| ജോയ് കള്ളിവയലിൽ
2010 നവംബർ 26 ഒരു വലിയ ചതിയുടെ ഓർമ്മദിവസമാണ്. അന്നത്തെ സി ആൻഡ് എജി ആയിരുന്ന വിനോദ് റായ് 2ജി സ്പെക്ട്രം ലേലം സംബന്ധിച്ച അന്തിമറിപ്പോർട്ട് പാർലിമെന്റിൽ സമർപ്പിക്കുന്നു. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നു എന്ന ആ റിപ്പോർട്ട് ബിജെപി യും സംഘപരിവാറും അണ്ണാ ഹസാരെയെ മുൻനിർത്തി, യുപിഎ സർക്കാരിനെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ സമർദ്ധമായി ഉപയോഗപ്പെടുത്തി. അവർക്ക് മാധ്യമങ്ങളുടെ ശക്തമായ പിന്തുണയും കിട്ടി.
ലേലം സുപ്രീംകോടതി റദ്ദ് ചെയ്തു. രണ്ടാമത് നടന്ന ലേലത്തിൽ വെറും 9407 കോടി മാത്രമാണ് ലഭിച്ചത്. വൻനഷ്ടം സംഭവിച്ച വിദേശകമ്പനികൾ രംഗം വിടുകയും ചെയ്തു. 2018 ൽ അന്ന് സി ആൻഡ് എജി യുടെ പി ആൻഡ് ടി ഡി ജി ആയിരുന്ന ആർ പി സിംഗ് സംഭ്രമജനകമായ ഒരു വെളിപ്പെടുത്തൽ നടത്തി. 2010 മെയിൽ താൻ കൊടുത്ത റിപ്പോർട്ടിൽ നഷ്ടം വെറും 2645 കോടി ആയിരുന്നത് 2010 നവംബറിൽ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ 1766450 കോടിയാക്കി വർദ്ധിപ്പിച്ചു. തന്റെ വിയോജനക്കുറിപ്പ് വകവെക്കാതെ നിർബന്ധിച്ചു ഒപ്പുവെക്കുകയായിരുന്നു എന്ന്.
അതിനുമുൻപ് സി ആൻഡ് എജി ഉദ്യോഗസ്ഥൻ പിഎസി ചെയർമാൻ മുരളി മനോഹർ ജോഷിയെ സന്ദർശിച്ചിരുന്നു എന്നും സിംഗ് വെളിപ്പെടുത്തി. ബി ജെ പി അധികാരം പിടിച്ചതിനുശേഷം ആരും പിന്നെ ലക്ഷം കോടികളുടെ നഷ്ടത്തിന്റെ കഥകൾ കേട്ടില്ല താനും. വിനോദ് റായ് പിന്നീട് എഴുതിയ Not Just An Accountant എന്ന പുസ്തകത്തിൽ പ്രിസംപ്‌റ്റിവ് ലോസ് ( ഉണ്ടാകുമായിരുന്ന നഷ്ടം) എന്ന് പറഞ്ഞു തടിയൂരുകയാണ് ചെയ്തത്. റിപ്പോർട്ടിന്റെ മുഴുവൻ ഉത്തരവാദിത്തവും സിംഗിന്റെ തലയിൽ കെട്ടിവെക്കുകയും ചെയ്തു.
അന്ന് ഒരു സി ആൻഡ് എ ജി മാത്രമാണ് ബിജെപി യുടെ ചൊല്പടിയിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സിബിഐ, ഈഡി, എൻഐഎ തുടങ്ങി അനേകം ഏജൻസികൾ എതിരാളികൾക്ക് എതിരെ പ്രയോഗിക്കാൻ അവരുടെ കയ്യിൽ ഉണ്ട്. പോരെങ്കിൽ ജുഡീഷ്യറിയുടെ നിശബ്ദതയും.
രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ തകർത്തെറിഞ്ഞ നോട്ട് നിരോധനത്തിൻെറ കെടുതികകളിൾ നിന്ന് രക്ഷ നേടാൻ ലക്ഷക്കണക്കിന് കോടി രൂപയുടെ പൊതുമേഖലാ ആസ്തികൾ വിറ്റു തുലച്ചു കൊണ്ടിരിക്കുകയാണ്.
ആർ എസ് എസിൻ്റെ നൂറു വർഷത്തെ ചിട്ടയായ ആസൂത്രണത്തിൻ്റെയും പ്രവർത്തനത്തിൻ്റെയും ഫലമായി അവർ അധികാരത്തിൽ എത്തുക മാത്രമല്ല ഭരണരംഗത്തുമാത്രമല്ല, പോലീസ്, CBI, CA&AG, RBI ,EB, NIA എന്നുവേണ്ട പട്ടാളത്തിലും ജുഡീഷ്യറിയിലും വരെ സംഘപരിവാറിൻ്റെ അനുകൂലികളെ ഉന്നതസ്ഥാനങ്ങളിൽ എത്തിക്കാൻ അവര്ക്ക് കഴിഞ്ഞു.
വൻകിട കോർപ്പറേറ്റുകൾ പണം മുടക്കി അധികാരത്തിൽ എത്തിച്ച മോദി സർക്കാരിൻ്റെ നയങ്ങൾക്ക് കുട ചൂടുന്നത് കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളാണ്. അവരെ തുറന്നുകാട്ടാൻ വിഭജിച്ച് നിൽക്കുന്ന പ്രതിപക്ഷ ത്തിനു കഴിഞ്ഞിട്ടുമില്ല. ആകെ പ്രതീക്ഷ കർഷകർ നടത്തിയ ഐതിഹാസിക സമരമാണ്. സമരത്തിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ഈ ദിവസം കർഷകരുടെ മാതൃക, സാധരണക്കാരും, തൊഴിലാളികളും മധ്യവർഗ്ഗവും പിന്തുടർന്ന് തെരഞ്ഞെടുപ്പുകളിൽ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്ക് തിരിച്ചടി നൽകുക എന്നതാണ്.























