1 July 2024

ഹാൽ ഒരുങ്ങുന്നു; ഷെയ്ന്‍ നിഗം നായകൻ

ഷെയ്ൻ നിഗമാണ് ആസിഫിനെ അവതരിപ്പിക്കുന്നത്. പ്രശസ്ത തെലുങ്കു നടി സാക്ഷി വൈദ്യയാണ് ഈ ചിത്രത്തിലെ നായിക. മമ്മൂട്ടി അഭിനയിച്ച ഏജൻ്റ് എന്ന തെലുങ്കു ചിത്രത്തിലെ നായിക ആയിരുന്ന സാക്ഷിയുടെ മോളിവുഡ് അരങ്ങേറ്റമാണ് ഇത്

യുവ നടൻ ഷെയ്ന്‍ നിഗം നായകൻ ആയ ഹാൽ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു. ജെ വി ജെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വീര ഈ ചിത്രം സംവിധാനം ചെയ്യുന്നു. സലിം അഹമ്മദ്, ജീത്തു ജോസഫ് തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ച പരിചയവുമായാണ് വീര സംവിധാന രംഗത്തേക്ക് എത്തുന്നത്.

മലബാർ പശ്ചാത്തലത്തിൽ അരങ്ങേറുന്ന തീവ്രമായ ഒരു പ്രണയകഥയാണ് കാലികപ്രാധാന്യമുള്ള നിരവധി വിഷയങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെടുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കോഴിക്കോട് നഗരത്തിൽ റാപ്പ് മ്യൂസിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു മ്യൂസിക്ക് ഗ്രൂപ്പിലെ പ്രധാനിയാണ് ആസിഫ്. ഒരു മ്യൂസിക്ക് പ്രോഗ്രാമിനിടെ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയുമായി ആസിഫിനുണ്ടാകുന്ന പ്രണയമാണ് സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നത്.

ഷെയ്ൻ നിഗമാണ് ആസിഫിനെ അവതരിപ്പിക്കുന്നത്. പ്രശസ്ത തെലുങ്കു നടി സാക്ഷി വൈദ്യയാണ് ഈ ചിത്രത്തിലെ നായിക. മമ്മൂട്ടി അഭിനയിച്ച ഏജൻ്റ് എന്ന തെലുങ്കു ചിത്രത്തിലെ നായിക ആയിരുന്ന സാക്ഷിയുടെ മോളിവുഡ് അരങ്ങേറ്റമാണ് ഇത്

ജോണി ആൻ്റണി, സുരേഷ് കൃഷ്ണ, സംഗീത (ചിന്താവിഷ്ടയായ ശ്യാമള ഫെയിം), മനോജ് കെ യു, മധുപാൽ, രവീന്ദ്രൻ, നിയാസ് ബെക്കർ, നിഷാന്ത് സാഗർ, അബിൻ വിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, ദിനേശ് പണിക്കർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഓർഡിനറി, മധുര നാരങ്ങ, ശിക്കാരി ശംഭു, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച നിഷാദ് കോയയുടേതാണ് തിരക്കഥ.

സംഗീത പ്രാധാന്യമേറിയ ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വി നന്ദഗോപാല്‍ ആണ്. രവിചന്ദ്രനാണ് ഛായാഗ്രാഹകൻ. കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് അമൽ, കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് പ്രവീൺ വിജയ്, പ്രകാശ് ആർ നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.

വലിയ മുതൽമുടക്കിൽ വ്യത്യസ്ത ലൊക്കേഷനുകളിലായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുക. കോഴിക്കോട്, വയനാട്, മൈസൂർ എന്നിവിടങ്ങളാണ് ലൊക്കേഷനുകൾ. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ അമീൻ എന്നിവരും സിനിമയുടെ ഭാഗം ആകും.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News