ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ഇവരെല്ലാം ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവരാണെന്നും കുറഞ്ഞത് രണ്ട് പേരെങ്കിലും വിദേശികളാണെന്നും ഏജൻസികൾ പറഞ്ഞു.
ദുരന്തത്തെ നേരിടാൻ രാജ്യം പാടുപെടുമ്പോൾ സുരക്ഷാ ഏജൻസികൾ തീവ്രവാദികളെ കണ്ടെത്താനും ഈ ആക്രമണത്തിന് പിന്നിലെ ക്രൂരമായ പദ്ധതി പുറത്തുകൊണ്ട് വരാനും തീവ്രമായി ശ്രമിക്കുന്നുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുടെ പ്രതിനിധിയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഭീകരാക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി, ദുരിതബാധിതർക്ക് എല്ലാ സഹായവും നൽകുന്നുണ്ടെന്ന് പറഞ്ഞു. “ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും… അവരെ വെറുതെ വിടില്ല! അവരുടെ ദുഷ്‌ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതക്കെതിരെ പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകും,” -പ്രധാന മന്ത്രി പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പ് ആഭ്യന്തരമന്ത്രി ഷാ ആദരാഞ്ജലികൾ അർപ്പിച്ചു. “പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ഹൃദയം നിറഞ്ഞ അന്ത്യാഞ്ജലികൾ. ഭാരതം ഭീകരതക്ക് മുന്നിൽ വഴങ്ങില്ല. ഈ ക്രൂരമായ ഭീകരാക്രമണത്തിൻ്റെ കുറ്റവാളികളെ വെറുതെ വിടില്ല,” -അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
അതിജീവിച്ചവരുടെ വിവരണങ്ങൾ അനുസരിച്ച്, തീവ്രവാദികൾ അവരുടെ മതം എന്താണെന്ന് ചോദിച്ച് വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇപ്പോൾ അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നു.
കാശ്‌മീരിൽ കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാൻ കഴിയുന്ന തരത്തിൽ വില നിയന്ത്രിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാന കമ്പനികളോട് ആവശ്യപ്പെട്ടു.
ഭീകരാക്രമണത്തെ തുടർന്ന് ഡൽഹിയും മുംബൈയും ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രതയിലാണ്.