സുസ്ഥിര നിർമ്മാണത്തിലേക്കുള്ള ഒരു സുപ്രധാന നേട്ടവുമായി ഇൻഡോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. കാർബൺ ഡൈ ഓക്സൈഡിൻ്റെ ഉദ്‌വമനം കുറയ്ക്കുന്ന സിമന്റ് രഹിത കോൺക്രീറ്റ് ആണ് ഐഐടി വികസിപ്പിച്ചെടുത്തത്. ജിയോപൊളിമർ സാങ്കേതിക വിദ്യയും, ഫ്ലൈ ആഷ്, ഗ്രൗണ്ട് ഗ്രാനുലേറ്റഡ് ബ്ലാസ്റ്റ് ഫർണസ് സ്ലാഗ് (ജിജിബിഎസ്) പോലുള്ള വ്യാവസായിക മാലിന്യ വസ്‌തുക്കളും ഉപയോഗിച്ചാണ് പരിസ്ഥിതി സൗഹൃദ കോൺക്രീറ്റ് നിർമ്മിച്ചിരിക്കുന്നത്.
പരമ്പരാഗത കോൺക്രീറ്റിൽ ഉപയോഗിക്കുന്ന സിമന്റ് കാർബൺ ഉദ്വമനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ ഈ പുതിയ കോൺക്രീറ്റ് പാരിസ്ഥിതിക ആഘാതം കുറക്കുക മാത്രമല്ല, നിർമ്മാണ ചെലവ് ഏകദേശം 20% കുറക്കുകയും ചെയ്യുന്നു.
“നമ്മുടെ ഭാവിയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തവും വേഗതയേറിയതും പരിസ്ഥിതി സൗഹൃദപരവും ആക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ഈ വികസനം”- ഗവേഷണ സംഘത്തെ നയിച്ച ഡോ. അഭിഷേക് രജ്‌പുത്തിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു. നിർമ്മാണ വ്യവസായത്തിനും പരിസ്ഥിതിക്കും ഒരുപോലെ പ്രയോജനകരമായ ഒരു പ്രായോഗിക പരിഹാരം കണ്ടെത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേഗത്തിൽ ശക്തി പ്രാപിക്കും എന്നതാണ് ഈ കോൺക്രീറ്റിൻ്റെ സവിശേഷത. സൈനിക ബങ്കറുകൾ, ഹൈവേയിലെ അറ്റകുറ്റപ്പണികൾ, അടിയന്തര ഷെൽട്ടറുകൾ പ്രീകാസ്റ്റ് റെയിൽവേ ഇൻഫ്രാ സ്ട്രെക്ച്ചർ തുടങ്ങിയ നിർണായകവും സമയ ബന്ധിതവുമായ നിർമ്മാണത്തിന് അനുയോജ്യമാണ്. ഓർഡിനറി പോർട്ട്‌ലാൻഡ് സിമന്റ് കോൺക്രീറ്റ് ഏകദേശം 8% കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമിപ്പിക്കുന്നു. ഇതിന് കാരണം ചുണ്ണാമ്പിൻ്റെ സംസ്‌കാരണവും ഇന്ധനത്തിൻ്റെ ഉപഭോഗവുമാണ്
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:























