പാലക്കാട്, മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിൻ്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്.
കൊലപാതക കുറ്റം തെളിവ് നശിപ്പിക്കൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. മണ്ണാ൪ക്കാട് പട്ടികജാതി പട്ടികവകുപ്പ് പ്രത്യേക കോടതി ജഡ്‌ജി ജോമോൻ ജോണാണ് ശിക്ഷ വിധിച്ചത്.
ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും നിർണായകമായ കേസില്‍ 35 സാക്ഷികളെ വിസ്‌തരിച്ചു. എട്ടുവർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കും ഒരു വർഷം നീണ്ട വിചാരണക്കും ഒടുവിലാണ് ശിക്ഷ വിധിക്കുന്നത്.