| സജി മാർക്കോസ്
ലാൽ കുമാറുമായി വ്യക്തിപരമായി കുറച്ചും ഗ്രൂപ്പുകളിൽ ധാരാളവും സംസാരിച്ചിട്ടുണ്ട് – സ്വകാര്യ സംഭാഷണങ്ങളിൽ പോലും മോശമായ വാക്കുകൾ പ്രയോഗിച്ചു കേട്ടിട്ടില്ല (ഫക്ക് അത്ര മോശം വാക്കും പ്രവർത്തിയുമാണെന്ന് അഭിപ്രായമില്ല, ചാനൽ ചർച്ചകളിൽ യോഗ്യമാണെന്ന് തോന്നുന്നില്ല എന്ന് മാത്രം). ലാൽ ഇമോഷണലായി സംസാരിക്കും , പേഴ്‌സണലി എൻഗേജ് ചെയ്‌യും – എനിക്ക് വ്യക്തിപരമായി അത് ഇഷ്ടമാണ് താനും , അല്ലാതെ സെബാസ്റ്റിയൻ പോൾ ഒക്കെ സംസാരിക്കുന്നതുപോലെ നിർവ്വികാരമായി പ്രതികരിക്കാറില്ല –ഇതില് ശരിയും തെറ്റുമില്ല, ഇഷ്ടാനിഷ്ടങ്ങൾ മാത്രം.
അവതാരക മാതു സജി കേട്ടപ്പോൾ അവർക്ക് ഫാക്ട് എന്നത് ഫക്ക് എന്ന് തോന്നിയതിലും കുറ്റം പറയാൻ പറ്റില്ല – കോഴി കൊത്തുന്നതുപോലെയുള്ള യുദ്ധക്കളമായി ന്യുസ്സ് റൂം മാറുമ്പോൾ എല്ലാരും ഓതിരവും കടകവും പയറ്റുകയാണ് . യുദ്ധസമാനമാണ് അന്തരീക്ഷം. കേട്ടതിലോ പറഞ്ഞതിലോ ഒരു എലിമീശവണ്ണം മാറിയാൽ തവിടുപൊടി .
ഒരു വനിതാ പത്രപ്രവർത്തക എന്ന് നിലയിൽ മനസിലായത് വച്ച് മാതു പ്രതികരിച്ചതിലും കുറ്റം പറയാനില്ല. പക്ഷെ , സത്യം മനസിലായപ്പോൾ ചാനൽ എന്ത് ചെയ്തു എന്നത് ഒരു പ്രശ്നമാണ് . അത് പരസ്യമായി ക്ലാരിഫൈ ചെയ്യുകയും, ലാലിനോട് വ്യക്തിപരമായി സംസാരിക്കുകയും ചെയ്യണമായിരുന്നു . ചർച്ചകൾ വാക്പയറ്റ് ആകാതെ ഗുണമുള്ള സംഭവമാക്കി മാറ്റാനും ശ്രമിക്കേണ്ടതാണ്.
ബോറൻ പ്രയോഗങ്ങളുടെ കൂത്തരങ്ങായി ചർച്ചകൾ മാറിക്കഴിഞ്ഞു, ചില സാമ്പിളുകൾ:
- നിങ്ങൾ സംസാരിച്ചപ്പോൾ ഞാൻ ഇടപെട്ടില്ല , ഞാൻ സംസാരിക്കുമ്പോൾ നിങ്ങളും ഇടപെടരുത്
- മറ്റു രണ്ടു പേർക്കും അഞ്ച് മിനിറ്റു കൊടുത്തു, എനിക്ക് പകുതി എങ്കിലും തരണം
- എനിക്ക് കുറച്ചു സമയം കൂടുതൽ തരണം
- ഒരു മുപ്പത് സെക്കന്റ് (ഇത് ആവർത്തതുകൊണ്ടിരിക്കേണ്ടതാണ്)
(ബാക്കി നിങ്ങൾക്കും പൂരിപ്പിക്കാം)
അർണാബ് കൂടുതുറന്നു വിട്ട ഭൂതം ചാനലുകളെ വിഴുങ്ങിരിക്കുകയാണ് – അതിൽ നിന്നും പുറത്തുകടന്നില്ലെങ്കിൽ സ്വയം നശിക്കലായിരിക്കും ഫലം. മാറേണ്ടത് ചാനൽ ചർച്ചാ സംസ്‌കാരമാണ് , മാറ്റേണ്ടത് മുതിർന്ന ചാനൽ പ്രവർത്തകരും .