ഒളിംപിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തുനിന്നും പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം നടക്കുന്നു . ഈ മാസം 25ന് ചേരുന്ന ഐഒഎ യോഗത്തിൽ ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് ഉയർന്നു വരുന്ന തീരുമാനം. യോഗത്തിൽ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതും ചർച്ച ചെയ്യും.
എന്നാൽ, പി.ടി.ഉഷയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന ഈ രീതിയിൽ ഒരു അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കില്ലെന്നാണ്. രേഖാമൂലം ഏതെങ്കിലും അംഗങ്ങൾ ആവശ്യപ്പെട്ടാൽ മാത്രമേ ഇത് പരിഗണിക്കാൻ സാധിക്കൂ. അങ്ങിനെയൊരു അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാൽ തന്നെ അവിശ്വാസ പ്രമേയം പരിഗണിക്കാനാവില്ലെന്നുമാണ് അവർ പറയുന്നത്.
നിലവിൽ ഒക്ടോബർ 25ന് നടക്കുന്ന ഐഒഎയുടെ ജനറൽ മീറ്റിങ്ങിനായി 26 ഇന അജൻഡ എക്സിക്യൂട്ടീവ് അംഗ കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. 26ാമത്തെ ഇനമായിട്ടാണ് അതിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയെന്നും ചർച്ച ചെയ്യുമെന്നും രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 12 പേരും ഉഷയ്ക്ക് എതിരാണ്.