ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ബെന്നി പെരുവന്താനത്തെ അംഗത്വം നൽകി സ്വീകരിച്ചത്. കട്ടപ്പനയില്‍ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കണ്‍വെന്‍ഷനിലാണ് ബെന്നി ബിജെപി അംഗത്വം നേടിയത്.
അതേസമയം വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളിലെ വിയോജിപ്പാണ് പാര്‍ട്ടി വിടാൻ കാരണമെന്ന് ബെന്നി പെരുവന്താനം പ്രതികരിച്ചു. വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസിൻ്റെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസമാണ് ബെന്നി പെരുവന്താനം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.
കുറച്ചു നാളുകളായി ക്രിസ്ത്യന്‍ വിരുദ്ധ നിലപാടാണ് കോൺഗ്രസ് പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാട് പറയുന്നില്ലന്നും കോണ്‍ഗ്രസ് എംപിമാര്‍ക്ക് കേരളത്തിലും കേന്ദ്രത്തിലും രണ്ട് നിലപാടാണന്നും ബെന്നി പെരുവന്താനം.
കോൺഗ്രസ് വഖഫ് ബില്ലിനെ എതിര്‍ക്കാന്‍ പാടില്ല. ലോക്‌സഭയില്‍ സംസാരിക്കാതിരുന്ന രാഹുല്‍ ഗാന്ധിയുടെയും ബില്ല് പരിഗണിച്ചപ്പോള്‍ സഭയില്‍ എത്താതിരുന്ന പ്രിയങ്ക ഗാന്ധിയുടെയും നിലപാട് പ്രതിഷേധാര്‍ഹം ആണെന്നും ബെന്നി രാജിവെച്ചതിന് ശേഷം പ്രതികരിച്ചിരുന്നു.