കൊച്ചി, കളമശേരി ഗവ. പോളി ടെക്‌നിക്കില്‍ വന്‍ കഞ്ചാവ് വേട്ടയിൽ മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ. കോളജ് ഹോസ്റ്റലില്‍ രാത്രിയാണ് റെയ്‌ഡ് നടന്നത്. രണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടി. ഹോളി ആഘോഷങ്ങള്‍ക്കായി കോളേജ് ഹോസ്റ്റലിനുള്ളില്‍ ലഹരി സൂക്ഷിക്കുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇലക്ട്രിക് ത്രാസ് അടക്കം ഉപയോഗിച്ച് കഞ്ചാവ് ചെറിയ പാക്കറ്റുകളില്‍ ആക്കുന്നതിനിടെ ആയിരുന്നു പൊലീസ് പരിശോധന.
എഫ്.ഐ.ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിൻ്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവരുടെ മുറിയില്‍ നിന്ന് 9.70 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
രണ്ടുപേർക്ക് സ്റ്റേഷൻ ജാമ്യം
പൊലീസിൻ്റെയും ഡാന്‍സാഫിൻ്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. അറസ്റ്റിലായ രണ്ടുപേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഒരാളെ കളമശേരി പൊലീസ് കോടതിയിൽ ഹാജരാക്കും. ഹോളി ആഘോഷങ്ങള്‍ക്കായി കോളേജ് ഹോസ്റ്റലിനുള്ളില്‍ ലഹരി സൂക്ഷിക്കുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
പോരാട്ടത്തിന് കെ.എസ്.യു
“വളരെ ഗൗരവത്തോടെയാണ് സംഭവത്തെ നോക്കിക്കാണുന്നതെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന വിലയിരുത്തല്‍ ഇല്ല,” -കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. “ക്യാമ്പസുകളില്‍ ലഹരി തുടച്ചുമാറ്റേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്,” -അദ്ദേഹം പറഞ്ഞു.
“ലഹരിക്കെതിരെ വലിയൊരു പോരാട്ടത്തിന് കെ.എസ്.യു തുടക്കം കുറിച്ചു കഴിഞ്ഞു. കാസര്‍കോട് നിന്ന് ആരംഭിച്ച ഞങ്ങളുടെ ക്യാമ്പസ് ജാഗരണ്‍ യാത്ര വെള്ളിയാഴ്‌ച എറണാകുളം ജില്ലയില്‍ പ്രവേശിക്കാൻ ഇരിക്കെയാണ് ഇത്തരത്തിലുള്ള വിഷമകരമായ വാര്‍ത്ത ശ്രദ്ധയില്‍പെടുന്നത്. ഇതില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഒരു വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയാണ്” -അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്ന് കേസിൽ ഒരു ഇളവുമില്ലെന്ന് മന്ത്രി
കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. “ഏതെങ്കിലും സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ ഇതില്‍ ഉണ്ടോ എന്ന് അറിയില്ലെന്നും അതൊന്നും സര്‍ക്കാരിൻ്റെയും എക്‌സൈസിൻ്റെയും മുന്നില്‍ വിഷയമേയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംഘടനയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കൂടിയാണ് കേരളത്തിന് ലഹരിയെ ചെറുത്ത് നില്‍ക്കാന്‍ സാധിക്കുന്നത്,” -മന്ത്രി പറഞ്ഞു.
“അരാജക പ്രവണത ചില സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരിലുണ്ടാകാം. ഏതെങ്കിലും സംഘടനയില്‍ ഉള്‍പ്പെട്ടവരുണ്ടോ, ഏതെങ്കിലും കൊടി പിടിച്ചവരുണ്ടോ എന്നതൊന്നും വിഷയമല്ല. ഒരു തരത്തിലുള്ള ഇളവും ഉണ്ടാവില്ല. ഉരുക്ക് മുഷ്‌ടി ഉപയോഗിച്ച് ഇത്തരം ശക്തികളെ അമര്‍ച്ച ചെയ്യുക തന്നെ ചെയ്യും,” -അദ്ദേഹം വ്യക്തമാക്കി.
കോളജിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന്
“ലഹരി ഇടപാടുകള്‍ സംബന്ധിച്ച് നേരത്തെ പരാതി നല്‍കിയിരുന്നെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഐജു തോമസ് പറഞ്ഞു. പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. കോളജിന് വീഴ്‌ച സംഭവിച്ചിട്ടില്ല. ആഘോഷങ്ങള്‍ മുമ്പ് പൊലീസില്‍ കൃത്യമായി വിവരങ്ങള്‍ അറിയിക്കാറുണ്ട്. സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും,” -അദ്ദേഹം പറഞ്ഞു.
കഞ്ചാവിനായി ഹോസ്റ്റലില്‍ പണം പിരിച്ചു
ഹോളി ആഘോഷിക്കാന്‍ കഞ്ചാവിനായി ഹോസ്റ്റലില്‍ പണം പിരിച്ചെന്നാണ് വിവരം. കഞ്ചാവ് ആവശ്യമുള്ളവരില്‍ നിന്നാണ് പണം പിരിച്ചത്. ഈ പണം ഉപയോഗിച്ചാണ് പ്രതികള്‍ കഞ്ചാവ് വാങ്ങിയത്. രഹസ്യന്വേഷണ വിഭാഗത്തിന് പണപിരിവിൻ്റെ വിരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് പരിശോധന നടത്തിയത്.
ഇലക്ട്രിക് ത്രാസും കണ്ടെടുത്തു
പിടിച്ചെടുത്ത കഞ്ചാവ്, വില്‍പനക്ക് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് അളക്കാനുള്ള ഇലക്ട്രിക് ത്രാസും കണ്ടെടുത്തു. “പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൂടുതല്‍ പ്രതികള്‍ കേസില്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള തിരച്ചിലും നടത്തുന്നുണ്ട്.” -ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.മഹേഷ് പറഞ്ഞു.