ആലപ്പുഴയിൽ രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ തസ്ലിമ സുൽത്താനക്ക് കേരളത്തിനും തമിഴ്‌നാടിനും പുറമെ കർണാടകയിലും ലഹരി വിൽപനയുണ്ടെന്ന് എക്സൈസ്. തസ്ലിമയുടെ കർണാടക തമിഴ്‌നാട് അഡ്രസിൽ ഉള്ള വ്യാജ ആധാർ കാർഡും, ഡ്രൈവിംഗ് ലൈസൻസും കണ്ടെത്തി. മഹിമ മധു എന്നപേരിൽ ആണ് കർണ്ണാടകയിൽ ഇവർ അറിയപ്പെടുന്നത്. എറണാകുളത്ത് നിന്ന് കാർ എടുക്കാൻ സഹായിച്ച ആളുടെ വിശദാംശങ്ങളും പുറത്തു വന്നിട്ടുണ്ട്.
ജനിച്ചു വളർന്ന കണ്ണൂരിൽ തസ്ലിമ, ചെന്നൈയിൽ തസ്ലിമ സുൽത്താൻ, സിനിമാ ലോകത്തും മട്ടാഞ്ചേരിയിലെ ലഹരി ഗുണ്ടാ മാഫിയകൾക്ക് ഇടയിലും ക്രിസ്റ്റീന, ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരപ്രകാരം പ്രതിയുടെ കർണാടകയിലെ പേര് മഹിമ മധു എന്നാണ്. ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ലഹരി വലയിലെ പ്രധാന കണ്ണിയാണ് തസ്ലിമ സുൽത്താന എന്നാണ് അന്വേഷണ സംഘം പറയുന്നത്.
വിവിധ നാടുകളിൽ വിവിധ ഭാഷ സംസാരിക്കുന്ന, എല്ലാ ഇടങ്ങളിലും വ്യാജ ആധാർ കാർഡുകളും ഡ്രൈവിംഗ് ലൈസൻസും ഉൾപ്പടെയുള്ള വേണമെങ്കിൽ ആളുകളെ കായികമായി തന്നെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഗുണ്ടാ പശ്ചാത്തലമുള്ള ഡ്രഗ് ഡീലർ ആണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നു.
ചൊവ്വാഴ്‌ച വൈകിട്ട് ആറ് മണിക്കാണ് എറണാകുളത്തു നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി വാടകക്ക് എടുത്ത കാറിൽ ആലപ്പുഴയിലേക്ക് ഇവർ വന്നത്. കാർ വാടകക്ക് എടുക്കുന്ന സ്ഥാപനത്തിൽ അനീഷ് കൃഷ്‌ണ എന്നയാൾ തസ്ലിമയെ പരിചയപ്പെടുത്തിയത് കർണാടക സ്വദേശിനി മഹിമ മധു ആയാണ്.
കർണാടകയിലെ ഡ്രൈവിംഗ് ലൈസൻസും, ആധാർ കാർഡുമാണ് നൽകിയ തിരിച്ചറിയൽ രേഖകൾ. ഇതിലെ വിലാസം TB ഫ്ലാറ്റ് No 902 ഇടവർ മന്ദാവി എമറാൾഡ്, എൻഡ് പോയിന്റ് റോഡ്, മണിപ്പാൽ, ഉഡുപ്പി എന്നാണ്. തമിഴ്‌നാട്ടിലേത് തസ്ലിമ എസ്, 85 4th സ്ട്രീറ്റ് ഉലകനാഥ പുരം, എണ്ണൂർ, കത്തിവാക്കം, തിരുവള്ളൂർ എന്നാണ്.
എറണാകുളം മട്ടാഞ്ചേരിയിലെ ഗുണ്ടാ ലഹരി സംഘങ്ങൾക്ക് ക്രിസ്റ്റീന എന്ന പേര് സുപരിചിതമാണ് . ഫോട്ടോ ഷൂട്ടിനെത്തിയ മോഡലിനെ മൂന്ന് ദിവസം മുറിയിൽ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ കാവൽക്കരിയും മുഖ്യപ്രതികളിൽ ഒരാളുമാണ് എന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെ നീളുന്നു ക്രിസ്റ്റീന റെസിഡൻസി കേന്ദ്രീകരിച്ചുള്ള ക്രിമിനൽ കഥകളുടെ പശ്ചാത്തലം. ലഹരിക്കാർക്കിടയിൽ പുഷ് എന്നും, ബുഷ് എന്നും അറിയപ്പെടുന്ന കഞ്ചാവ് ആറ് കിലോ ലഭ്യമായിട്ടുണ്ടെന്നാണ് തസ്ലിമയുടെ വാട്‌സ് ആപ്പ് ചാറ്റുകളിൽ നിന്ന് ലഭ്യമായ വിവരം.
ആലപ്പുഴയിലേക്ക് എത്തുമ്പോൾ ടുറിസം കേന്ദ്രങ്ങൾ തന്നെ ആയിരുന്നു ലക്ഷ്യം. പ്രധാനമായും കായൽ ടുറിസവും ഹൗസ് ബോട്ടുകളുമാണ് ലക്ഷ്യം വെച്ചത്. ചോദ്യം ചെയ്യലിനോട് അധികം സഹകരിക്കാതിരുന്ന തസ്ലിമയിൽ നിന്ന് കൂടുതൽ വിവരങ്ങൾ എക്സൈസിന് തേടുന്നതിന് ശ്രമം നടത്തുന്നുണ്ട്. ഫോൺ രേഖകൾ വിദഗ്‌ധ പരിശോധനക്ക് വിധേയമാക്കുന്നതിലൂടെ കൂടുതൽ വലിയ ലഹരി മാഫിയകൾ കഞ്ചാവ് വിൽപനയുടെ കേസിൽ കണ്ണി ചേർക്കപ്പെടുമെന്നാണ് അന്വേഷണ വൃത്തങ്ങൾ പറയുന്നത്.