| അഡ്വ. എം സുകുമാരൻ ലാൽ
ഈ ആന്റണി രാജുവിനൊന്നും അറിയാഞ്ഞിട്ടല്ല. എല്ലാവരുമിരിക്കുന്ന സീറ്റുകളിൽ അധികാരപൂർവം അമർന്നിരുന്നു യാത്ര ചെയ്യാൻ കൊതിയ്ക്കാത്ത വിദ്യാർത്ഥികളോ വിദ്യാർത്ഥിനികളോ ഇല്ലാതിരുന്നിട്ടില്ല. ഒരാളും ഒരിക്കലും വിദ്യാർത്ഥികൾക്കൊപ്പം നിന്നിട്ടില്ല. അവർക്കെന്നും അവരും അവരുടെ സംഘടനകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ബസ് സ്റ്റാൻഡുകളിലും സ്കൂൾ കോളേജ് സ്റ്റോപ്പുകളിലും അപൂർവമായി മാത്രം സംഘടിക്കപ്പെട്ട തടഞ്ഞിടൽ സമരങ്ങൾ മാത്രമായിരുന്നു അവരുടെ പ്രതിഷേധവും പ്രതിരോധവും! ബസ് പുറപ്പെടുന്നയിടം മുതൽ ഇറങ്ങുന്നയിടം വരെ നീളുന്ന അവമതിയും പുച്ഛവും അറപ്പും ഒക്കെ സഹിച്ചു സഞ്ചരിച്ചകുട്ടികൾ മുതിർന്നതിൽ ഒരെണ്ണം ഇങ്ങിനെ ആന്റണി രാജുവായി സ്വയം വെളിപ്പെട്ടുവെന്നേയുള്ളൂ. ഏതു കുട്ടിയ്ക്കാണ് സർ കൺസെഷനിൽ യാത്ര ചെയ്യുവാൻ നാണക്കേടുണ്ടായത്?
അഞ്ചുരൂപ കൊടുത്തിട്ട് നാണക്കേട് കൊണ്ട് ബാക്കിവാങ്ങാതെ കണ്ടക്ടർക്കു മുന്നിൽ മുഖമൊളിപ്പിച്ചു നിന്ന ആ മഹാനായ വിദ്യാർത്ഥിയെ ചൊല്ലി താങ്കളുടെയും ബസ് മുതലാളിമാരുടെയും അഭിമാനം പതഞ്ഞുയരട്ടെ! ഞങ്ങൾക്ക് അത്തരം ദുരഭിമാനങ്ങളില്ല സർ! ഓർമകളിൽ പത്ത് പൈസയായിരുന്നു. ഇന്ന് രണ്ടുരൂപയെങ്കിലുമുണ്ടല്ലോ. നിങ്ങളെല്ലാം ഒരൂരൂപ പോലും കൊടുക്കാതെ സീറ്റിൽ ചരിഞ്ഞും കിടന്നും യാത്രചെയ്യുമ്പോഴും രണ്ടുരൂപയുടെയെങ്കിലും ഔദാര്യത്തിൽ നിങ്ങളുടെ സീറ്റിന്റെ ഇടം വലം കമ്പികളിൽ കെട്ടിപ്പിടിച്ചു നിന്ന് വീഴാതെ വിയർപ്പിൽ ഒട്ടി കൊഴിഞ്ഞുവീഴാറായ ഞങ്ങളുടെ സഞ്ചാരങ്ങൾക്ക് വിലയിടരുത് സർ!
ഭൂരിഭാഗവും സ്കൂൾ കോളേജ് ബസുകളിലും ഓട്ടോകളിലും ട്രാവലറിലുമൊക്കെ പോയിട്ടും ബാക്കി ഒന്നും സാധ്യമാകാത്തവരും മറ്റുവാഹനങ്ങൾ ലഭ്യമല്ലാത്തവരും മാത്രം ആയിട്ടുണ്ടിപ്പോൾ. ഡ്രൈവറും കണ്ടക്ടരും പിന്നെ കിളിയെന്നു വിളിയ്ക്കുന്നവന്റെയെല്ലാം കനിവും ദയയും കാത്തു ദൈന്യതയോടെ ബസ് പുറപ്പെടുന്നയിടത്തു വരിനിൽക്കുന്ന കുട്ടികളോളം ക്ഷമയൊന്നും മറ്റെവിടെയും കണ്ടിരിക്കില്ല.
എല്ലാവരും കയറി നിറഞ്ഞശേഷം ഇനിയും സീറ്റില്ലല്ലോയെന്നുറപ്പു വരുത്തി കണ്ടക്ടറുടെ ഔദാര്യത്തിന് കാത്തുനിൽക്കുന്ന ഒരു രാജ്യത്തിന്റെ നാളെയുടെ അവകാശികളെ ലോകത്ത് വേറെയെവിടെയാണ് ഇത്രമേൽ അപമാനിയ്ക്കപ്പെട്ട കുട്ടിക്കാലം ഓർത്തെടുക്കുവാൻ ബാക്കിവയ്ക്കുന്നത്!
ബസ് ജീവനക്കാർ മാത്രം അല്ലല്ലോ. വരിനിൽക്കുന്ന പെൺകുട്ടികൾക്കിടയിലൂടെ എല്ലാവിധ അവകാശത്തോടെയും വൈകിയെത്തിയാലും സീറ്റുറപ്പിച്ചു കടന്നിരിയ്ക്കുന്ന നമ്മുടെ മുഖത്തും കുട്ടികൾ അതേ പുച്ഛം വായിച്ചെടുക്കുന്നുണ്ടാകും! സീറ്റൊഴിഞ്ഞാലും ഇരിക്കാൻ ധൈര്യപ്പെടാതെ ബാഗും മറ്റുമൊക്കെയായി കമ്പിയിൽ തൂങ്ങിയാടുന്ന പെൺകുട്ടികൾ.
ഇതിനിടയിലും പ്രതികരിക്കുന്ന ചില കുട്ടിപ്രതിരോധങ്ങൾ. ബസുകാരന്റെ ചിഹ്നമെന്നോണം കിളിയുടെ വക ജാക്കി ലിവർ പ്രയോഗങ്ങൾ. ചോരവീണ ബസ് സ്റ്റോപ്പുകൾ. ഓർമ്മകൾ ഒറ്റദിനം കൊണ്ട് ആന്റണി രാജുവിന് വലിയൊരു ഫലിതമായേക്കാം. ബുസുടമകൾക്കൊപ്പം KSRTC യുടെ കണ്ണീരും രാജു ഒപ്പിക്കൊള്ളട്ടെ! പക്ഷെ, വല്ലാണ്ടാങ്ങ് കേമനായപ്പോൾ അങ്ങയുടെ രണ്ടുർപ്പിയയുടെ ആ നാണക്കേടുണ്ടല്ലോ. തൃപ്തിയായി സർ.