ഡല്‍ഹിലെ ജണ്ടെവാലയിൽ ഉദ്ഘാടനം ചെയ്‌ത കേശവ് കുഞ്ച് രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെ പുതിയ കാര്യാലയം വെറുമൊരു കെട്ടിടമല്ല. ദേശീയ രാഷ്ടീയത്തിലെ ആഴത്തിലെ സ്വാധീനത്തിൻ്റെ ശക്തികേന്ദ്രവും ആര്‍എസ്എസിൻ്റെ തലസ്ഥാനത്തെ വളര്‍ന്നുവരുന്ന സാന്നിധ്യത്തിൻ്റെ പ്രതീകവുമാണത്. നാലേക്കര്‍ സ്ഥലത്ത് മൂന്ന് വമ്പൻ കെട്ടിടങ്ങള്‍. ഓരോന്നിനും 12 നിലകളിലായി 300 മുറികള്‍. സംരക്ഷണത്തിന് കേന്ദ്രസേനയുണ്ട്.
ഗുജറാത്തില്‍ നിന്നുള്ള വസ്‌തു ശില്‍പ്പി
150 കോടി ചെലവിട്ടാണ് കാര്യാലയം പണി കഴിപ്പിച്ചിരിക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള വസ്‌തു ശില്‍പ്പിയാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. 75,000ല്‍ പരം സ്വയം സേവകരുടെയും ഭാരവാഹികളുടെയും സംഭാവനകൾ ഉപയോഗിച്ചാണ് നിര്‍മാണം. ആര്‍എസ്എസിനും അനുബന്ധ സംഘടനകൾക്കും സംയോജിതമായ നാഡീകേന്ദ്രമാകുന്ന വിശാലമായ ഈ സമുച്ചയത്തിൽ നിന്നാകും സംഘടനയുടെ ഭാവിയിലേക്കുള്ള പ്രത്യയ ശാസ്ത്രപരവും തന്ത്രപരവുമായ രൂപരേഖ വരയ്ക്കപ്പെടുക.
300 മുറികള്‍
മൂന്ന് കൂറ്റൻ കെട്ടിടങ്ങളുടെ സമുച്ചയമാണിത്. ഓരോന്നിനും 12 നിലകളുണ്ട്. ഭാരവാഹികള്‍ക്കും ജീവനക്കാര്‍ക്കുമായി 300 മുറികള്‍, പ്രത്യയശാസ്ത്ര സമ്മേളനങ്ങള്‍ നടത്തുന്നതിന് രണ്ട് വലിയ ഓഡിറ്റോറിയങ്ങള്‍, ചരിത്രം പറയുന്ന വിശാലമായ ലൈബ്രറി, നിർമിതിയുടെ മധ്യത്തിൽ പ്രഭാത ശാഖകൾക്കായി മനോഹരമായ രീതിയിൽ പരിപാലിച്ചിട്ടുള്ള വിശാലമായ പുൽത്തകിടികൾ എന്നിവയെല്ലാം ഈ സമുച്ചയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഉദാസിന്‍ ആശ്രമത്തിലെ പഴയ കെട്ടിടത്തില്‍ നിന്നും വിശാലമായ സമുച്ചയത്തിലേക്ക് കാര്യാലയം ഇനി മാറ്റപ്പെടും.
ആദ്യത്തെ പ്രാദേശിക ഓഫീസ് സ്ഥാപിതമായത്. 1962ല്‍ രണ്ടാമത്തെ നില നിര്‍മിച്ചു. ഏകദേശം അരനൂറ്റാണ്ടിന് ശേഷമാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. പുതിയ സമുച്ചയം നിര്‍മിക്കാന്‍ വീണ്ടും ഒമ്പത് വര്‍ഷത്തോളം സമയമെടുത്തു. ആര്‍എസ്എസുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെയും സംഘടനകളുടെയും ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ലൈബ്രറി
പുതിയ കാര്യാലയത്തിൻ്റെ ഹൃദയഭാഗത്തായി വിശാലമായ ഒരു ഗ്രന്ഥശാലയുണ്ട്. ഇസ്ലാമിക, ക്രൈസ്തവ പഠനങ്ങള്‍ മുതല്‍ ബുദ്ധ, സിഖ് തത്വചിന്തകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന പ്രത്യയ ശാസ്ത്ര കൃതികളും ഇവിടുത്തെ അലമാരകളിൽ നിറഞ്ഞിരിക്കുന്നു. ആര്‍എസ്എസിൻ്റെ സവിശേഷമായ ചിന്താഗതികളുടെ പ്രതീകമാണ് ഈ ഗ്രന്ഥശാല. ഇത് സമുച്ചയത്തിൻ്റെ ഏറ്റവും കൗതുകകരമായ പ്രത്യേകതയാണിത്.
രണ്ട് ഓഡിറ്റോറിയങ്ങള്‍
അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച രണ്ട് ഓഡിറ്റോറിയങ്ങളാണ് ഇവിടെയുള്ളത്. ഒന്നിൽ അഞ്ഞൂറിലേറെയും മറ്റൊന്നിൽ നൂറിലേറെയും ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇതിന് പുറമെ 600ലേറെ ആളുകള്‍ക്ക് ഒത്തു കൂടാന്‍ കഴിയുന്ന ഒരു ഹാളും ഇവിടെയുണ്ട്. ഒരേ സമയം നൂറിലേറെ പേർക്ക് ഇരുന്നു കഴിക്കാന്‍ കഴിയുന്ന ഭോജനശാലയും പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ ചെറിയൊരു ഹെല്‍ത്ത് സെന്ററും ക്ലിനിക്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.