20-20 ലോക കപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചതിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി പാകിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ രംഗത്ത് വന്നിരിക്കുന്നത്. യുഎസിലെ ക്രിക്കറ്റ് ആരാധകര്‍ക്കായി പ്രത്യേക പാർട്ടി ഒരുക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പാക്കിസ്ഥാൻ ആരാധകർക്ക് താരങ്ങൾക്കൊപ്പം ഡിന്നർ കഴിക്കാനുള്ള അവസരമാണ് പിസിബി ഒരുക്കിയത്.
അത്താഴവിരുന്നില്‍ പങ്കെടുക്കാൻ ഒരാൾക്ക് 25 ഡോളറായിരുന്നു ഫീസ്. സംഭവം ചർച്ചയായതോടെ വൻ വിവാദമാണ് ഉയരുന്നത്. സൗജന്യമായോ, ചാരിറ്റിക്കു വേണ്ടിയോ അല്ലാതെ പണമുണ്ടാക്കാൻ പാക്ക് ക്രിക്കറ്റ് ബോർഡ് താരങ്ങളെ ഉപയോഗിച്ചെന്നാണു പരാതി.
സംഭവത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് മുൻ താരം റാഷിദ് ലത്തീഫ് രംഗത്ത് വന്നു. പാക്ക് ബോർഡിനെതിരെയും താരങ്ങൾക്കെതിരെയും രൂക്ഷവിമർശനമാണ് ലത്തീഫ് ഉയർത്തിയത്. ‘‘ഇവിടെ ഔദ്യോഗിക അത്താഴ വിരുന്നുകൾ നടത്താറുണ്ട്. പക്ഷേ ഇതൊരു സ്വകാര്യപരിപാടിയാണ്. ആർക്കാണ് ഇതു ചെയ്യാൻ സാധിക്കുക. ഞെട്ടിക്കുന്ന കാര്യമാണു നടന്നിരിക്കുന്നത്. താരങ്ങളെ താരങ്ങളായി തന്നെ സംരക്ഷിക്കുക.’’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
‘‘ഞങ്ങളുടെ കാലത്തും രണ്ടോ, മൂന്നോ അത്താഴ വിരുന്നുകളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. പക്ഷേ അതൊക്കെ ഔദ്യോഗികമായിരുന്നു. ഇതു വളരെ വ്യത്യസ്തമായൊരു കാര്യമാണ്. ഇവിടെ ലോകകപ്പാണു നടക്കുന്നത്. അതുകൊണ്ട് താരങ്ങള്‍ സൂക്ഷിച്ച് കാര്യങ്ങൾ ചെയ്യണം. ഇത്തരം തെറ്റുകൾ ഇനി ആവർത്തിക്കരുത്” എന്നും അദ്ദേഹം കൂട്ടി ചേർത്തു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത് മാന്യത ആണെന്നും, എന്നാൽ ഇത് ശരിയല്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
നാളെ ആതിഥേയരായ യുഎസിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം. ജൂൺ ഒൻപതിന് ഇന്ത്യയ്ക്കെതിരെയും മത്സരമുണ്ട്. ഇഗ്ലണ്ടിന് എതിരായി 20-20 പരമ്പര കളിച്ചെങ്കിലും തോൽവി ഏറ്റു വാങ്ങിക്കൊണ്ട് ആണ് പാകിസ്ഥാൻ ലോക കപ്പ് വേദിയിൽ എത്തിയിരിക്കുന്നത്. നിലവിൽ ICC യോ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡൊ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല.























