സോഷ്യൽ മീഡിയയിൽ തന്റെ യുട്യൂബ് ചാനലിലൂടെ കേരളാ ഹൈക്കോടതി ജഡ്‌ജിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിനെ തുടർന്നുണ്ടായ ക്രിമിനൽ കോടതിയലക്ഷ്യക്കേസിൽ കെ എം ഷാജഹാൻ സമർപ്പിച്ച മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചില്ല.
ഷാജഹാൻ നൽകിയ സത്യവാങ്‌മൂലം ഈ വിഷയത്തിൽ നിരുപാധികമായുള്ള മാപ്പായി കണക്കാക്കാനാകില്ലെന്ന് കോടതി വിലയിരുത്തി. മാത്രമല്ല, ഇതിൽ ജഡ്‌ജിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അതിന് മാപ്പ് നൽകണമെന്നും വ്യക്തമായി പറഞ്ഞിട്ടില്ല.
ഇതിനെ തുടർന്ന് നിരുപാധികം മാപ്പ് അപേക്ഷിച്ച് മറ്റൊരു സത്യവാങ്‌മൂലം കോടതിയിൽ വീണ്ടും നൽകാമെന്ന് ഷാജഹാൻ അറിയിച്ചു. എന്നാൽ, മാപ്പപേക്ഷിച്ചുള്ള സത്യവാങ്‌മൂലം മാത്രം നൽകിയാൽ പോരെന്നും യുട്യൂബ് ചാനലിലൂടെ മാപ്പ് പറയണമെന്നും അതിന്റെ പകർപ്പ് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
ഈ നടപടികൾ എല്ലാം തന്നെ പൂർത്തിയാക്കിയാലേ നിരുപാധികം മാപ്പ് അപേക്ഷിച്ചതായി കണക്കാക്കാനാകൂവെന്നും ജസ്‌റ്റിസ് പി ബി സുരേഷ്‌കുമാർ, ജസ്‌റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ജഡ്‌ജിമാർക്ക് നൽകാനെന്ന പേരിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ജഡ്‌ജിക്കെതിരെ ഷാജഹാൻ ആരോപണം ഉന്നയിച്ചത്. ഈ വിഷയത്തിലാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്.























