സമൂഹമാധ്യമമായ എക്‌സിൽ (മുൻപ് ട്വിറ്റർ) ബോൾഡ്, ഇറ്റാലിക് ഫോണ്ടുകളിലുള്ള പോസ്റ്റുകൾ പ്രധാന ടൈംലൈനിൽ നിന്ന് നീക്കം ചെയ്യുമെന്ന് കമ്പനി ഉടമ ഇലോൺ മസ്ക് പ്രഖ്യാപിച്ചു. ബോൾഡും ഇറ്റാലിക്കുമായ ഫോണ്ടുകളുടെ അമിത ഉപയോഗം ആളുകളിൽ അലോസരമുണ്ടാക്കുന്നതായി മസ്ക് എക്‌സിൽ കുറിച്ചു.
ആളുകൾക്ക് അവരുടെ പോസ്റ്റിലെ പ്രധാന ഭാഗങ്ങളെ ശ്രദ്ധിക്കാനാണ് ബോൾഡ് അക്ഷരങ്ങൾ ഉൾപ്പെടുത്തിയതെങ്കിലും, ഈ സവിശേഷതയുടെ അമിത ഉപയോഗം പ്രശ്നമായി മാറിയതോടെ, പോസ്റ്റുകൾക്ക് ക്ലിക്ക് ചെയ്താൽ മാത്രമേ ഇനി വായിക്കാൻ സാധിക്കൂവെന്ന് മസ്ക് അറിയിച്ചു. “ഇവ കണ്ട എന്റെ കണ്ണിൽ നിന്നു ചോരവാർക്കുകയാണ്,” എന്ന് ബോൾഡ് അക്ഷരങ്ങളെ കുറിച്ച് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ പരിഹാസപരമായി പോസ്റ്റ് ചെയ്തു. പിന്നീട് ഇറ്റാലിക് ഫോണ്ടുകൾക്കും ഈ നിയന്ത്രണം ബാധകമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ മാറ്റം ഉടൻ തന്നെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും നടപ്പിലാക്കുമെന്നതാണ് എക്‌സിന്റെ അറിയിപ്പ്. ബോൾഡ്, ഇറ്റാലിക് അക്ഷരങ്ങളിലുള്ള പോസ്റ്റുകൾ മെയിൻ ഫീഡിൽ നിന്നും അപ്രത്യക്ഷമാകും, അവ വായിക്കാൻ ഉപയോഗകർക്ക് പോസ്റ്റിൽ ക്ലിക്ക് ചെയ്യേണ്ടിവരും. ആൻഡ്രോയിഡ്, ഐഫോൺ ആപ്പുകളും വെബ് പതിപ്പുകളും അടക്കം എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇത് നിലവിൽ വരുമെന്ന് എക്സ് അറിയിച്ചു.
ബ്രസീലിൽ എക്‌സിന്റെ നിരോധനം ഉടൻ അവസാനിക്കും
ബ്രസീലിൽ എക്‌സിന് നേരിടുന്ന നിരോധനം ഉടൻ അവസാനിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ബ്രസീൽ സുപ്രീംകോടതി എക്സ് നിരോധിച്ചത്. എക്‌സിന്റെ ബാങ്ക് അക്കൗണ്ടുകൾ ബ്രസീൽ സെൻട്രൽ ബാങ്ക് ബ്ലോക്ക് ചെയ്തിരുന്നെങ്കിലും 50 ലക്ഷം ഡോളർ പിഴ അടയ്ക്കാൻ കമ്പനി സന്നദ്ധമായതിനെത്തുടർന്ന് ജസ്റ്റിസ് അലക്‌സാണ്ടർ ഡി മൊറേസിന്റെ ഉത്തരവ് പ്രകാരം ഉപരോധം ഒഴിവാക്കുമെന്ന് ബ്രസീൽ സുപ്രീംകോടതി അറിയിച്ചു.