വർഗീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരെ പാര്‍പ്പിക്കാന്‍ ഇടമില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മലയോര മേഖലയില്‍ താത്കാലിക ജയിലിന് അനുമതി നല്‍കി ഗവര്‍ണര്‍. കുകി-മെയ്തി എന്നീ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം കെട്ടടങ്ങാത്ത സാഹചര്യത്തില്‍ അറസ്റ്റിലാകുന്ന അക്രമികളെ പാര്‍പ്പിക്കാന്‍ പോലീസ് കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ അനസൂയ ഉയ്‌കെ ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ ചുരാചന്ദ്പൂരിലെ ഗാന്‍പിമുളിലുള്ള അതിര്‍ത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) സബ്സിഡിയറി ട്രെയിനിങ് സെന്ററില്‍ (എസ്ടിസി)ആണ് താത്കാലിക ജയില്‍ അനുവദിച്ചിരിക്കുന്നത്. മലയോരമേഖലയില്‍ തടങ്കല്‍ സൗകര്യം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ഈ ഉത്തരവ്.
കഴിഞ്ഞ മെയ് മൂന്നിനാരംഭിച്ച സംഘര്‍ഷത്തില്‍ നാല് മാസത്തില്‍ ചുരാചന്ദ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത 2700 കേസുകളില്‍ വെറും 25 ആളുകളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഓൺലൈൻ മാധ്യമമായ ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിലായ അക്രമകാരികളെ മലനിരകളിലേക്ക് കൊണ്ട് പോവുന്നത് കൂടുതല്‍ ആക്രമണങ്ങള്‍ക്കും അപകടങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്ത എല്ലാവരേയും അന്നേ ദിവസം തന്നെ ജാമ്യത്തില്‍ വിട്ടയക്കേണ്ട സ്ഥിതി വന്നുവെന്നും പോലീസ് പറയുന്നു.
എന്നാൽ, ഇത്തരത്തിൽ മോചിപ്പിച്ചവരില്‍ ആയുധ നിയമം , നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളില്‍ അറസ്റ്റ് ചെയ്തവരും ഉള്‍പ്പെടുന്നുവെന്നാണ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ജയിലുകള്‍ ഇല്ലാത്തതിനാല്‍ പലപ്പോഴും അറസ്റ്റ് ചെയ്യാന്‍ പോലും പോലീസ് മടിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്ന്.
‘ബിഎസ്എഫ് സബ്സിഡിയറി ട്രെയിനിങ് സെന്റര്‍ വളരെ വലുതാണ്. തടങ്കല്‍ കേന്ദ്രമാക്കി മാറ്റാവുന്ന കെട്ടിടങ്ങളുടെ ഭാഗങ്ങളും മനസിലാക്കിയിട്ടുണ്ട്. പ്രദേശം ജയിലാക്കി മാറ്റാനുള്ള നടപടികള്‍ വേഗത്തില്‍ ആരംഭിക്കും. ‘ മണിപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഓൺലൈൻ മാധ്യമമായ ദ പ്രിന്റിനോട് പറഞ്ഞു.























