ലോകമെമ്പാടും ജനപ്രിയമായി മാറിയ എഐ ചാറ്റ് ബോട്ട് ചാറ്റ് ജിപിടി അരമണിക്കൂർ നേരം പ്രവർത്തനം തടസപ്പെട്ടതിൽ ഉപഭോക്താക്കളോട് പരസ്യമായി മാപ്പ് പറഞ്ഞ് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്‌മാന്‍. ഡൗൺഡിറ്റെക്റ്റർ എന്ന ഔട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റ് അനുസരിച്ച് 19,000-ത്തിലധികം ഉപഭോക്താക്കൾ ചാറ്റ് ജിപിടിയിൽ നേരിട്ട പ്രശ്‌നങ്ങൾ സംബന്ധിച്ച പരാതികൾ രജിസ്റ്റർ ചെയ്‌തതോടെയാണ് വിവാദം ഉയർന്നത്.
ചാറ്റ് ജിപിടി ഉപയോഗം സാധ്യമല്ലെന്ന് ഒരു വിഭാഗം ഉപഭോക്താക്കൾ ഉയർത്തിയ പരാതികളുടെ പശ്ചാത്തലത്തിലാണ് സാം ആൾട്ട്‌മാന്‍ എക്‌സ് (മുന്‍ ട്വിറ്റര്‍) വഴിയായി മാപ്പ് പറഞ്ഞത്. “ചാറ്റ് ജിപിടി ഇന്ന് 30 മിനിറ്റിനിടെ സേവനം നിഷേധിച്ചു. ഇത് വിശ്വാസ്യതയിൽ വലിയ ഒരു വെല്ലുവിളിയായിരുന്നുവെങ്കിലും, ഇപ്പോഴത്തെ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടതായിരിക്കും,” -എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ചാറ്റ് ജിപിടി ലോകത്തിലെ എട്ടാമത്തെ വലിയ വെബ്സൈറ്റായതായി സിമിലർവെബിൻ്റെ കണക്കുകളും സാം ആൾട്ട്‌മാന്‍ പരാമർശിച്ചു.
2022 നവംബർ 30ന് ആദ്യ പതിപ്പ് പുറത്തിറങ്ങിയതോടെ വളരെ കുറഞ്ഞ കാലയളവിൽ തന്നെ ചാറ്റ് ജിപിടി ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിൽ വലിയ സ്വാധീനം നേടിയിട്ടുണ്ട്. ജനറേറ്റീവ് പ്രീ- ട്രെയ്‌ന്‍ഡ് ട്രാൻസ്ഫോമർ (GPT) എന്ന ടെക്‌നോളജിയെ അടിസ്ഥാനമാക്കിയുള്ള ഈ എഐ ചാറ്റ് ബോട്ട് വികസിപ്പിച്ചത് സാം ആൾട്ട്‌മാന്‍ നയിക്കുന്ന ഓപ്പൺ എഐ ആണ്.
ചാറ്റ് ജിപിടിയുടെ സേവന തടസ്സം ജനങ്ങൾക്കിടയിൽ വലിയ അതൃപ്‌തി സൃഷ്‌ടിച്ചെങ്കിലും ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്‌മാന്‍ രംഗത്തെത്തിയത് പ്രശ്‌നം നേരിടാൻ കമ്പനിയുടെ ബാധ്യതയേയും ശ്രദ്ധാകേന്ദ്രമാക്കി.