഇതിനൊപ്പം കൂട്ടിച്ചേർക്കേണ്ടതുണ്ട്, 2019 ന് മുൻപ് തന്നെ ആധുനിക സംവിധാനങ്ങളോട് കൂടിയ സ്കാനിങ് മിഷ്യൻ ഉള്ള ആശുപത്രിയാണ് ഈ പറയുന്ന കോട്ടത്തറ ഹോസ്പിറ്റൽ. എന്നാൽ 2021 ആയിട്ട് പോലും അത് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുത സംവിധാനമോ സ്ഥിര സ്റ്റാഫോ ആ ആശുപത്രിയിൽ ഇല്ല. 2018 ലെ റോഡും ഇന്നത്തെ റോഡും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. ഈ റോഡിലൂടെ യാത്ര ചെയ്ത് വേണം പൂർണ്ണ ഗർഭിണികൾ മണ്ണാർക്കാടോ പാലക്കാടോ പോയി സ്കാനിങ് നടത്തി തിരികെ എത്താൻ.
അന്നുണ്ടായിരുന്ന സ്റ്റാഫ് പാറ്റേൺ തന്നെ ആണ് ഇപ്പോഴും ആ ആശുപത്രിയിൽ ഉള്ളത്. ബെഡുകളുടെ എണ്ണം മാത്രമേ കൂടിയിട്ടുള്ളൂ. കഴിഞ്ഞ 3 വർഷമായിട്ടും ഏറ്റവും അടിസ്ഥാനപരമായ ഈ വിഷയങ്ങളിൽ പോലും പുരോഗതി ഉണ്ടക്കാൻ കഴിയാത്ത വ്യക്തിയാണ് നിങ്ങളിപ്പോൾ തലയിലെടുത്തു വച്ച് നടക്കുന്ന ഡോക്ടർ പ്രഭുദാസ്.
ചില കണക്കുകൾ കൂടി പറഞ്ഞിട്ട് നിർത്താം, 2013 ൽ അട്ടപ്പാടിയിൽ 1 kg യിൽ താഴെ ഭാരമുള്ള ഒരു കുട്ടിയായിരുന്നു ജനിച്ചത് എങ്കിൽ 2017 ൽ ഇത് 2 ഉം, 2018 ൽ ഇത് പൂജ്യവും ആയിരുന്നു. 2013 ൽ 1kg യ്ക്കും 1.5kg യ്ക്കും ഇടയിൽ തൂക്കത്തിൽ 8 കുട്ടികൾ ആയിരുന്നു ജനിച്ചിരുന്നത് എങ്കിൽ, 2014 ൽ 6 ഉം, 2015 ൽ 8 ഉം, 2016 ൽ 2 ഉം, 2017 ൽ 6 ഉം, 2018 ൽ ഇത് 8 ഉം കുട്ടികൾ തന്നെ ആയിരുന്നു.
2013 ൽ 1.5 kg യ്ക്കും 2 kg യ്ക്കും ഇടയിൽ തൂക്കത്തിൽ ജനിച്ച കുട്ടികളുടെ എണ്ണം 28 ആയിരുന്നു എങ്കിൽ, 2014 ൽ ഇത് 43 ഉം, 2015 ൽ ഇത് 12 ഉം, 2016 ൽ ഇത് 29 ഉം, 2017 ൽ ഇത് 23 ഉം, 2018 ൽ 25 ഉം കുട്ടികൾ ആയിരുന്നു.
അതായത് ഈ കാലയളവിൽ എല്ലാം അട്ടപ്പാടിയിൽ നോഡൽ ഓഫീസർ ആയും, കോട്ടത്തറ ആശുപത്രി സൂപ്രണ്ടന്റ് ആയും പ്രവർത്തിച്ച വ്യക്തിക്ക് പ്രവർത്തിയിൽ കാര്യമായ പുരോഗതി അട്ടപ്പാടിയിൽ കൊണ്ട് വരാൻ സാധിച്ചിട്ടില്ല എന്ന് ചുരുക്കം.
ശിശു മരണത്തിലേക്ക് വരുമ്പോൾ 2010 ൽ 15 കുട്ടികൾ മരണപ്പെട്ട അട്ടപ്പാടിയിൽ മറ്റുള്ള വർഷങ്ങളിൽ ഇത് കൂടിയും കുറഞ്ഞും 2018 ൽ 13 ൽ മാത്രമാണ് എത്തി നിൽക്കുന്നത്. 8 വർഷത്തിനിടയിൽ അതിലും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, 2013 ൽ 31 കുട്ടികൾ മരണപ്പെട്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.
ഡോക്‌ടർ പ്രഭുദാസ് അട്ടപ്പാടിക്കാർക്ക് പ്രിയപ്പെട്ട മനുഷ്യനായിരിക്കാം. മാറ്റനേകം നേട്ടങ്ങൾ ഉണ്ടാക്കിയ, നല്ല പെരുമാറ്റവും, സ്വഭാവവും ഉള്ള വ്യക്തിത്വമായിരിക്കാം.
എന്നാൽ അദ്ദേഹത്തെ സർക്കാർ ഏൽപ്പിച്ച ജോലിയിൽ, പ്രത്യേകിച്ചും ശിശു മരണം, പോഷകാഹാര കുറവ്, കുട്ടികളുടെ ഭരക്കുറവ് പോലുള്ള അതീവ ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളിൽ അദ്ദേഹത്തിന് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്ന് തന്നെ ആണ് കണക്കുകൾ തെളിയിക്കുന്നത്. അത് കൊണ്ട് തന്നെ ഇദ്ദേഹത്തെ സ്ഥലം മാറ്റിയ നടപടി വൈകി പോയി എന്നെ ഞാൻ പറയൂ.
പകരമെത്തിയ ഡോക്ടർ മുഹമ്മദ് അബ്ദുൽ റഹ്മാന് ആശംസകൾ. നിങ്ങൾക്ക് അവിടുള്ള ജനങ്ങളോട് നന്നായി പെരുമാറാനും, സ്വീകാര്യനാകാനും കഴിയുന്നതിനൊപ്പം തന്നെ അവിടത്തെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന നേട്ടങ്ങൾ ഉണ്ടാക്കാൻ കൂടി കഴിയട്ടെ. അമ്മമാരും കുട്ടികളും മരിക്കാത്ത, ആരോഗ്യമുള്ള കുട്ടികൾ ജനിക്കുന്ന, പോഷകാഹാരകുറവില്ലാത്ത ഒരു നാടായി അട്ടപ്പാടിയെ മാറ്റാൻ സാധിക്കട്ടെ.