തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്. ലിവർ സിറോസിസും വൃക്കകളുടെ തകരാറും അടക്കം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. മരണ കാരണമായേക്കാവുന്ന മുറിവുകൾ ഒന്നും ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിലെ പരാമർശം.
പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയൊന്നും കണ്ടെത്താൻ ആയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിന്‍റെ കൂടുതൽ വിശദാംശങ്ങളാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലുള്ളത്. വിശദമായ റിപ്പോർട്ടിന് ഒടുവിൽ മരണ കാരണം അറിയണമെങ്കിൽ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം വരണമെന്നും റിപ്പോര്‍ട്ടുണ്ട്.
ഹൃദയ ധമനികളിൽ 75% ലധികം ബ്ലോക്ക്, കാലിൽ അൾസർ, ലിവർ സിറോസിസും വൃക്കകളിലെ സിസ്റ്റും ഇങ്ങനെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഗോപൻ സ്വാമിക്ക് ഉണ്ടായിരുന്നതായി ആണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പരാമർശം. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ ഉണ്ടായിരുന്നെങ്കിലും അത് മരണകാരണം ആയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. വായിലും ശ്വാസകോശത്തിലും ഭസ്‌മത്തിൻ്റെ അംശം കണ്ടെത്തിയിരുന്നെങ്കിലും ഇതിലും അസ്വഭാവികതകൾ ഒന്നുമില്ലെന്ന് റിപ്പോർട്ട്. രാസപരിശോധനാ ഫലം വന്നാലെ മരണകാരണം നിർവചിക്കാനാകൂ എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
ഉദരത്തിൽ അസ്വഭാവികമായ ഗന്ധമില്ലെന്നും ചെറുകുടൽ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ അഴുകിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ശരീരത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുള്ള സാമ്പിളുകളും രാസ പരിശോധനക്കായി ശേഖരിച്ചു. ശരീരത്തിനുള്ളിൽ നിന്നും പുറത്തുനിന്നുമായി ലഭിച്ച ചാര നിറത്തിലുള്ള പൊടിയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭസ്‌മം ഉള്‍പ്പെടെ ഇട്ടുകൊണ്ടാണ് ഗോപനെ സമാധി ഇരുത്തിയത് എന്നായിരുന്നു മക്കള്‍ പറഞ്ഞിരുന്നത്. ഇതിന്‍റെ സാമ്പിളുകളാണ് വിശദ പരിശോധനയ്ക്ക് അയച്ചത്.
ഗോപൻ സ്വാമിയുടെ സമാധിസ്ഥലം ഉപജീവനത്തിന് ഉപയോഗിക്കില്ലെന്നും അത് ഭക്തിമാർഗ്ഗം ആണെന്നും വ്യക്തമാക്കി കുടുംബം രംഗത്തെത്തി. അതേസമയം സമാധിസ്ഥലം തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നീക്കങ്ങളാണ് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നത്.