പോലീസ് കേസുകളിൽ പിടിച്ചെടുക്കുന്ന തൊണ്ടിമുതലുകൾ കാണാതാവുന്നത് പുതിയ സംഭവമല്ല. കാണാതാവുകയും മാറ്റിവയ്ക്കുകയും ഓക്കെ ചെയ്യുന്നത് സർവ്വസാധാരണമാണ്. തൊണ്ടിമുതൽ കാണാതാവുന്നതിന് വിചിത്രമായ പല കാരണങ്ങളും പോലീസുകാർ നിരത്താറുണ്ട്. അത് ഇങ്ങ് കേരളത്തിൽ മാത്രമല്ല. ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാണ് എന്നതാണ് സത്യം. അത്തരത്തിലൊരു വിശദീകരണത്തിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ ന്യൂ ഒർലീൻസ് എന്ന ചെറുനഗരം. ന്യൂ ഒർലീനിലെ പോലീസ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് കാണാതാവുന്നതിന് എലിയെ പഴി ചാരുകയാണ് പോലീസ്.
പഴക്കം ചെന്ന കെട്ടിടത്തിൽ എലി ശല്യം രൂക്ഷമാണെന്നും തൊണ്ടിമുതലുകൾ എലികളും പാറ്റകളും കയറി നശിപ്പിക്കുകയാണെന്നുമാണ് പോലീസ് സൂപ്രണ്ട് വിശദമാക്കിയത്. കെട്ടിടം 1968ൽ നിർമ്മിച്ചതാണെന്നും കാലപ്പഴക്കം പൊലീസ് ആസ്ഥാനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതായുമാണ് പോലീസ് പറയുന്നത്. പ്രതികളിൽ നിന്ന് പിടികൂടിയ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ എലികൾ തിന്ന് മത്ത് പിടിച്ച് നടക്കുകയാണെന്നാണ് പോലീസിന്റെ വാദം. ഉദ്യോഗസ്ഥർക്ക് നൽകിയ മേശകളിൽ അടക്കം എലി കാഷ്ഠമാണ്. അത്രയും ഗതികെട്ട അവസ്ഥയിലാണ് ഇവിടുത്തെ പോലീസ്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നഗരസഭയുടെ സഹായം തേടിയാണ് പോലീസ് ഇപ്പോൾ ഈ സംഭവം പുറത്ത് അറിയിച്ചത്.
പോലീസ് ആസ്ഥാനത്ത് മാത്രമല്ല വിവിധ സ്റ്റേഷനുകളിലും സമാന സ്ഥിതിയാണ്. എന്നാൽ എലികൾക്ക് ലഹരി ബാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം പോലീസ് ആസ്ഥാനത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തേണ്ടത് ക്രമസമാധാന പാലനത്തിന് അത്യാവശ്യമാണെന്നും വിദഗ്ധർ പറയുന്നു. പൊലീസ് സ്റ്റേഷനായി താൽക്കാലിക ഇടമെങ്കിലും ഒരുക്കാനുള്ള ശ്രമത്തിലാണുള്ളതെന്നാണ് നഗരസഭയുടെ വിശദീകരണം.























