ഗാസയിൽ ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാറിൽ അനിശ്ചിതത്വം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടുത്ത ഘട്ട ബന്ദി മോചനം നിർത്തിവെക്കുമെന്ന് ഹമാസ് അറിയിച്ചു . ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ചാണ് നീക്കം. ശനിയാഴ്ചയ്ക്കുള്ളിൽ എല്ലാ ബന്ദികളേയും വിട്ടയച്ചില്ലെങ്കിൽ കരാർ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും അറിയിച്ചിട്ടുണ്ട്.
എന്നാൽ ഹമാസിന്റെ പുതിയ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്റെ പൂർണ്ണമായ ലംഘനമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രതികരിച്ചു. ഏത് സാഹചര്യവും നേരിടാൻ തയ്യാറെടുക്കാൻ ഇസ്രായേൽ സൈന്യത്തോട് ആവശ്യപ്പെട്ടു. ഹമാസ് ശനിയാഴ്ച ഉച്ചയോടെ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ റദ്ദാക്കാൻ നിർദ്ദേശിക്കുമെന്നും വലിയ ഭവിഷ്യത്ത് ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, വെടിനിർത്തൽ കരാറിൽ തീരുമാനമെടുക്കേണ്ടത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണെന്നും ട്രംപ് പറഞ്ഞു. ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെതിരായ ആക്രമണത്തിൽ യുഎസ് സൈന്യം ഇസ്രായേലിനൊപ്പം ചേരുമോ എന്ന ചോദ്യത്തിന് “ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസ് കണ്ടെത്തും” എന്നായിരുന്നു ട്രംപിൻറെ മറുപടി. ബന്ദികളിൽ പലരും മരിച്ചുവെന്നാണ് താൻ കരുതുന്നത്. താൻ സ്വന്തം അഭിപ്രായമാണ് പറയുന്നതെന്നും ഇസ്രായേലിന് അത് അസാധുവാക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഇസ്രായേലാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തൻ്റെ സുരക്ഷാ സംഘവുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നും ഹമാസിന്റെ പ്രഖ്യാപനത്തെത്തുടർന്ന് ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് നടക്കാനിരുന്ന രാഷ്ട്രീയ-സുരക്ഷാ മന്ത്രിസഭാ യോഗം രാവിലത്തേക്ക് മാറ്റിയെന്നുമാണ് വിവരം.