| എം സുകുമാരൻ ലാൽ
കോടിയേരി മടങ്ങി. ദൃശ്യ പത്രമാധ്യമങ്ങളിൽ നിന്നും കണ്ണെടുക്കാതെ സഖാവിനെ കാണുകയും വായിക്കുകയുമാണിപ്പോഴും. കൊതിതീരാതെ സഖാവിനെ ആ ചെങ്കൊടിവിരിപ്പിൽ കണ്ടുതീർക്കാനാകാതെ കാത്തുവച്ചിരിക്കയാണ് സഖാക്കൾ. ഇടയ്ക്കിടെ ടെലിവിഷനിലൂടെ സഖാവിനെ വിശേഷിപ്പിക്കുന്നവർ പറയുന്നത് കേട്ടിട്ടെന്തോ ചേരാത്തപോലെ മനസ്സിൽ.
‘എന്നും സൗമ്യനായിരുന്നു. വിഭാഗീയതയുടെ കാലത്ത് വി എസ്സിനും പിണറായിക്കും ഇടയിലെ പാലമായിരുന്നു.’ ഓരോ ചാനലിലും എവിടെയും സഖാവിനെ അടയാളപ്പെടുത്താൻ നിരന്തരം ഇങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുകയാണവതാരകർ. സത്യത്തിൽ അത്രമേൽ സൗമ്യനായിരുന്നുവോ സഖാവ്?
ഓർമകളിൽ മന്ത്രിയാകും മുൻപേയുള്ളൊരു കോടിയേരിയുണ്ട്.
പാർട്ടിയിൽ എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐ യുടേയുമൊക്കെ സംഘടനാ ചുമതലയുണ്ടായിരുന്ന കോടിയേരിയുടെ കാലത്ത് ഈ പ്രസ്ഥാനങ്ങൾ നടത്തിയ ഓരോ ഐതിഹാസിക സമരങ്ങളുടെയും പിന്നിലെ കയ്യൊപ്പ് സഖാവിന്റേതായിരുന്നു. ഓരോ പ്രക്ഷോഭങ്ങളെയും അദ്ദേഹം നിയന്ത്രിച്ചത് നടപ്പിലാക്കിയത് കേവലം സൗമ്യതയിൽ മാറിയിരുന്നായിരുന്നില്ല. കർക്കശ്യം ആവശ്യമായിടത്തു അതറിഞ്ഞെടുത്തുപയോഗിച്ചു തന്നെയായിരുന്നു.
അതേ കാർക്കശ്യത്തോടെ യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ ക്കാരെ ക്യാമ്പസ് കയറി തല്ലിച്ചതച്ച പോലീസിന്റെ മുൻപിൽ കയറി ഇനിയൊരടി കുട്ടികളുടെ ശരീരത്തിൽ വീണെന്നാൽ കയ്യും കെട്ടി നിൽക്കില്ലെന്നു പറയുമ്പോൾ സഖാവ് അത്രയൊന്നും സൗമ്യനല്ലായിരുന്നു.
കുട്ടിയായിരിക്കുമ്പോൾ കയ്യിലെടുത്ത ചെങ്കൊടി ജീവിതത്തിൽ താഴ്ത്തികെട്ടിയിട്ടില്ല നാളിതുവരെ സഖാവ്. കണ്ണൂരിലെ സഖാവ് മനോജ് (ബാലവകാശ കമ്മിഷൺ ചെയർമാൻ) മുൻപ് പറഞ്ഞുകെട്ടിട്ടുണ്ട്. തലശ്ശേരിയിൽ ആർ എസ് എസ് സംഘർഷം എല്ലാ സീമകളും വെടിഞ്ഞു മൂർദ്ധന്യത്തിൽ നിൽക്കുന്ന വേളയിൽ കണ്ണൂർ ജില്ലയിലെ തലയ്ക്കുവിലയുള്ള എണ്ണം പറഞ്ഞ സഖാക്കളിലൊരാളായ കോടിയേരി തലശ്ശേരി ടൗണിലേക്കുള്ള വഴിയിലൂടെ സധൈര്യം ഒറ്റയ്ക്ക് നടന്നുപോകുമായിരുന്നുവെന്ന്! ഒറ്റയ്ക്കുപോകുന്ന സഖാവിനൊപ്പം നടക്കാൻ കൂടിയ ബാലസംഘം പ്രവർത്തകനായ മനോജിനെ വിരലിൽ കോർത്തുപിടിച്ചു നെഞ്ചും വിരിച്ചു നടന്നുനീങ്ങുന്ന സഖാവിന്റെ മുഖം വരച്ചിട്ട പോൽ ഓർമയിൽ കണ്ടിട്ടുണ്ട്.
സഖാവ് ചങ്കുറപ്പിന്റെ അറ്റമായിരുന്നു. ഭയമെന്ന വികാരത്തെ ശരീരത്തിൽ നിന്നകറ്റിനിർത്തി ജീവിച്ച കോടിയേരി പക്ഷെ, മുഖത്തെ പുഞ്ചിരി കൊണ്ട് മറ്റാരും ഭയക്കാതെ തന്നെ തുറന്നുവച്ചു. വിയെസിന്റെയും പിണറായിയുടെയും രാഷ്ട്രീയ കാർക്കശ്യം അലോസരപ്പെടുത്തിയവർക്ക് അതുകൊണ്ട് തന്നെ കോടിയേരിയുടെ പുഞ്ചിരി സൗമ്യതയായിട്ടുണ്ടായിരിക്കാം.
പാർട്ടി തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ ഒട്ടും സൗമ്യനല്ലാത്ത കോടിയേരി ഒരു പക്ഷെ, പിണറായിയും വി എസ്സുമില്ലാത്ത സി പി എം കാലത്തിൽ ജീവിച്ചിരുന്നുവെങ്കിൽ മാധ്യമങ്ങൾ എങ്ങിനെ വിശേഷിപ്പിക്കുമായിരുന്നുവെന്നു വേണം കരുതാൻ.
പിണറായിയെ ലക്ഷ്യം വെച്ച മാധ്യമങ്ങൾ കോടിയേരിയെ വിജയാനന്തരകാലത്തേയ്ക്ക് മാറ്റിവെച്ചിട്ടും ഒളിഞ്ഞും തെളിഞ്ഞും കെട്ടഴിയ്ക്കപ്പെട്ട ആക്രമണങ്ങളുടെ പോർമുനകളൊടിഞ്ഞുപോയത് തലശ്ശേരിയിലെ ആ മനക്കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും മുൻപിലായിരുന്നു.























