| മഹേഷ് കുമാർ
മാധ്യമ പ്രവർത്തനം എന്നത് സമൂഹത്തിനു വേണ്ടിയാണ് എന്ന് പാറയുമ്പോഴൊക്കെ എനിക്ക് അത്ഭുതം തോന്നാറുണ്ട്. കാരണം, ഒരുപാട് പണം മുടക്കിയ, ആ പണം പരസ്യങ്ങളിലൂടെ ലഭിക്കുന്ന ഒരു വലിയ ബിസിനസ് ഓർഗനൈസേഷൻ ആണ് ചാനൽ എന്നത്. അവർക്ക് പണം മുടക്കിയവന്റെ താല്പര്യം സംരക്ഷിച്ചു പിടിച്ചേ മതിയാവുകയുള്ളു. അവിടെ ധാർമികത എന്നതിന് അതിർവരമ്പുകൾ ഉണ്ട് എന്ന് അർത്ഥം.
വാർത്ത ‘ഉണ്ടാക്കുന്ന’, എഡിറ്റ് ചെയ്യുന്ന, വായിക്കുന്ന, റിപ്പോർട്ട് ചെയ്യുന്ന, അവതരിക്കുന്ന ആളുകളുടെ രാഷ്ട്രീയവും ഇതിൽ പ്രധാനമാണ്. അവർ സ്വയം സെലിബ്രിറ്റികളായി അവതരിക്കപ്പെടുന്നു. ഇവയുടെയൊക്കെ ബാക്കിപത്രമാണ് ഓരോ വാർത്തയും. ഇതാണ് നാരദൻ എന്ന സിനിമ നമുക്ക് മുന്നിൽ പറയുന്നതും.
ഇങ്ങനെ ‘ഞാൻ’ എന്ന ഭാവത്തിൽ ചില്ലുകൂട്ടിലിരുന്ന് എന്തും പറയാം എന്ന് കരുതുന്ന ആളാണ് സി പി അഥവാ ചന്ദ്രപ്രകാശ്. ആരോപണങ്ങൾ ആദ്യവും അത് തെളിയിക്കാൻ ആരോപണം ഉന്നയിക്കപ്പെട്ട ആളിന്റെ ഉത്തരവാദിത്വവും ആകുന്ന സത്യാനന്തര കാലത്തിന്റെ പ്രതിനിധി ആണ് ഇതിലെ ടോവിനോയുടെ ചന്ദ്രപ്രകാശ്.
നീതികേടിന്റെ, നെറികേടിന്റെ വർത്തമാന മാധ്യമക്കാരൻ. വ്യക്തി സ്വാതന്ത്ര്യം എന്നത് പൊതുജനത്തിന്റെ നെഞ്ചത്ത് കയറാനുള്ള ലൈസൻസ് ആയി കരുതുന്ന വാർത്താ ചാനലുകളിലെ നാരദന്മാർക്ക് ഈ സിനിമ കണ്ടാൽ പൊള്ളും. അത് സ്വാഭാവികം. അത്രമേൽ ആയാസമില്ലാതെ, ചാനൽ ജഡ്ജ് എന്ന് കളിയാക്കി വിളിക്കുന്ന അവതാരകാനായി ടോവിനോ പകർന്നാട്ടം നടത്തിയിട്ടുണ്ട്.
നന്മ നിങ്ങൾക്ക് ചന്ദ്രപ്രകാശിലൊ, സി പി യിലോ കാണില്ല. നന്മ എന്നൊന്നില്ല. നല്ലതിൽ നിന്ന് ചീത്തയിലേക്ക് എന്നും ഇല്ല. തെറ്റിൽ നിന്നും വലിയ തെറ്റിലേക്ക് ന്യൂസുകൾ ബ്രേക്ക് ചെയ്ത് അയാൾ കയറുന്നു. റേറ്റിംഗ് ഉയർത്തുന്നു. ഈയൊരു മാറ്റം പ്രകടമായി ടോവിനോയിൽ കാണാം. ചന്ദ്രപ്രകാശിൽ നിന്നും അയാൾ സി പി ആകുമ്പോൾ വസ്ത്രം, മുഖം, ഭാവം, ശരീരം, ശരീര ഭാഷ എന്നിവയിൽ മാറ്റം നമുക്ക് കാണാം. ഒരു നല്ല നടന്റെ മെയ് വഴക്കം ഇതിലൊക്കെ ഉണ്ട്. അത്രമേൽ മനോഹരമായി ഈ സിനിമ നമ്മളോട് സംവദിക്കുന്നു.
ഒരിക്കലെങ്കിലും ചാനലുകളുടെ തോന്ന്യാവാസങ്ങളോട് പ്രതികരിക്കാൻ കൊതിച്ചവരാണ് നമ്മൾ. അവരുടെ കടന്നു കയറ്റങ്ങൾ കണ്ടു മടുത്തവരാൻ നമ്മൾ. അത് ഈ സിനിമയിൽ കാണിച്ചിട്ടുണ്ട്. ‘അവന്റെ മുറ്റത്തിട്ട് ഞാനീ ഷോ നടത്തും’ ട്രൈലറിൽ സി പി യുടെ ഈ അലർച്ച നമ്മൾ കേട്ടതാണ്. ഈ സ്വയം അവരോധിക്കപ്പെട്ട അവകാശക്കാരുടെ മുഖങ്ങൾ ഈ സിനിമയിൽ കാണാം. കാലിക പ്രസക്തിയുള്ള സിനിമ