കുടിയേറ്റ ബില്ലിന് വ്യാഴാഴ്‌ച ലോക്‌സഭ അംഗീകാരം നല്‍കി. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ബിസിനസ്, വിദ്യാഭ്യാസം, നിക്ഷേപം എന്നിവക്കായി ഇന്ത്യയിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ രാജ്യത്തിൻ്റെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നവര്‍ കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യ ഒരു ധര്‍മശാല (ലോഡ്‌ജ്) അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ 2025ല്‍ ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റത്തെ കുറിച്ച് സംസാരിക്കവെ തൃണമൂല്‍ കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. 2026ല്‍ പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി പശ്ചിമ ബംഗാളിൽ കൂടിയുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”കുടിയേറ്റമെന്നത് ഒരു പ്രത്യേക വിഷയമല്ല. രാജ്യത്തിൻ്റെ പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേശീയ സുരക്ഷയുടെ ഭാഗമായി രാജ്യത്തിൻ്റെ അതിര്‍ത്തിയില്‍ ആരാണ് പ്രവേശിക്കുന്നതെന്ന് അറിയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രാജ്യത്തിൻ്റെ സുരക്ഷ അപകടത്തിൽ ആക്കുന്നവരെ ഞങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കും. അദ്ദേഹം പറഞ്ഞു.
ദേശീയ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നവരെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. രാജ്യം ഒരു ധര്‍മശാലയല്ല. രാജ്യത്തിൻ്റെ വികസനത്തിന് സംഭാവന നല്‍കാന്‍ ആരെങ്കിലും രാജ്യത്തേക്ക് വന്നാല്‍ അവരെ എപ്പോഴും സ്വാഗതം ചെയ്യുന്നു,” -അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശികള്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്ന മമത ബാനര്‍ജി സര്‍ക്കാര്‍ അതിര്‍ത്തിയില്‍ വേലി കെട്ടുന്നതിന് സ്ഥലം വിട്ടു നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.