മൈക്രോ സോഫ്റ്റിൻ്റെ ആർട്ടിഫിഷ്യൽ ഇ`ൻ്റെലിജൻസ് (എഐ) വിഭാഗത്തിന് പുതിയ നേതാവ്. ഇന്ത്യൻ വംശജനായ സീനിയർ എഞ്ചിനീയർ ജയ് പരീഖാണ് കമ്പനിയുടെ സിഇഒ സത്യ നദെല്ലയുടെ നേതൃത്വത്തിൽ പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
മെറ്റയിൽ എഞ്ചിനീയറിങ് വിഭാഗത്തിൻ്റെ ഗ്ലോബൽ ഹെഡായിരുന്നു ജയ് പരീഖ്. ഫേസ്ബുക്കിൽ 2009 മുതൽ പ്രവർത്തിച്ച അദ്ദേഹം, ക്ലൗഡ് സെക്യൂരിറ്റി കമ്പനിയായ ലേസ് വർക്കിൻ്റെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. [Jay Parikh]
മൈക്രോ സോഫ്റ്റിൽ പുതുതായി രൂപീകരിച്ച കോർ എഐ പ്ലാറ്റ്‌ഫോം ആന്റ് ടൂള്‍സ് ഗ്രൂപ്പിനാണ് പരീഖ് നേതൃത്വം നൽകുന്നത്. മൈക്രോ സോഫ്റ്റിൻ്റെ ആഭ്യന്തര ആവശ്യങ്ങൾക്കും തേർഡ് പാർട്ടി ഉപഭോക്താക്കൾക്കും പിന്തുണ നൽകുന്ന ഒരു എന്റ് ടു എന്റ് എഐ സ്റ്റാക്ക് നിർമ്മിക്കുകയാണ് ഈ ഗ്രൂപ്പിൻ്റെ ലക്ഷ്യം. എഐ ആപ്ലിക്കേഷനുകളുടെയും ഏജന്റുകളുടെയും സുഗമമായ വികസനവും വിന്യാസവും പ്രാപ്തമാക്കാൻ ഇത് സഹായിക്കും.
സത്യ നദെല്ലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ വിഭാഗം മൈക്രോ സോഫ്റ്റിൻ്റെ ഡെവലപ്പർ, എഐ പ്ലാറ്റ്‌ഫോമുകളിലെ ടീമുകളെയും സിടിഒ ഓഫീസിനെയും സംയോജിപ്പിക്കും. മെറ്റാ, അകാമൈ പോലുള്ള സ്ഥാപനങ്ങളിൽ ടെക്നിക്കൽ ടീമുകളെ വളർത്തുന്നതിലും നവീകരിക്കുന്നതിലും പരീഖിൻ്റെ സംഭാവനകളെ നദെല്ല ജീവനക്കാര്‍ക്ക് നല്‍കിയ മെമോയില്‍ പ്രശംസിച്ചു.