തിരുവനന്തപുരം: കെഎസ്‌ഇബിയിൽ പുതിയ കണക്ഷൻ അടക്കമുള്ള എല്ലാ അപേക്ഷകളും ഡിസംബർ ഒന്നുമുതൽ ഓൺലൈനിലാക്കി. ഓഫീസുകളിൽ ഇനിമുതൽ നേരിട്ട് ഒരപേക്ഷയും സ്വീകരിക്കില്ല. സേവനം സമയബന്ധിതമായി നടപ്പാക്കാനാണ് പുതിയ തീരുമാനം. സെക്ഷൻ ഓഫീസുകളിൽ നേരിട്ട് അപേക്ഷ സ്വീകരിച്ചാൽ നടപടിയെടുക്കുമെന്ന് ചെയർമാൻ ബിജു പ്രഭാകർ അറിയിച്ചു.
ഓൺലെെനിൽ ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. വിതരണ വിഭാഗം ഡയറക്‌ടർ ഇത് കൃത്യമായി നിരീക്ഷിക്കണമെന്നും ചെയർമാൻ നിർദേശം നൽകി. കെഎസ്‌ഇബിയുടെ വെബ്‌സൈറ്റിലെ ഉപഭോക്തൃ സേവന പേജിൽ മലയാളവും തമിഴും കന്നടയും ഉൾപ്പെടുത്തും. അപേക്ഷ നൽകി രണ്ട് പ്രവൃത്തി ദിവസത്തിനകം സേവനങ്ങൾക്കുള്ള തുക അറിയാനാകും.
തുടർനടപടികളുടെ ഓരോ ഘട്ടവും വാട്‌സ് ആപ്പിലും എസ്‌എംഎസ് ആയും ഉപയോക്താവിന് അറിയാം.
വിതരണ വിഭാഗം ഡയറക്‌ടർക്ക് കീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സെൻ്റെർ പൈലറ്റ് പദ്ധതിയായി സ്ഥാപിക്കും. ഐടി വിഭാഗത്തിന് കീഴിലായിരുന്ന 1912 കോൾ സെൻ്റെർ ഇനി കസ്റ്റമർ കെയർ സെൻ്റെർ നമ്പർ ആകും.