തിരുവനന്തപുരം: വ്യാപാര വിപണന മേളകൾക്കും മറ്റ് ഇതര ഫെസ്റ്റുകൾക്കും പ്രധാന പങ്കുവഹിക്കുന്ന തലസ്ഥാന നഗരമാണ് തിരുവനന്തപുരം. വീണ്ടും വലിയൊരു ഫെസ്റ്റിന് വേദിയാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം.
വനിതകളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്ത്രീ സംരംഭകർക്കായി ഒരുക്കുന്ന പ്രദർശന- വിപണന മേള എക്‌സലേറ- 2025 തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയാണ്. ഫെബ്രുവരി 25 മുതൽ മാർച്ച് മൂന്ന് വരെയാണ് മേള.
‘ശാക്തീകരണത്തിലേക്ക്, ആനന്ദത്തിലേക്ക്, പാതി ആകാശത്തിലേക്ക്’ എന്നതാണ് മേളയുടെ മുദ്രാവാക്യം. വിവിധ ജില്ലകളിൽ നിന്നുള്ള നൂറോളം വനിതാ സംരംഭകർ മേളയുടെ ഭാഗമാകും. കൂടാതെ തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സംരംഭകരുടെ ഉൽപ്പന്നങ്ങളും മേളയിലുണ്ടാകും.
‘ആരോഗ്യം ആനന്ദം- അകറ്റാം അർബുദം’ എന്ന പേരിൽ സംസ്ഥാന ആരോഗ്യവകുപ്പ് നടത്തുന്ന കാമ്പയിനിൻ്റെ ഭാഗമായി സൗജന്യ കാൻസർ സ്ക്രീനിംഗ് ക്യാമ്പും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. എക്‌സലേറയുടെ ഭാഗമായി വനിതാ സംരംഭകർ ഒരുക്കുന്ന രുചിമേളയും ഉണ്ടായിരിക്കുന്നതാണ്. മേളയുടെ എല്ലാ ദിനങ്ങളിലും വിവിധ കലാപരിപാടികളും അരങ്ങേറും.