| ഹരിമോഹൻ
മരക്കാർ കണ്ടു. വിയോജിപ്പുകൾ ഏറെയുണ്ട്. പക്ഷേ, ബാഹുബലിയും ഉറുമിയും പഴശ്ശിരാജയും വടക്കൻ വീരഗാഥയുമൊന്നും മനസ്സിലേറ്റാതെ മൂന്നുമണിക്കൂർ തിയേറ്ററിൽ ഇരുന്നതുകൊണ്ട് ആസ്വദിക്കാനുള്ള വകയൊക്കെ ഇപ്പോഴും അതിലുണ്ട് എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞാൽ എത്രപേർക്കു ദഹിക്കും എന്നറിയില്ല.
ഒരുപാടു പ്രശ്നങ്ങളുണ്ട്. പല കഥാപാത്രങ്ങളും ഇത്രനാളുകൾക്കുള്ളിൽ പ്രിയദർശൻ തന്നെ ചെയ്ത സിനിമകളിൽ നിന്ന് ഇറങ്ങിവന്നതു പോലെ തോന്നിയേക്കാം. ഏറെ ഡെപ്ത്തുള്ള മഞ്ജു വാര്യരുടെ കഥാപാത്രത്തെ ഒരു പുതുമുഖം അവതരിപ്പിച്ചാൽപ്പോലും മതിയാകുമായിരുന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്. സ്ലാങ് എന്ന ഏറെ ആരോപണം നേരിടുന്ന പ്രശ്നം സിനിമയെ വല്ലാതെ ബാധിക്കുന്നുണ്ട്. ചരിത്രത്തിൽ ‘ചിരയ്ക്കുക, കിണിക്കുക’ എന്നൊക്കെയുള്ള പദപ്രയോഗങ്ങൾ ഉണ്ടായിരുന്നോ എന്നറിയാത്തതിനാൽ ആ മേഖലയിൽ കൈവെയ്ക്കുന്നില്ല. അങ്ങനെയായിരുന്നെങ്കിൽത്തന്നെ പ്രിയദർശന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘ആഢ്യത്വം’ നിറഞ്ഞ ഭാഷയിലേ ചരിത്രപുരുഷൻ സംസാരിക്കാവൂ എന്നു വാശി പിടിക്കരുത്.
ഇതിനൊക്കെയപ്പുറം ഏറെയൊന്നും അവൈലബിൾ അല്ലാതിരുന്ന ഒരു ചരിത്രത്തിൽ നിന്ന് 30 ശതമാനം ചരിത്രം ഉപയോഗിക്കുകയും ബാക്കി 70 ശതമാനം ഭാവന ഉപയോഗിക്കുകയും ചെയ്ത് എൻഗേജിങ് ആക്കിനിർത്താൻ കഴിഞ്ഞു എന്നത് ഇന്നു മലയാള സിനിമയിൽ പ്രിയദർശനു മാത്രം കഴിയുന്ന കാര്യമാണ്. പ്രിയദർശൻ മുൻപു പറഞ്ഞതുപോലെ ഇത് അയാളുടെ സിനിമയാണ്.
ഭാവനയിൽ വിരിഞ്ഞ കഥയിൽ ശക്തമായ വിയോജിപ്പു രേഖപ്പെടുത്തേണ്ട ഒരു കാര്യമുണ്ട്. ഏറ്റവും നിർണായകമായ രണ്ടു സാഹചര്യങ്ങളുടെ, മരയ്ക്കാറുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന കാര്യങ്ങളുടെ കാരണമായി പ്രിയദർശന്റെ ഭാവനയെത്തിനിന്നതു സ്ത്രീകളിലാണ് എന്നതാണത്. പണ്ട്, എം ടി വടക്കൻ വീരഗാഥയിൽ പറഞ്ഞുവെച്ചതുപോലെ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം സ്ത്രീയാണ് എന്ന തിയറിക്ക് 2021-ലും മാറ്റം സംഭവിച്ചിട്ടില്ല എന്നതിൽ അങ്ങേയറ്റം എതിർപ്പുണ്ട്.
അപ്പോഴും പ്രെഡിക്റ്റബിൾ ആയൊരു ക്ലൈമാക്സിലേക്കുള്ള പോക്കു മികച്ച ദൃശ്യങ്ങളൊരുക്കിയും ഭാവനയിൽപ്പിറന്ന ചൈനീസുകാരനെപ്പോലുള്ള കഥാപാത്ര സൃഷ്ടികൾ നടത്തിയും അർജുൻ എന്ന തമിഴ് നടനെ ആവശ്യത്തിലധികം ഉപയോഗിച്ച ശേഷം അയാളെ റീപ്ലേസ് ചെയ്തു സുനിൽ ഷെട്ടിയെ ഇറക്കിയും ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോകാനായിട്ടുണ്ട്. ബോളിവുഡ് വരെ ചെന്നെത്തിനിൽക്കുന്ന തന്റെ എല്ലാവിധ ബന്ധങ്ങളും സാധ്യതകളും ഭേദപ്പെട്ട രീതിയിൽ ഭംഗിയായി ഉപയോഗിക്കാൻ പ്രിയദർശൻ എന്ന ഫിലിംമേക്കർക്കായിട്ടുണ്ട്.
അന്നുണ്ടായിരിക്കാൻ സാധ്യതയില്ലാത്ത ഒരു തുറന്ന യുദ്ധത്തെ എല്ലാ പരിമിതികൾക്കുള്ളിലും നിന്നുകൊണ്ടു സാങ്കേതികത പരമാവധി ഉപയോഗപ്പെടുത്തി എന്റർടെയ്നറാക്കാൻ അയാൾ ശ്രമിച്ചിട്ടുണ്ട്. അതിൽ ഒരുപരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട് വ്യക്തിപരമായ കാഴ്ചയിൽ.
ഭൂരിപക്ഷമാളുകളും പറഞ്ഞ രണ്ടഭിപ്രായങ്ങളോടുള്ള വിയോജിപ്പു കൂടി പറയേണ്ടതുണ്ട്.
ഒന്ന്, സിനിമയുടെ ആദ്യഭാഗങ്ങളിൽ ഏറെ നന്നായി ചെയ്തു എന്നവകാശപ്പെടുന്ന പ്രണവിന്റെ അഭിനയത്തെക്കുറിച്ചാണ്. അതിൽ ഒന്നു മാത്രമേ പറയാനുള്ളൂ. പാർക്കർ അഭ്യാസത്തിനപ്പുറം അയാളുടെ ഒരഭിനയ ചാരുതയും ഇന്നുവരെ കണ്ടിട്ടില്ല, മരക്കാറിലും അതങ്ങനെ തന്നെയാണ്.
രണ്ട്, ഈ സിനിമയ്ക്ക് അണിയറപ്രവർത്തകർ ഹൈപ്പ് നൽകി എന്ന ആരോപണത്തെക്കുറിച്ചാണ്. ആരെയും വീട്ടിൽ വന്നു ക്ഷണിക്കാതെ തന്നെ ആദ്യ ദിവസങ്ങളിൽ അവരവരുടെ കാശ് മുടക്കി തിയേറ്ററുകളിലേക്ക് എത്തിച്ച ആന്റണി പെരുമ്പാവൂരിന്റെ ബ്രില്യൻസിന് ഒരു വലിയ കൈയടി നൽകുന്നു. അയാൾ അടിമുടി കച്ചവടക്കാരനാണ്. അയാൾക്കറിയാവുന്ന ആ പണി അയാൾ ചെയ്തു. സിനിമ ഇഷ്ടപ്പെടുത്തുക എന്നതല്ല, മുടക്കുമുതൽ തിരിച്ചുപിടിക്കുക എന്ന പണിയാണ് അയാൾ വൃത്തിയായി ചെയ്യുന്നത്, ചെയ്തത്.