| ശ്രീകാന്ത് പികെ
‘ക്യാംപസിൽ കഞ്ചാവ് സ്റ്റാർട്ടപ്പോ’ എന്ന് മാതൃഭൂമി ന്യൂസ് ചാനൽ ടൈറ്റിൽ കൊടുത്ത് പ്രൈം ടൈം ചർച്ച നടത്താൻ പോകുന്ന കാർഡ് കണ്ടു. ടൈറ്റിൽ പിന്നീട് മാറ്റിയത്രേ. സ്റ്റാർട് അപ്പ് എന്ന വാക്ക് കേരള പൊതു സമൂഹത്തിൽ കൂടുതൽ ഉച്ചത്തിൽ മുഴങ്ങുന്ന സമയമാണ്. വ്യവസായ വകുപ്പിന്റെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റും, ഡി.വൈ.എഫ്.ഐ നടത്തിയ മവാസോ യങ് സ്റ്റാർട് അപ്പ് ഫെസ്റ്റിവലുമൊക്കെ കേരളത്തിലെ വ്യാവസായിക അന്തരീക്ഷത്തിൽ സ്റ്റാർട് അപ്പ് എന്ന പദം ധനാത്മകമായ നിലയിൽ ചർച്ച ചെയ്യുന്ന സമയം. അങ്ങനെ വിടാൻ പാടുണ്ടോ.. അതിന് ഞങ്ങൾ മലയാള മാദ്ധ്യമങ്ങൾ ചാകണം.
കളമശ്ശേരിയിലെ ഒരു പോളി ടെക്നിക്കിൽ നിന്ന് കഞ്ചാവ് പിടികൂടി എന്ന വാർത്ത വന്നു. ആദ്യം ആരോപണം വിധേയനായത് എസ്.എഫ്.ഐ പ്രവർത്തകൻ, അപ്പോഴേക്കും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുതൽ താഴോട്ട് സകല മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളും ആഘോഷിച്ചു. അടുത്ത മണിക്കൂറിൽ കെ.എസ്.യു പ്രവർത്തകന്റെ മുറിയിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവ്, അതും പാക്കറ്റുകളിൽ വിൽപ്പനക്ക് വച്ചത് പിടികൂടി. പക്ഷെ ക്വട്ടേഷൻ സംഘത്തിന്റെ നുണ പ്രചരണം അപ്പോഴേക്കും മുപ്പത് റൗണ്ട് ഓടി കഴിഞ്ഞു.
‘നല്ലവനായ’ കെ.എസ്.യു പ്രസിഡന്റ് കഞ്ചാവ് വേട്ടയിൽ രാഷ്ട്രീയം കലർത്തരുതെന്നും സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും പ്രസ്താവിച്ച് തടിയൂരി. ആലോചിച്ച് നോക്കണം, സ്കൂൾ വിദ്യാർത്ഥികളടക്കം എം ഡി എം എ പോലുള്ള സിന്തറ്റിക് ലഹരി ഉപയോഗിക്കുന്ന അപകടകരമായ ഈ അവസ്ഥയെ കുറിച്ച് അനേകം മാസങ്ങളായി കേരളം ചർച്ച ചെയ്യുന്നു. ദിനേനയെന്നോണം പലരേയും പോലീസ് പിടിക്കുന്നു. സ്‌ക്രോൾ ന്യൂസിലപ്പുറമൊരു ന്യൂസ് വാല്യൂ ഇവർ കൊടുത്തിട്ടില്ല.
എന്തിന്, പഴ കച്ചവടത്തിന്റെ മറവിൽ കോടികളുടെ മയക്ക് മരുന്ന് കച്ചവടം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെയും പ്രാദേശിക കോൺഗ്രസ് നേതാവായ പിതാവിന്റെയും വാർത്ത നമുക്ക് എത്ര മുഖ്യധാരാ മാദ്ധ്യമങ്ങളുടെ ആർക്കൈവിൽ തന്നെ കാണാം. കഞ്ചാവ് അല്ല, സിന്തറ്റിക് ലഹരി ഉൽപ്പന്നങ്ങളാണ് അവർ കച്ചവടം ചെയ്തത്. ഇന്നടക്കം കഴിഞ്ഞ ഒരാഴ്ച്ച മാത്രമെടുത്താൽ മൂന്നോളം കേസുകളിൽ പിടിയിലായ കോൺഗ്രസ് – ബിജെപി പ്രവർത്തകരുടെ വാർത്തകൾ എന്റെ ശ്രദ്ധയിൽ തന്നെ പെട്ടിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും കേരളത്തിൽ അല്ലെങ്കിൽ കലാലയങ്ങളിൽ മയക്ക് മരുന്ന് സ്റ്റാർട് അപ്പ് ആണോയെന്ന് ചാനലുകൾക്ക് സംശയം വന്നില്ല.
കലായങ്ങളിൽ കഞ്ചാവ് പോലുള്ള മയക്ക് മരുന്ന് ഉത്പന്നങ്ങൾ വ്യാപകമായത് ഈ കാലത്തൊന്നുമല്ലെങ്കിലും അത് അപകടകരമായ പ്രശ്നവും വിദ്യാർത്ഥി സംഘടനകളും പൊതു സമൂഹവും സ്വയം വിമർശനത്തോടെ തന്നെ ഗൗരവകരമായി കൈകാര്യം ചെയ്യേണ്ട വിഷയമാണ്. എന്നാൽ ഇന്ന് ഈ പ്രൈം ടൈം ചർച്ച നടത്തുന്ന ഒറ്റയെണ്ണത്തിനുമുള്ള താൽപ്പര്യം ഇതൊന്നുമല്ലെന്ന് മനസിലാക്കാൻ റോക്കറ്റ് സയൻസൊന്നും പഠിക്കേണ്ട കാര്യമില്ല.
മുന്നേ ഷൈൻ ടോം ചാക്കോയോടാണെന്ന് തോന്നുന്നു, സിനിമാ മേഖലയിലെ മയക്ക് മരുന്ന് ഉപയോഗത്തെ കുറിച്ച് ചോദിച്ചപ്പോൾ പിടിക്കപ്പെടുന്ന കേസുകളിൽ എത്ര ശതമാനം സിനിമാക്കാരുണ്ട്, നിങ്ങൾ മീഡിയക്കാരിൽ ആരും മയക്ക് മരുന്ന് ഉപയോഗിക്കില്ലെന്ന് ഉറപ്പിച്ച് പറയാമോ എന്ന് ചോദിച്ചിരുന്നു. എക്സൈസ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റെന്ന’ പേരിൽ നടത്തിയ റെയ്ഡുകളിലാണ് കഴിഞ്ഞ 8 ദിവസങ്ങളായി 1.9 കോടി രൂപയുടെ മയക്ക് മരുന്നുകൾ പിടിച്ചെടുത്തത്.
3,568 റെയ്ഡുകളും 33,709 വാഹന പരിശോധനകളുമാണ് ഇതിന്റെ ഭാഗമായി നടത്തിയത്. അടുത്ത ഘട്ടത്തിൽ റെയ്ഡ് മാദ്ധ്യമ പ്രവർത്തകരുടെ വീടുകളിലും വാഹനങ്ങളിലും കൂടി നടത്തി നോക്കണം. അപ്പോൾ മനസിലാകും ലഹരി ഉപഭോഗത്തെ കുറിച്ച് നെഞ്ചത്തടിക്കുന്നവരുടെ തനി നിറം .
ക്യാംപസിൽ കഞ്ചാവ് സ്റ്റാർട്ടപ്പോ എന്ന് സംശയമുള്ള മാതൃഭൂമി ന്യൂസ് ടൈറ്റിൽ മാറ്റേണ്ട ആവശ്യമില്ല. കിലോ കണക്കിന് കഞ്ചാവ് പാക്കറ്റുകളാക്കി വിൽപ്പനക്ക് സൂക്ഷിച്ച കെ.എസ്.യുക്കാരനോട് തന്നെ വിളിച്ചിരുത്തി ചോദിച്ചാൽ മതി. അത് ബുദ്ധിമുട്ടാണെങ്കിൽ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലുള്ള പഴയ സഹപ്രവർത്തകനോട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനോട് നേരിട്ട് ചോദിച്ചിട്ട് അറിയിക്കാൻ പറഞ്ഞാലും മതി.