ബോളിവുഡ് നടൻ സൽമാൻ ഖാൻ അടുത്ത് പുറത്തിറങ്ങുന്ന ‘സിക്കന്ദർ’ എന്ന ചിത്രത്തിൻ്റെ പ്രമോഷൻ പരിപാടിക്കിടെ ധരിച്ച വാച്ച് എല്ലാവരുടെയും ശ്രദ്ധ കവർന്നിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പതിപ്പ് ഡയലിൽ കൊത്തിയെടുത്ത വാച്ച് ആണ് സൽമാൻ ധരിച്ചത്. എന്നാൽ സൽമാൻ ഖാൻ ആ വാച്ച് ധരിച്ചത് ‘ഹറാം’ (ഇസ്ലാമില്‍ നിഷിദ്ധമായത്) ആണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ബരേല്‍വി പുരോഹിതനും ഓള്‍ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റുമായ മൗലാന ഷഹാബുദ്ദീന്‍ റസ്‌വി.
“സല്‍മാന്‍ ചെയ്‌ത പ്രവര്‍ത്തിയില്‍ ശരിയത്ത് നിയമങ്ങൾ സംബന്ധിച്ച് നിരവധിപേർ എന്നോട് ചോദിച്ചിരുന്നു. അദ്ദേഹം ചെയ്‌ത പ്രവര്‍ത്തി സംബന്ധിച്ചുള്ള ശരിഅത്ത് വിധി എന്താണ് എന്ന് ഞാന്‍ നിങ്ങളോട് വിശദമാക്കാം. രാമക്ഷേത്രത്തിൻ്റെ പ്രചാരണത്തിനായി നിര്‍മിച്ച റാം പതിപ്പ് വാച്ച് ആണ് അദ്ദേഹം ധരിച്ചത്. ഒരു മുസ്ലീമായിരിക്കെ അത്തരമൊരു വാച്ച് കയ്യില്‍ ധരിക്കുന്നത് നിയമ വിരുദ്ധവും ഹറാമുമാണ്,” മൗലാന റസ്വിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
ഓറഞ്ച് നിറമുള്ള സ്ട്രാപ്പും സ്ലീക്ക് ഗോള്‍ഡ് ഡയലുമുള്ള വാച്ച് ധരിച്ചു നില്‍ക്കുന്ന ചിത്രം നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരുന്നു. സല്‍മാൻ്റെ പ്രവര്‍ത്തിയില്‍ ആശങ്ക രേഖപ്പെടുത്തി ഇസ്ലാമിക നിയമങ്ങളെ കുറിച്ച് തന്നോട് നിരവധിപേര്‍ അന്വേഷിച്ചതായും മുസ്ലീം ഇതര കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നടനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മൗലാന റസ്‌വി പറഞ്ഞു.