മാസപ്പടി കേസിൽ എസ്എഫ്ഐഒ നടപടിക്ക് സ്റ്റേ ഇല്ല. തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിൻ്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേസ് ഈമാസം 21ന് പരിഗണിക്കും. എസ്എഫ്ഐഒ അന്വേഷണം പൂർത്തിയായ സ്ഥിതിക്ക് പുതിയ ഹർജി നിലനിൽക്കുമോ എന്ന് കോടതി നിരീക്ഷിച്ചു.
കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. കേസ് നേരത്തെ പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദിൻ്റെ ബെഞ്ചിലേക്കാണ് കേസ് മാറ്റിയത്. സിഎംആര്‍എല്ലിൻ്റെ ആവശ്യം അനുസരിച്ചായിരുന്നു ബെഞ്ച് മാറ്റം. കേസിൽ ഇഡി കടന്നു വരികയാണെന്നും ഇത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു.
മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ആകെ പതിമൂന്ന് പ്രതികള്‍ ആണുള്ളത്. കേസില്‍ വീണ വിജയന്‍ 11ാം പ്രതിയാണ്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസില്‍ ഒന്നാം പ്രതി. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ വിശദാംശങ്ങളാണ് പുറത്ത് വന്നത്.
114 രേഖകളും 72 സാക്ഷികളും എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസ് പ്രത്യേക കോടതി ഈ ആഴ്‌ച നമ്പറിട്ട് പരിഗണിക്കും എന്നാണ് വിവരം.
അതേസമയം, മാസപ്പടി കേസില്‍ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നതായും വാര്‍ത്ത പുറത്ത് വന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഇഡി നടപടികള്‍ പുനരാരംഭിക്കുന്നത്.
എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ അവരോട് രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കത്ത് നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷം ചോദ്യം ചെയ്യുന്നതിനായി വീണാ വിജയന്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്.
കേസ് തേച്ചുമായ്ച്ച് കളയാനാകില്ലന്നും ജനത്തിന് വാസ്‌തവം ബോധ്യപ്പെടുന്നെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. ഇഡിയെ വിശ്വാസമില്ലെന്നും സ്വര്‍ണ്ണ കടത്ത് കേസില്‍ അടക്കം ഒത്തുകളിച്ചത് കണ്ടതാണെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു.
നേരത്തെ മാസപ്പടി കേസില്‍ സിഎംആര്‍എല്‍, കെഎസ്.ഐ.ഡി സി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്‌തിരുന്നു. മാസപ്പടി കേസില്‍ ഇഡി കൂടി എത്തുന്നതോടെ കോര്‍പ്പറേറ്റ് ഫ്രാഡ് എന്നതിനപ്പുറം സിഎംആര്‍എല്‍ മാസപ്പടി ഡയറിയിലേക്ക് കൂടി അന്വേഷണം നീളാന്‍ സാധ്യതയുണ്ട്.