| സയിദ് അബി
പിണറായി വിജയനും ദേശിയ- പാത വികസനവും. – ഇന്ന് റിപ്പോർട്ടറിലുള്ള അരുൺകുമാർ അന്ന് മീഡിയ വണ്ണിലാണ്.ചെറിയ കഷണ്ടി ഉണ്ടെങ്കിലും ചീകി വെക്കാൻ മുടിയുണ്ട്.ജമാഅത്തെ ഇസ്ലാമി നേതാവ് ശാക്കിർ ചെറുപ്പമാണ്.മുടി ഒന്നും നരച്ചിട്ടില്ല. വിനു വി ജോണിന് ഇന്നത്തെ അത്ര ആക്രോശമോ ആവേശമോ ഇല്ലാത്ത കാലം, തലയിൽ കുറച്ചൊക്കെ മുടിയുമുണ്ട്.
3823 ഏക്കർ ഭൂമി കേരളത്തിൽ ഏറ്റടുക്കണം., അന്നത്തെ മതിപ്പ് വില കൂട്ടിയാൽ 17,500 കോടി രൂപ വരും, അരുൺകുമാർ ‘പോളണ്ടിനെ കുറിച്ച് ചോദിയ്ക്കാൻ പാടില്ല’ എന്ന വളിപ്പ് തമാശ പറഞ്- ദേശിയ പാത വികസനം 30 മീറ്ററിൽ മതി എന്ന തീർപ്പിൽ മീഡിയ വണ്ണിൽ ചർച്ച നടത്തുന്നുണ്ട്! വിനു വി ജോൺ ഏഷ്യാനെറ്റിലും.
45 മീറ്ററിൽ വേണ്ട- 30 മീറ്ററിൽ 4 വരി കേരളത്തിന് മതി എന്നാവിശ്യപ്പെട്ട് ജമാത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും നേതൃത്വത്തിൽ കേരളത്തിൽ സമരം നടക്കുന്നു.യുഡിഎഫിന്റെ എല്ലാ നേതാക്കളും MLA മാരും പിടിവാശി ഉമ്മൻ ചാണ്ടി ഉപേക്ഷിക്കണം എന്ന് പറഞ്ഞ കാലം.സുധീരൻ കടുത്ത ഭാഷയിൽ 45 മീറ്റർ ആവിശ്യമില്ല എന്ന നിലപാടിലാണ്.
ആഗ്രഹം ഉണ്ടായിരുന്നെങ്കിലും(പ്രസ്താവനകളിൽ)മുമ്പിൽ മാർഗമോ ഇച്‌ഛാശക്തിയോ ഇല്ലാതിരുന്ന ഉമ്മൻ ചാണ്ടി തോറ്റ് പോയി.ദേശിയ പാത അതോറിറ്റി കേരളം വിടുമ്പോൾ സ്‌റ്റേറ്റിന് എഴുതിയ കത്തിൽ അന്നത്തെ മുഖ്യമന്ത്രിയുടെ പാലക്കാട് സ്റ്റേറ്റ്മെന്റ് ചേർത്തു. ‘വിപണി വിലയും പുനരധിവാസവും പൂർണമാവാതെ നിങ്ങൾ ദേശിയ പാത അതോറിറ്റിക്ക് ഭൂമി കൊടുക്കേണ്ട’
അഥവാ, ഭൂമി ഏറ്റെടുത്ത് കൊടുക്കേണ്ട ഭരണാധികാരി ആ ഉത്തരവാദിത്വം ചെയ്യാതെ- ഇരകളോട്- വൈകാരികത പങ്ക് വെച്ച് സംസാരിക്കുന്നു.ജീവിതം കാലം മുഴുവൻ അദ്ദേഹം കാണിച്ച രാഷ്ട്രീയ അടവുകളുടെ ഒരു ഉദാഹരണം.(ഇന്ന് ജീവിച്ചിരുനെങ്കിൽ സിപിഐഎം സമരം നടത്തിയത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല എന്ന് പറയുമായിരുന്നു ഉമ്മൻ ചാണ്ടി.) അതിൽ പ്രകോപിതരായ അതോറിറ്റി ഓഫിസ് അടച്ച് കേരളത്തിൽ ഒന്നും നടക്കില്ല എന്ന് കണക്കും ചരിത്രവും വെച്ച് റിപ്പോർട്ട് എഴുതി പോകുന്നു. എല്ലാ സർക്കാർ സൈറ്റുകളിൽ നിന്നും കേരളത്തിലെ ദേശിയപാത ഭാവിപരിപാടികൾ ഡിലീറ്റ് ചെയ്യുന്നു. അങ്ങനെ 85,000 കോടി രൂപ കേരളത്തിന് നഷ്ടം വരാൻ പോകുന്നു. 2014 ൽ മോഡിയോട് വാക്ക് കൊടുത്തിട്ടാണ് ചാണ്ടി ഡൽഹി വിട്ടത്, ഒരടി ഭൂമി ഏറ്റടുക്കാതെ- ഒട്ടും കരുത്ത് കാണിക്കാതെ ചാണ്ടി ഭരിച്ചു.
ചർച്ചകളുടെ ചരിത്രം ആരംഭിക്കുന്നത് 2001 ലാണ്, 2016 വരെ ചർച്ചകൾ നടന്നു. 30 മീറ്ററിൽ 4 വരി പണിതാൽ 4 കൊല്ലം കൊണ്ട് റോഡ് പിന്നെയും വീതി കൂട്ടേണ്ട ദുരിതം വരുമെന്ന് കേരളത്തിൽ അന്ന് പറഞ്ഞവരുടെ എണ്ണം കുറവാണ്. മൻമോഹൻ സിങ് പലവട്ടം 30 മീറ്ററിൽ എന്ത് ദേശിയ പാത? എന്ന് അത്ഭുതപ്പെട്ടു.
ദേശിയപാതയുടെ പണം നഷ്ടപ്പെടും എന്നല്ലാതെ 50% ഭൂമി ഇളവ് നൽകാൻ ഒരു കേന്ദ്രവും തയ്യാറാവില്ല. സുപ്രീം കോടതി ഒരു ഹർജിയായി പോലും പരിഗണിക്കില്ല. 2009 മുതൽ നമ്മുടെ ദൃശ്യ- അച്ചടി മാധ്യമങ്ങളിൽ ഈ ചർച്ചകളുണ്ട്. നീലകണ്ഠൻ മുതൽ TN പ്രതാപൻ വരെ, ഡോക്ടർ ആസാദ് മുതൽ ഹിഷാം ചേന്നംപള്ളി വരെ അന്ന് 30 മീറ്ററിന് വാദിച്ച് ചാനലുകളിൽ നിറയ്യുന്നുണ്ട്. അവരൊക്കെ മുന്നോട്ട് വെച്ച കണക്കുണ്ട്. 4000 ഏക്കർ ഭൂമി ഏറ്റെടുമ്പോൾ 20,000 കോടി വേണം, അതാര് നൽകും? എപ്പോ നൽകും? കേന്ദ്രം പറയുന്നത് 25,00 to 3000 കോടിയാണ്. സെന്റിന് 5000 രൂപയാണ് കണക്ക്!
2016 വരെ ചർച്ചകൾ തുടർന്നു.
പിണറായി വിജയൻ വരുന്നു, പിന്നെ നടന്നത് ചരിത്രമാണ്.കേരളത്തിന്റെ പാതകളിൽ ജീവിതനഷ്ടം വന്നവർക്കും ജീവൻ നഷ്ടപെട്ടവരുടെ ഓർമകൾക്കും രേഖപ്പെടുത്താവുന്ന ചരിത്രം, ജനം അത് ഓർമിക്കുമെന്നോ, നേതാവിന്റെ മൂല്യം മനസിലാക്കുമെന്നോ ഞാൻ കരുതുന്നില്ല. കാലം നീതി ചെയ്താലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചവരെ ആ കാലത്തെ ജനത ഓർമിക്കില്ല.
45 മീറ്ററിൽ ചർച്ചയില്ല എന്നൊരു നിലപാട് പിണറായി എടുത്തു.പാർട്ടിയും മുന്നണിയും ഒപ്പം നിന്നു. ഭൂമി പൂർണമായി ഏറ്റെടുക്കും, ആകെ ചർച്ച നഷ്ടപരിഹാരത്തിൽ. 3000 കോടി കൊണ്ട് എന്തുണ്ടാക്കാനാണ് എന്ന് ചോദിച്ച CR നീലകണ്ഠൻ കുറ്റിപ്പുറത്തേക്കും മണ്ണുത്തിക്കും വണ്ടി കയറി.ജമാഅത്തെ ഇസ്ലാമി ശക്തമായി പിന്തുണ നൽകി. മീഡിയ വൺ ചർച്ചകൾ ആരംഭിച്ചു,.
17,500 കോടി വിപണി വിലയുള്ള ഭൂമിക്ക് 25% സ്റ്റേറ്റ് നൽകുമെന്ന ചരിത്ര പ്രഖ്യാപനം വന്നു. 2011 ൽ ദേശിയ പാത ആകെ പറഞ്ഞ തുകയുടെ ഇരട്ടി തുക സ്റ്റേറ്റ് നൽകും! 5800 കോടി. അതിന്റെ രണ്ടിരട്ടി പണം കൂടി കേന്ദ്രം നൽകാൻ ധാരണയായി. അങ്ങനെ 2011 ൽ നഷ്ടപരിഹാര തുകയായി സമരക്കാർ പറഞ്ഞ തുകക്ക് മുകളിൽ സർക്കാർ വിലയിട്ടു. അത് ജില്ലാ കേന്ദ്രങ്ങളിൽ കൊടുത്ത് തീർത്തു.ഭൂമി വിട്ട് കൊടുത്തവർക്ക് പണവും ബാക്കിയുള്ള ഭൂമിക്ക് പത്തിരട്ടി മൂല്യവും കൂടി.അങ്ങനെ ഒരാളുടെ കരുത്തുള്ള നെഞ്ചൂക്ക് ഇന്നത്തെ ഇൻസ്റ്റാഗ്രാം റീലുകൾക്ക് ദൃശ്യഭംഗി നൽകി.
പിണറായിയോട് വിയോജിപ്പും യോജിപ്പുമുള്ള മനുഷ്യർ കക്ഷി രാഷ്ട്രീയത്തിനകത്തും പുറത്തും ഉണ്ടാകും എന്നാൽ, കേരളത്തെ 15 കൊല്ലം മുമ്പുള്ള സങ്കല്പത്തിനപ്പുറം നടത്തിച്ചതിൽ പിണറായിക്കുള്ള പങ്ക് പ്രധാനമാണ്. പിണറായി ഉണ്ടായിരുന്നത് കൊണ്ട് മാത്രം സംഭവിച്ച മാറ്റം പലതുമുണ്ട്. 30 മീറ്ററിനപ്പുറം ചർച്ചകൾ വികസിക്കുമ്പോൾ എങ്ങനെ നടപ്പിലാകും എന്ന കാര്യത്തിൽ അപാരമായ ആശങ്കയും ഉത്കണ്ഠയും ഭയവും നിറഞ്ഞ ഇടത് മുന്നണി നേതാക്കളും പ്രവർത്തകരും ഉണ്ടായിരുന്നു എന്ന യാഥാർഥ്യത്തിന്റെ മുമ്പിലാണ് ഇച്‌ഛാശക്തി നയിച്ചൊരു മുന്നേറ്റത്തിന്റെ മാറ്റ് തെളിഞ് വരുക. ഒരു പത്ത് വോട്ട് ഒരുമിച്ച് കുത്താനുള്ള എല്ലാ മുന്നേറ്റങ്ങളും മധ്യവർഗ്ഗത്തിലും കീഴാള ജീവിതത്തിലും പിണറായി വിജയൻ ചെയ്ത് വെച്ചിട്ടുണ്ട്.എന്നാൽ അതൊന്നും അത്ര വേഗത്തിൽ ആളുകൾ മനസ്സിലാകുന്നുണ്ട് എന്നൊരു വിശ്വാസവുമില്ല.
ഒരു 15 കൊല്ലം പിന്നോട്ട് പോവുക, അന്നത്തെ മനസും ശരീരവും വെച്ച് മലയാളി കേരളത്തെ സങ്കല്പിക്കുക. അന്ന് നമ്മുടെ കണ്ണിലൂടെ ഓടിയ റോഡിന്റെ ഇരുവശവും കെട്ടിടങ്ങളും പള്ളികളും അമ്പലങ്ങളും വീടുകളും നിറഞ്ഞ 4000 ഏക്കർ ഭൂമി ഉണ്ടായിരുന്നു.അതിന്റെ മുകളിലൂടെയാണ് പതിനഞ്ച് കൊല്ലത്തിനിപ്പുറം ദൃശ്യ- മാധ്യമങ്ങളും വ്ലോഗ്ഗർമാരും ഡ്രോണുകൾ പരത്തി ആറ് വരി പാതകളുടെ വീഡിയോ ചിത്രീകരിക്കുന്നത്. ലക്ഷകണക്കിന് കൗതുക കാഴ്ചകൾ സൃഷ്ടിച്ച് ഇൻസ്റ്റഗ്രാമിൽ നിറയ്യുന്നത്. അത് വഴി അവർ തന്നെ വരുമാനം ഉണ്ടാക്കുന്നുണ്ട്.പിണറായി വിജയനോട് കേരളവും തലമുറകളും കടപ്പാട് വെക്കണം.എത്ര ഒക്കെ വിയോജിപ്പുകൾ ഉണ്ടായാലും പകരം വെക്കാൻ കഴിയാത്ത നേതൃത്വമാണ് പിണറായി വിജയൻ. മാറ്റ് നോക്കി നോക്കാൻ പേരിന് പോലും വലത്പക്ഷത്ത് ആരുമില്ലാത്ത നേതാവ്.