മരണശേഷവും കാസര്‍കോട് സ്വദേശിയായ സൈനികന്‍ നിതിന്‍ ആറ് ജീവനുകള്‍ കെടാതെ കാക്കും. കാസര്‍ഗോഡ് വാഹന അപകടത്തില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച നിതിൻ്റെ അവയവങ്ങള്‍ ബാംഗ്ലൂരിലെ കമാന്‍ഡ് ആശുപത്രിയിൽ എയര്‍ഫോഴ്‌സില്‍ നിന്നാണ് വിവിധ നഗരങ്ങളിലുള്ള ആറ് പേര്‍ക്ക് അതിവേഗത്തില്‍ എത്തിച്ച് അവയവമാറ്റ ചരിത്രത്തിലെ നാഴികകല്ലായത്.
നിതിൻ്റെ കോര്‍ണിയ, കരള്‍, രണ്ട് വൃക്കകള്‍, ഹൃദയം, ശ്വാസകോശം എന്നിവയാണ് വിവിധ ഇടങ്ങളിലെ ആറ് പേരിലൂടെ ജീവന്‍ വീണ്ടെടുത്തത്. 2025 ഫെബ്രുവരി 19ന് മസ്‌തിഷ്‌ക മരണം സംഭവിച്ച നിതിൻ്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭാര്യയും സഹോദരനും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ സമ്മതം നല്‍കുകയായിരുന്നു.
കര്‍ണാടക സ്റ്റേറ്റ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ്, ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ (റിസര്‍ച്ച് & റഫറല്‍) എന്നിവയുടെ മേല്‍നോട്ടത്തിലാണ് നിതിൻ്റെ കോര്‍ണിയ, കരള്‍, ഒരു വൃക്ക എന്നിവ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എയര്‍ബസില്‍ ഡല്‍ഹിയിലേക്ക് പറന്നത്. ഒരു വൃക്ക ബാംഗ്ലൂരില്‍ തന്നെയുള്ള ഒരു രോഗിക്ക് ദാനം ചെയ്‌തു. വിമാന മാര്‍ഗം തന്നെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രികളിലേക്ക് ഹൃദയവും ശ്വാസകോശവും എത്തിച്ചത്.
ആര്‍മി ബംഗളൂരു പൊലീസുമായി ചേര്‍ന്ന് ഗ്രീന്‍ കോറിഡോര്‍ സ്ഥാപിച്ചാണ് അതിവേഗം അവയവങ്ങള്‍ കൈമാറ്റം ചെയ്‌തത്. കാസര്‍കോട് പെരുമ്പള സ്വദേശിയാണ് നിതിന്‍. ചെല്ലുഞ്ഞി തെക്കേവളപ്പ് വീട്ടില്‍ പരേതനായ എംപി രാജൻ്റെയും കെ.പാര്‍വതിയുടേയും മകനാണ്. 34 വയസായിരുന്നു പ്രായം. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ചട്ടഞ്ചാലില്‍ നിതിന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍ പെടുകയായിരുന്നു. സംഭവം നാടിനെയാകെ ദുഃഖത്തിൽ ആക്കിയുന്നു.