ഇന്ത്യയിലെ പ്രമുഖ ജൂവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പേരിൽ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഷോറൂം കോടതി ഇടപെടലിൽ അധികൃതർ പൂട്ടിച്ചു. മലബാർ ഗോൾഡ് നൽകിയ പരാതിയെ ന്ന് സ്ഥാപനം നടത്തിയിരുന്ന പാകിസ്ഥാൻ പൗരനായ മുഹമ്മദ് ഫൈസാനെതിരെ കേസെടുത്തിരുന്നു.
മലബാർ ഗോൾഡിന്റെ ബ്രാൻഡ് നാമവും മറ്റ് മുദ്രകളും ഉപയോഗിക്കുന്നതിന് പുറമെ ബ്രാൻഡ് അംബാസഡർമാരുടെയും ആഭരണ ഡിസൈനുകളുടെയും ചിത്രങ്ങളുള്ള സോഷ്യൽ മീഡിയ പേജുകളും ഇവർ പ്രവർത്തിപ്പിച്ചു. കമ്പനി നൽകിയ പരാതി കേട്ട പാകിസ്ഥാൻ കോടതി മലബാർ ഗോൾഡിന്റെ പേരിലുള്ള എല്ലാ സൈൻബോർഡുകളും ഉടൻ നീക്കം ചെയ്യാനും ബ്രാൻഡ് നാമവും വ്യാപാരമുദ്രകളും ഉപയോഗിക്കുന്നത് നിർത്താനും ഉത്തരവിട്ടു.
എന്നാൽ ഈ കോടതി ഉത്തരവുകൾ പാലിക്കാൻ പ്രതിഭാഗം വിസമ്മതിച്ചതോടെ മലബാർ ഗോൾഡ് കോടതിയലക്ഷ്യ ഹർജി നൽകി. ഇതിനെ തുടർന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചത്. ഇതോടെ, ബ്രാൻഡ് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരം സെറ്റിൽമെന്റിനും തുടർന്നുള്ള കരാറിനുമായി ഫൈസാൻ മലബാർ ഗോൾഡിനെ സമീപിച്ചു.
തന്റെ പേരിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് രജിസ്റ്റർ ചെയ്യുന്നതിനായി പ്രതി നൽകിയ ട്രേഡ് മാർക്ക് അപേക്ഷ പിൻവലിക്കുക, പ്രമുഖ ഇംഗ്ലീഷ്, ഉറുദു പത്രങ്ങളുടെ എല്ലാ എഡിഷനുകളിലും കുറ്റസമ്മതം നടത്തുക തുടങ്ങിയ വ്യവസ്ഥകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഫൈസാൻ ഇതെല്ലാം സമ്മതിച്ചു.
അതേസമയം, വിശ്വാസത്തിന്റെ അടിത്തറയിൽ സ്ഥാപിതമായ ബിസിനസാണ് തങ്ങളുടേതെന്നും വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ബ്രാൻഡ് മൂല്യം വളരെ വിലപ്പെട്ടതാണെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ബ്രാൻഡിന്റെ മൂല്യവും പ്രശസ്തിയും ചൂഷണം ചെയ്യാനുള്ള ഏതൊരു ശ്രമവും തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.























