കുട്ടികൾക്കിടയിൽ മുണ്ടിനീര് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ. ഇക്കൊല്ലം ഇതുവരെ 69,113 കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നാണ് കണക്കുകൾ പറയുന്നത്. അതേസമയം കഴിഞ്ഞവർഷം 2324 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്‌തത്.
ഒരു വർഷത്തിനിടെ രോഗികളുടെ എണ്ണത്തിൽ 30 മടങ്ങാണ് വർദ്ധനവുണ്ടായത്. രോഗത്തിന് അലോപ്പതിയല്ലാതെ മറ്റു ചികിത്സയും ആശ്രയിക്കുന്നവർ ഉണ്ടാകുമെന്നതിനാൽ രോഗബാധിതർ ഇതിലേറെയും ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നു.
മുണ്ടിനീരിനും (മംപ്‌സ്), അഞ്ചാം പനിക്കും (മീസിൽസ്) റുബെല്ലക്കും എതിരായ വാക്‌സിൻ മംപ്‌സ്- മീസിൽസ്- റുബെല്ല (എംഎംആർ) വാക്‌സിൻ) 2016 നിർത്തലാക്കി മീസിൽസ്- റുബെല്ല (എം.ആർ) വാക്‌സിൻ മാത്രമാക്കി മാറ്റിയിരുന്നു. ഇതിനുശേഷമാണ് മുണ്ടിനീര് കേസുകളിൽ വർദ്ധനവുണ്ടായതെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ.
എംഎംആർ വാക്‌സിന് പ്രതിരോധശേഷി കുറവാണെന്നും മുണ്ടിനീര് ഗുരുതരമല്ലെന്നും കാണിച്ചായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്‌സിൻ നിർത്തലാക്കിയത്. അഞ്ചാംപനിക്ക് 93 ശതമാനവും റുബല്ലയ്ക്ക് 97 ശതമാനവും പ്രതിരോധം നൽകുമ്പോൾ മുണ്ടിനീരിന് 78 ശതമാനവുമായിരുന്നു വാക്‌സിൻ പ്രതിരോധം നൽകിയിരുന്നത്.
പാരമിക്സോ വൈറസ് കാരണമുണ്ടാകുന്ന മുണ്ടിനീര് വായുവിലൂടെ ആണ് പ്രധാനമായും പകരുന്നത്. അഞ്ചു മുതൽ 15 വയസുവരെയുള്ള കുട്ടികളിലാണ് രോഗം പ്രധാനമായും കണ്ടുവരുന്നത്. ചെറിയ പനിയും തലവേദനയും ആണ് തുടക്കത്തിലെ ലക്ഷണങ്ങൾ.തുടർന്ന് ചെവിക്ക് താഴെ കവിളിൻ്റെ വശങ്ങളിൽ വീക്കം ഉണ്ടാകുന്നു. നീരുള്ള ഭാഗത്ത് വേദനയും അനുഭവപ്പെടാം. രോഗം ബാധിച്ച കുട്ടികളെ സ്‌കൂളിൽ വിടാതിരിക്കുന്നതാണ് ഉചിതം. അപൂർവമായി മുതിർന്നുവരിലും രോഗംബാധിക്കാറുണ്ട്.
ചികിത്സിച്ചില്ലെങ്കിൽ കേൾവി തകരാറിനും ഭാവിയിൽ വന്ധ്യതയ്ക്കും ഗർഭിണികളിൽ ആദ്യ മൂന്നുമാസങ്ങളിൽ മുണ്ടിനീരുണ്ടായാൽ ഗർഭം അലസാനും സാധ്യത ഏറെയാണെന്നും ആരോഗ്യ വിദഗ്‌ധർ പറയുന്നു. രോഗം ഗുരുതരമായാൽ തലച്ചോറിനെ ബാധിക്കാനും സാധ്യതയുണ്ട്.
ഇക്കൊല്ലം ഇതുവരെ മലപ്പുറം കണ്ണൂർ ജില്ലകളിൽ പതിനായിരത്തിൽ അധികം മുണ്ടിനീര് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മലപ്പുറം ജില്ലയിൽ 13,524 കേസുകളും കണ്ണൂർ ജില്ലയിൽ 12,800 കേസുകളും റിപ്പോർട്ട് ചെയ്‌തിരുന്നു. പാലക്കാട് 5000 കേസുകളും തിരുവനന്തപുരത്ത് 1575 കേസുകളും റിപ്പോർട്ട് ചെയ്‌തു. രോഗ വ്യാപനത്തെ തുടർന്ന് തൃശ്ശൂർ ഇടുക്കി ആലപ്പുഴ ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകൾ ആഴ്‌ചകളോളം അടച്ചിട്ടിരുന്നു.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.