ശാസ്ത്ര ലോകത്തിന്‍റെ വലിയ കൗതുകങ്ങളിലൊന്നാണ് ചൊവ്വാ ഗ്രഹത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുക എന്നത്. ഇതിന്‍റെ ഭാഗമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഗവേഷണത്തില്‍ വമ്പന്‍ മുന്നേറ്റം. 2020ൽ ചൊവ്വയിലേക്ക് അയച്ച പെർസിവറൻസ് റോവര്‍ അടുത്തിടെ അവിടെ നിന്നും സവിശേഷമായ ഒരു പാറ കണ്ടെത്തി.
‘ഫ്രേയ കാസില്‍’ എന്ന പേരിൽ അറിയപ്പെടുന്ന ഈ പാറ സീബ്രയുടെ നിറങ്ങൾ പോലെ വെള്ളയും കറുപ്പും വരകളുള്ളതാണ്. 20സെന്റിമീറ്റർ വിസ്‌തൃതിയുള്ള ഈ പാറയുടെ റോവറിലെ Mastcam-Z ക്യാമറയാണ് സെപ്റ്റംബർ 13ന് പകര്‍ത്തിയത്.
ശാസ്ത്രലോകം എപ്പോഴും ഏറെ ആകാംഷയോടെ നോക്കിക്കാണുന്ന ചൊവ്വാ ഗവേഷണത്തിൽ നാസയ്ക്ക് ഇതൊരു പൊൻതൂവലാണ്. നാസയുടെ ഒരു ബ്ളോഗ് പോസ്റ്റിൽ ശാസ്ത്രജ്ഞര്‍ ഈ പാറയുടെ രൂപത്തിൻ്റെ കാരണം പരിഗണിക്കുമ്പോള്‍ ഇത് താപസംസ്‌കരണം, അല്ലെങ്കിൽ കാലഘട്ടങ്ങളിലൂടെ നടന്ന രൂപാന്തരത്തിൻ്റെ ഫലമായിരിക്കാം എന്നും നിഗമനത്തിലാണ്.
ചൊവ്വയിലെ സാധാരണ ബെഡ്‌റോക്കുകളില്‍ നിന്ന് വ്യത്യസ്തമായ ഈ കല്ല് ആദ്യമായാണ് കണ്ടെത്തപ്പെടുന്നതെന്നും ഈ കണ്ടെത്തല്‍ ചൊവ്വയിൽ കൂടുതൽ അപൂർവ്വമായ ശിലകള്‍ കണ്ടെത്തുന്നതിനുള്ള പ്രചോദനം നല്‍കുമെന്നുമാണ് നാസയുടെ പ്രതീക്ഷ.
2021 ഫെബ്രുവരിയിലാണ് പെർസിവറൻസ് റോവര്‍ ചൊവ്വയിലെ ജെസെറോ ഗർത്തത്തില്‍ ലാന്‍ഡ് ചെയ്‌തത്. സിർട്ടിസ് മേജർ ക്വാഡ്രാങ്കിളിൽ സ്ഥിതിചെയ്യുന്ന 49 കിലോമീറ്റർ വ്യാപ്‌തിയുള്ള ഈ ഗർത്തം മനുഷ്യവാസ സാധ്യതകളെ കുറിച്ചും ചൊവ്വയുടെ ഭൗമചരിത്രത്തെ കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാനായി ഉപയോഗിക്കുന്നത് ആണെന്ന് നാസ വ്യക്തമാക്കി.