| ശരത് പുതുക്കുടി
കെ കരുണാകരന്‍ കോണ്‍ഗ്രസ് പൊളിറ്റിക്സില്‍ കാണിച്ച അതേ വക്രബുദ്ധിയാണ് മകന്‍ കെ മുരളീധരനും ഇപ്പോള്‍ കാണിക്കുന്നത്. സംസ്ഥാനത്തെ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് മുരളീധരൻ ഇപ്പോഴേ പ്രഖ്യാപിച്ച് കഴിഞ്ഞു.
നേരത്തേ കെ സുധാകരന്റെ പേരിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൂടി പരിഗണിക്കപ്പെട്ട പേരായിരുന്നു മുരളീധരന്റേത്. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചപ്പോൾ തനിക്ക് താത്പര്യമില്ലെന്ന് തുറന്ന പറഞ്ഞ മുരളീധരൻ ശത്രുക്കളെ ഉള്ളിൽ നേരിട്ട് സമ്പാദിക്കുന്നതിനേക്കാൾ സ്വന്തം സ്ഥാനം മികച്ച രീതിയിൽ ഉറപ്പിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
അധികാര സ്ഥാനങ്ങളോട് ആര്‍ത്തി കാണിക്കുന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ കെ മുരളീധരനെ കണ്ട് പഠിക്കണമെന്ന് അണികള്‍ക്കിടയില്‍ സംസാരമുണ്ടാക്കി ഒരു വിഭജന പ്രക്രിയയാണ് മുരളീധരന്റെ ഉദ്ധേശമെന്നത് വ്യക്തം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേന്ദ്ര മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് വടകര പാര്‍ലമെന്റ് മണ്ഡലത്തിലെത്തിയത് ഞാന്‍ മത്സരിക്കാതെ വടകര പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന നരേറ്റീവ് അണികള്‍ക്കിടയില്‍ സൃഷ്ടിച്ചെടുത്താണ്.
മുരളീധരനില്ലാത്തെ കോണ്‍ഗ്രസ് പാര്‍ലമെന്റ് രാഷ്ട്രീയം ഉപ്പില്ലാത്ത കഞ്ഞിപോലെയെന്ന പൊതുബോധം അണികളിലുണ്ടാക്കിയെടുക്കാനുള്ള മുരളീധരന്റെ ആദ്യ ചുവടുവെപ്പുകളിലൊന്നാണീ പ്രസ്താവന. താര പരിവേഷത്താല്‍ മത്സരിച്ച് വിജയിക്കുന്നതിന്റെ സുഖം അദ്ദേഹം നിലവില്‍ വടകരയില്‍ നിന്ന് അനുഭവിച്ചു കഴിഞ്ഞു.























