| ഗോകുൽ വേണുഗോപാൽ
സിനിമയിൽ ഒരു ഡയലോഗ് ഉണ്ട് . നീയെന്തിനാ ഇങ്ങനെ ചിരിച്ചോണ്ടിരിക്കുന്നെ എന്ന് . പടം കാണുന്ന സമയമത്രയും മാസ്‌കിനുള്ളിലെ ചുണ്ടുകൾ പുഞ്ചിരിച്ചുകൊണ്ടിരിക്കും . പടം കണ്ടുകഴിഞ്ഞാൽ ഏറെനേരത്തേക്ക് ദർശന പാട്ട് മനസ്സിൽ റിപ്പീറ്റ് മോഡിൽ പ്ലേ ആയിക്കൊണ്ടിരിക്കും . അത്രമേൽ ഹൃദ്യം .. ഹൃദയം .
സിനിമകാണുമ്പോൾ മറ്റൊരു ലോകത്താകുമെന്നതിനാൽ ഡീറ്റൈലിങ്ങുകൾ പലരും ശ്രദ്ധിക്കാനിടയില്ല അതിനാൽ തന്നെ ഇന്നുണ്ടായില്ലെങ്കിലും വരും ദിവസങ്ങളിൽ ഒരുപാട് നരേഷൻസ് സിനിമക്ക് വരും .കാരണം ഹൃദയം എന്ന സിനിമ ഒരു മഹാകാവ്യമാണ് … ഹൃദയം കൊണ്ടെഴുതിയ മഹാകാവ്യം.
പോസിറ്റീവ്സ്:
പടം കണ്ടുകഴിഞ്ഞപ്പോൾ ആദ്യം ആലോചിച്ചത് പ്രണവിന് പകരം നിലവിൽ മറ്റാർക്ക് ഈ റോൾ ഇതുപോലെ ചെയ്യാനാകും എന്നാണ് . ആരും ഇല്ല എന്ന് നിസംശയം പറയാം . സിനിമയുടെ നട്ടെല്ല് പ്രണവിന്റെ പ്രകടനം തന്നെയാണ് . അയാളെ കണ്ടുകൊണ്ടിരിക്കാൻ തന്നെ രസമാണ് എന്നതിലുപരി അയാൾ ഒരു അസാമാന്യ പ്രതിഭയാണ് . കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുന്ന ഒരു യുവാവിന് വർഷാവർഷമുണ്ടാകുന്ന മെച്യൂരിറ്റി ലെവൽ ചേഞ്ച് പ്രണവിന്റെ അഭിനയത്തിലും കൃത്യമായി വേറിട്ട് തന്നെ അറിയാൻ സാധിക്കുന്നുണ്ട് .
തിരക്കഥയും സംവിധാനവും പിന്നെ വിനീതിന്റെ കയ്യിലായതുകൊണ്ട് അതേക്കുറിച്ച് എടുത്തുപറയേണ്ട കാര്യമില്ലല്ലോ . കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്നപോലെ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ ബോറടിയിലേക്കോ പൈങ്കിളി ലെവലിലേക്കോ പോകേണ്ട വിഭവത്തെ കൃത്യമായി തയ്യാറാക്കിയിട്ടുണ്ട് . പൊളിറ്റിക്കൽ കറക്റ്റനസ് എന്നും പറഞ്ഞു മതത്തെയോ സംസ്കാരത്തെയോ ഒക്കെ പ്രതിക്കൂട്ടിൽ നിർത്തി മാറ്റം വരേണ്ടവയെ അടിച്ചേൽപ്പിക്കുന്നതിന് പകരം അതിന്റെയൊന്നും ആവശ്യമില്ലാതെ തന്നെ പലയിടത്തും ചെറിയ ഡയലോഗുകളിലൂടെത്തന്നെ സ്ട്രൈക്ക് ചെയ്യിപ്പിച്ചതിനു സംവിധായകൻ കയ്യടികൾ അർഹിക്കുന്നുണ്ട് .
പാട്ടുകൾ പ്രേക്ഷകരെ സിനിമയോട് ചേർത്ത് നിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട് . പതിനഞ്ചോളം പാട്ടുകൾ ഉണ്ടെന്നു കേൾക്കുന്നു . എന്നാൽ ഈ പാട്ടുകളൊക്കെ ഏതാണ് എപ്പോഴാണ് ഉപയോഗിച്ചതെന്ന് റീകളക്റ്റ് ചെയ്യാൻ സാധിക്കില്ല. ഓരോ ചെറിയ റോളിൽ പോലും അഭിനയിച്ചവരെല്ലാം അതിഗംഭീര പ്രകടനം ആയിരുന്നു . കോളേജ് ജീവിതത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞു കല്യാണത്തിന് സുഹൃത്തുക്കൾ ഒത്തുചേരുമ്പോ അവർക്കുണ്ടാകുന്ന ഗെറ്റപ്പ് ചേഞ്ച് അതിശയകരം ആണ്. രണ്ടാം പകുതിയിലെ പശ്ചാത്തലങ്ങൾ എല്ലാം അതിമനോഹരം ആയിരുന്നു.
2005 നും 2012 നും ഇടയ്ക്കുള്ള കാലഘട്ടങ്ങളിൽ കോളേജിൽ പഠിച്ചവർക്ക് സിനിമ നന്നായി കണക്ട് ആവും. നെഗറ്റീവ്സ്:- ആദ്യപകുതിയിലെ മധ്യഭാഗങ്ങളിൽ അല്പം ലാഗ് തോന്നി . എല്ലാവർക്കും തോന്നണം എന്നില്ല
സിനിമയിൽ കോളേജിൽ പഠിച്ചിരുന്നതായി കാണിച്ചിരിക്കുന്ന കാലഘട്ടത്തിൽ കലാലയങ്ങളിലെ ഡ്രസിങ് ട്രെൻഡ് ചെറിയ ഷർട്ടും ബെൽബോട്ടം പാന്റ്സും ആയിരുന്നു. പടത്തിൽ അങ്ങനല്ല കാണിക്കുന്നത് . ഇനി ചെന്നൈയിൽ എങ്ങനെ ആയിരുന്നു എന്ന് അറിയില്ല. റേറ്റിങ്: : 4.5/5