ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ലൈംഗിക പീഡനങ്ങളും ഉൾപ്പെടുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. കൂട്ട ബലാത്സംഗം അടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ ഒക്ടോബർ ഏഴിന് നടന്നെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്നും യുഎൻ വ്യക്തമാക്കി. ബന്ദികൾക്കുനേരെയും ലൈംഗികാതിക്രമമുണ്ടായതായും റിപ്പോർട്ട് പറയുന്നു.
യുഎൻ പ്രത്യേക നയതന്ത്ര പ്രതിനിധി പ്രമീള പാറ്റന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ജനുവരി 29 മുതൽ ഫെബ്രുവരി 14 വരെ ദിവസങ്ങളിൽ സംഘം ഇസ്രയേലിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ ആക്രമണത്തിനിടയിൽ ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയെന്ന ആരോപണം നേരത്തെതന്നെ ഹമാസ് നിഷേധിച്ചിരുന്നു.
ജനനേന്ദ്രിയ ഛേദനം, ലൈംഗിക പീഡനം, ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റം എന്നിവയുൾപ്പെടെ ചില ലൈംഗിക അതിക്രമങ്ങളെ സൂചിപ്പിക്കുന്ന വിശ്വസനീയമായ സാഹചര്യ വിവരങ്ങൾ സംഘം ശേഖരിച്ചു. ഗാസയിൽ ബന്ദികളാക്കപ്പെട്ട ചിലർ വിവിധ തരത്തിലുള്ള സംഘർഷങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ടെന്നും അത്തരം ആക്രമണങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നെന്നുമുള്ള വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ വിവരങ്ങൾ മിഷൻ ടീം കണ്ടെത്തിയിട്ടുണ്ട്. 24 പേജുള്ള യുഎൻ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. എന്നാൽ ജനനേന്ദ്രിയ ഛേദനത്തിന്റെ വ്യക്തമായ തെളിവ് കണ്ടെത്താൻ സംഘത്തിനായിട്ടില്ല. ലൈംഗികാതിക്രമം നേരിട്ട ആരോടും നേരിട്ടു സംസാരിക്കാൻ സംഘത്തിനായിട്ടില്ല.
വിവിധ ഇസ്രയേലി സ്ഥാപനങ്ങളുമായി 33 കൂടിക്കാഴ്ചകൾ സംഘം നടത്തിയിട്ടുണ്ട്. ആക്രമണത്തിൽ അതിജീവിച്ചവരും അതിക്രമങ്ങളുടെ സാക്ഷികളും വിട്ടയച്ച തടവുകാരും ആരോഗ്യ വിദഗ്‌ധരും ഉൾപ്പടെ 34 പേരുമായി കൂടിക്കാഴ്ചകൾ നടത്തി. ചില ആരോപണങ്ങൾ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ചില ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സംഘം കണ്ടെത്തി.
വിഷയത്തിന്റെ വ്യാപ്തിയെക്കുറിച്ചറിയാൻ പൂർണമായ അന്വേഷണം വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഹമാസ് ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ആക്രമങ്ങളിൽ 1200 പേർ കൊല്ലപ്പെടുകയും 253 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇസ്രയേൽ ഗാസ മുനമ്പിൽ ആരംഭിച്ച ആക്രമണങ്ങളിൽ മുപ്പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.