കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍ ഇനി ഓൺ അറൈവല്‍ വിസ ലഭ്യമാകും.
ഇതോടെ കൂടുതല്‍ ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാനാകും. സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ റെസിഡൻസി വിസയുള്ള ഇന്ത്യക്കാർക്കാണ് യുഎഇയിൽ ഇനി ഓൺ അറൈവൽ വിസ ലഭിക്കുക. നേരത്തേ യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ താമസവിസയുള്ള ഇന്ത്യക്കാർക്കാണ് യുഎഇയുടെ ഓൺ അറൈവല്‍ വിസ സൗകര്യം ലഭിച്ചിരുന്നത്.
ഈ തീരുമാനത്തിലാണ് മാറ്റം വന്നിരിക്കുന്നത്. ഫെബ്രുവരി 13 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തിലായി. സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ താമസ വിസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകൾക്ക് ഫെബ്രുവരി 13 മുതല്‍ യുഎഇയിലേക്കുള്ള പ്രവേശന പോയിന്‍റുകളില്‍ വിസ ഓൺ അറൈവല്‍ സൗകര്യം തുടങ്ങി.