ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിൽ ബൈസരൻ താഴ്‌വരയിൽ ചൊവ്വാഴ്‌ച നടന്ന ഭീകരാക്രമണത്തിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 20 ലധികം പേർ കൊല്ലപ്പെട്ടതായി പോലീസ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
“മിനി- സ്വിറ്റ്‌സർലൻഡ്” എന്നറിയപ്പെടുന്ന പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമായ താഴ്‌വരയിൽ വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുണ്ടായപ്പോൾ ഉടൻ തന്നെ സുരക്ഷാ സേനകൾ ആ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്.
കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ സ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിയൂ. അതിനാൽ രക്ഷാ പ്രവർത്തനത്തിനും സഹായങ്ങൾക്കും കൂടുതൽ വെല്ലുവിളിയായി. പരിക്കേറ്റവരെ അധികൃതർ ഒരു ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. ചിലരെ പുൽമേടുകളിൽ നിന്ന് നാട്ടുകാർ ഇറക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
വിനോദ സഞ്ചാരികളിൽ പരിക്കേറ്റതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കൃത്യമായി വ്യക്‌തത കിട്ടിയിട്ടില്ല. പരിക്കേറ്റ 12 വിനോദ സഞ്ചാരികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും പഹൽഗാം ആശുപത്രിയിലെ ഒരു ഡോക്ടർ പിടിഐയോട് പറഞ്ഞു.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിനോദ സഞ്ചരികള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷാ കാശ്‌മീരില്‍ എത്തി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്‌ദുല്ല എക്‌സില്‍ കുറിച്ചു.
2019ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരക്രമണമാണ് ജമ്മു കാശ്‌മീരില്‍ ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിട്ടുണ്ട്.
സൈനിക വേഷത്തിലെത്തിയ മൂന്ന് ഭീകരര്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഭീകര ആക്രമണത്തിൻ്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. എന്‍ഐഎ സംഘം ബുധനാഴ്‌ച രാവിലെ സ്ഥലത്ത് പരിശോധന നടത്തും. മരണസംഖ്യ കണക്കാക്കി വരുന്നതേയുള്ളൂവെന്നും കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമെന്നും ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി വ്യക്തമാക്കി.