കേരളാ ടൂറിസം വകുപ്പിന്റെ അഭിമാനമായി അവതരിപ്പിക്കപ്പെട്ട സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി. സിഐടിയു, എഐടിയുസി നേതാക്കള്‍ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്. സീ പ്ലെയിന്‍ വിഷയം മത്സ്യ തൊഴിലാളി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണം.
ചര്‍ച്ച ചെയ്യുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സീ പ്ലെയിന്‍ പദ്ധതിക്കെതിരെ മുമ്പ് സമരം നടത്തിയത് മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു. പി പി ചിത്തരഞ്ചന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
പദ്ധതി ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടില്ലെന്നും ചര്‍ച്ച വേണമെന്നാണ് ആവശ്യമെന്നും കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം. ഇതിനായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. അതേസമയം, കായലില്‍ സീ പ്ലെയിന്‍ ഉപയോഗിക്കുന്ന ഘട്ടം വന്നാല്‍ ആദ്യം ചര്‍ച്ച ചെയ്യുക മത്സ്യ തൊഴിലാളികളുമായിട്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ഡാമാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ഡാമുകള്‍ കേന്ദ്രീകരിച്ച് സീപ്ലെയിന്‍ ഇറങ്ങുന്നതിന് ആരും എതിരല്ല. ഒരു തരത്തിലും ആര്‍ക്കും പ്രയാസമുണ്ടാകുന്ന സ്ഥിതിയുമില്ലെന്നും മന്ത്രി അറിയിച്ചു.