പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ആദ്യമായി അസിസ്റ്റന്റ് കമ്മീഷണറായി ഹിന്ദു വനിത നിയമിതയായി. ബലൂചിസ്ഥാനിലെ ചാഗെ ജില്ലയിലെ നോഷ്‌കി എന്ന പട്ടണത്തിൽ നിന്നുള്ള 25 വയസുകാരിയായ കാശിഷ് ചൗധരിയാണ് ചരിത്രം സൃഷ്‌ടിച്ചത്.
ബലൂചിസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (ബി.പി.എസ്.സി ) പരീക്ഷയില്‍ ഇവര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. തിങ്കളാഴ്‌ച ക്വറ്റയില്‍ പിതാവ് ഗര്‍ധാരി ലാലിനൊപ്പം ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫറാസ് ബുഗത്തിയെ ഇവര്‍ സന്ദര്‍ശിച്ചിരുന്നു.
സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ശാക്തീകരണത്തിനും പ്രവിശ്യയുടെ മൊത്തത്തിലുള്ള വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അവര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. “മകളുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഫലം ലഭിച്ചിരിക്കുന്നു. അവള്‍ അസിസ്റ്റന്റ് കമ്മീഷണറായി നിയമിതയായി എന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു,” ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പഠനത്തില്‍ മുമ്പന്തിയിലായിരുന്ന തൻ്റെ മകള്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് സ്വപ്‌നം കണ്ടിരുന്നതായും പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്‍ അവരുടെ കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പ്രധാന പദവികള്‍ വഹിക്കുന്നത് രാജ്യത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി ബുഗത്തി പറഞ്ഞു. കാശിഷ് ചൗധരി രാജ്യത്തിൻ്റെയും ബലൂചിസ്ഥാൻ്റെയും അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.