പുലിപ്പല്ല് കേസിൽ പ്രശസ്ത റാപ്പർ വേടന്റെ അറസ്റ്റിൽ തെറ്റ് തിരുത്താൻ സംസ്ഥാന വനം വകുപ്പിന്റെ നീക്കം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും. വനം വകുപ്പ് മേധാവി മന്ത്രി എകെ ശശീന്ദ്രന് ഇന്ന് റിപ്പോർട്ട് നൽകും.
വേടൻ്റെ അറസ്റ്റിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ രൂക്ഷവിമർശനമുയർന്നതോടെ വനംവകുപ്പ് പ്രതിക്കൂട്ടിലായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ തന്നെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ് വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ നടപടി നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും കൂടി നിർദേശ പ്രകാരമാണ് ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ എന്നാണ് വിവരം. വനംമന്ത്രി വനംവകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് നൽകാനാണ് നിർദേശം. റിപ്പോർട്ട് ലഭിച്ചാലുടൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തേക്കും.