ശബരിമല സ്വർണ കൊള്ളയിൽ മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിൽ. ദ്വാരപാലക ശിൽപത്തിലെ സ്വർണ മോഷണ കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു.
2019 മുതൽ 2024 വരെയുള്ള സ്വർണപാളികളും കട്ടിളപാളികളും കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ശശിധരൻ നേരിട്ട് എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ഇയാളെ വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്യുക.
ബുധനാഴ്‌ച രാത്രി പെരുന്നയിലെ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്ത് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്‌തിരുന്നു. 1998ൽ തന്നെ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശിയതാണെന്ന് അറിഞ്ഞിട്ടും 2019ൽ അത് ചെമ്പ് പൊതിഞ്ഞത് ആണെന്നായിരുന്നു ഇയാൾ മഹസറിൽ എഴുതിയിരുന്നത്. വ്യാജ രേഖ ചമച്ചതിന്‍റെ തുടക്കം മുരാരി ബാബുവിന്‍റെ കാലത്താണ് എന്നാണ് റിപ്പോർട്ട്.
കൂടാതെ, ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശാൻ ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഏൽപ്പിക്കണമെന്ന് ചെന്നൈയിലുള്ള സ്‌മാർട്ട് ക്രീയേഷൻസിൽ നിന്നും 16.08.2024 ൽ ലഭിച്ച ഇമെയിലിനും ദ്വാരപാലക ശില്പങ്ങൾ അനുവദിക്കണമെന്ന് 2024-ലും ഇയാൾ ദേവസ്വം ബോർഡിലേക്ക് നിയമ വിരുദ്ധമായി ശിപാർശ നൽകി.
ഇത് ദേവസ്വം ബോർഡിൽ പ്രതിസന്ധി ഉണ്ടാക്കിയെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ രണ്ട് കാര്യങ്ങളിലാണ് മുരാരി ബാബുവിൻ്റെ പങ്ക് സംശയിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തിയിരുന്നത്.























