യുപിയിൽ മാധ്യമ പ്രവർത്തകനെ അജ്ഞാതസംഘം വെടിവച്ചു കൊന്ന കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വിവരാവകാശ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ രാഘവേന്ദ്ര ബാജ്‌പേയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ബാജ്‌പൈക്ക് ഭീഷണി ഫോൺ കോളുകൾ ലഭിച്ചിരുന്നതായി കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ഈ ഫോൺ കോളുകളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ ഇമിലിയ സുൽത്താൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ ലക്‌നൗ- ഡല്‍ഹി ദേശീയ പാതയിലുള്ള ഹെംപുര്‍ റെയില്‍വേ ക്രോസിന് സമീപത്താണ് രാഘവേന്ദ്ര ബാജ്പേയെ അജ്ഞാതർ വെടിവച്ചു കൊന്നത്. ബൈക്കിൽ പിന്തുടർന്നെത്തിയ അജ്ഞാത സംഘം ആദ്യം ബാജ്പേയുടെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയും നിലത്തു വീണുകിടന്ന ബാജ്പേയ്ക്ക് നേരെ വെടിയുതിർക്കുകയും ആയിരുന്നു.
നെഞ്ചിലും തോളിലും വെടിയേറ്റ ബാജ്പേയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്നതറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. സർക്കിൾ ഓഫീസർ (സിഒ), അഡീഷണൽ പോലീസ് സൂപ്രണ്ട് എന്നിവർ ഉൾപ്പെടെയുള്ള വൻ പോലീസ് സേനയും സ്ഥലത്തെത്തിയിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിസരത്തെ സിസിടിവി ക്യാമറകളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. നാല് സംഘങ്ങളായി തിരിഞ്ഞാണ് കേസന്വേഷണം. ആക്രമണത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. രാഘവേന്ദ്ര ബാജ്‌പേയ്ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.